Wednesday, March 1, 2023

Hermon Diary

 ഹെർമോണിലേക്കുള്ള വഴികൾ

.......................................................


ഇസ്രായേൽ എന്ന ഈ കൊച്ചുരാജ്യം വിസ്തീർണ്ണം കൊണ്ട് നമ്മുടെ കേരളത്തിന്റെ മൂന്നിൽ രണ്ടു ഭാഗമേ ഉണ്ടാവുകയുള്ളൂ.

എന്നാൽ ഇവിടുത്തെ കാലാവസ്ഥ സുന്ദരവും വൈവിദ്ധ്യം നിറഞ്ഞതുമാണ്. ഉഷ്ണവും മഴയും മഞ്ഞും അതാത് കാലങ്ങളിൽ ഈ കുഞ്ഞുരാജ്യത്തനുഭവിക്കാം.

അങ്ങ് വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഹെർമോൺ മലയിൽ -2° ൽ മഞ്ഞു വീഴുന്ന അതേ കാലത്ത് തെക്കെയറ്റത്തെ എലാത്തിൽ 24 ° ൽ അതിമനോഹരമായ ദിവസങ്ങളായിരിക്കും.

ഈയടുത്തൊരു ദിവസം ഇസ്രായേലിൽ പൊതുവെ എല്ലാ വർഷവും മഞ്ഞു വീഴുന്ന പ്രദേശമായ ഹെർമോൺ മലയെ ലക്ഷ്യമാക്കി ഞങ്ങളൊരു ദിവസത്തെ ഉല്ലാസയാത്ര പോയി.


ഇസ്രായേലിന്റെ കണ്ണുകൾ (The Eyes of the Nation) എന്നറിയപ്പെടുന്ന ഹെർമോൺ മലകൾക്ക്‌ ഇസ്രായേലിന്റെ സുരക്ഷയിലും യുദ്ധതന്ത്രങ്ങളിലും ഏറെ പ്രാധാന്യമുണ്ട്.


 ഉല്ലാസയാത്ര എന്നതിനപ്പുറം ഇത്രയും നാൾ പേര് മാത്രം കേട്ടു പരിചയമുള്ള  ഗോളാൻ മലനിരകളെയും, ആ ഭൂപ്രദേശത്തെയും, ഇസ്രായേൽ -സിറിയ ബോർഡർ പ്രദേശങ്ങളെയും കാണുക എന്ന ആഗ്രഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്.

1967 വരെ സിറിയയുടെ അധീനതയിലായിരുന്ന റാമാത് ഗോളാൻ, അതേ വർഷത്തെ ആറു ദിവസം നീണ്ടു നിന്ന ഇസ്രായേൽ സിറിയ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുക്കുകയായിരുന്നു. യുദ്ധതന്ത്രപരമായി വളരെ പ്രത്യേകതകളുള്ള ഈ മലനിരകളിൽ നിന്ന്  ഇസ്രായേലിലെ കാര്യങ്ങൾ അറിയുകയും ആക്രമിക്കുകയും ചെയ്യുക അന്നൊക്കെ എളുപ്പമായിരുന്നു. സിറിയയുടെ ഭാഗത്തു നിന്നും തുടരെത്തുടരെയുണ്ടായ പല ചെറിയ ആക്രമണങ്ങൾക്കും നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും ശേഷമാണ് ഇസ്രായേൽ ദിവസങ്ങൾ നീണ്ട യുദ്ധത്തിലൂടെ ഈ പ്രദേശത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും പിടിച്ചെടുത്തത്.

ബാസാൾട്ട് പാറക്കല്ലുകൾ (കൃഷ്ണശില )നിറഞ്ഞ ഈ പ്രദേശം കാലങ്ങളായി വോൾക്കാനോകളിലൂടെ കടന്നുപോന്ന ഇടങ്ങളാണ്.. ഏകദേശം 4,000 വർഷങ്ങൾക്ക് മുൻപാണ് അറിയപ്പെടുന്നതിൽ അവസാനമായി അഗ്നിപർവ്വതം ഇവിടെ ലാവ തുപ്പിയത്... ഇപ്പോഴും ഇത് വെസ്റ്റേൺ - അറേബ്യൻ പ്ലേറ്റിലെ ഏറ്റവും വലിയ വോൾക്കാനിക് പ്രദേശമാണ്.

ഇസ്രായേലിന്റെ വടക്കൻ പ്രദേശവും ലെബനോൻ ബോർഡറിലേക്ക് നാലു കിലോമീറ്റർ ദൂരവും മാത്രമുള്ള kibbutz ഗേഷർ ഹസിവിൽ നിന്നും രാവിലെ ആറു മണിക്കാണ് ഞങ്ങൾ യാത്ര തിരിച്ചത്.

മെറോൺ മലയും സ്ഫാത്തും കടന്ന് കാത്സ്‌റിന്റെ അരികിലൂടെ ഞങ്ങൾ ഗോളാന്റെ ഉയരങ്ങളിലേക്ക് പ്രവേശിച്ചു.. ഒരു വശത്തു ഉയർന്ന മലകളും മറുവശത്തു താഴ്‌വാരകളും....അവിടവിടെ മഞ്ഞു വീണു കിടക്കുന്നുണ്ട്....

 1967 ലെ യുദ്ധകാലത്തു സിറിയക്കാർ കുഴിച്ചിട്ട നശിപ്പിക്കാനാകാത്ത ഏകദേശം രണ്ടായിരത്തോളം ലാൻഡ് മൈനുകൾ ഇന്നും അവിടെയുണ്ട്.. കമ്പിവേലി കെട്ടി മഞ്ഞ ബോർഡിൽ കറുപ്പും ചുവപ്പുമായി അക്ഷരങ്ങളിൽ Danger Mine എന്നെഴുതിയ ബോർഡുകൾ വളരെ അധികം ദൂരത്തോളം കാണാം.

Volcanic പാർക്ക്‌ എന്നറിയപ്പെടുന്ന സ്ഥലത്തു വണ്ടി നിറുത്തിയപ്പോൾ ദൂരെ സിറിയൻ ഗ്രാമങ്ങളും ബോർഡറും കണ്ടു. സിറിയക്കാരിൽ നിന്ന് ഇസ്രായേലികൾ പിടിച്ചെടുത്ത പീരങ്കികൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. വോൾക്കാനോ ഫലമായുണ്ടായ കൃഷ്ണശിലകൾ അവിടെല്ലാം ഉണ്ട്. ഇവിടെ നിന്നുകൊണ്ട് ഇടതു വശത്തേക്ക് നോക്കിയാൽ സിറിയൻ ഗ്രാമമായ അൽ- ക്വനൈത്ര (Al- Qunaitra)യും വലതുവശത്തേക്ക് നോക്കിയാൽ അൽ -ക്വത്തയ്നാ (Qahtainah)യും വ്യക്തമായി കാണാം.

വോൾക്കാനോ പാർക്കിനടുത്ത് ഞങ്ങളെ ഈ ട്രിപ്പ് കൊണ്ടുപോകുന്ന ഇസ്രായേലി സുഹൃത്ത് യോഅവിന്റെ ഒരു druze സുഹൃത്തിന്റെ fruits ഫാം ഉണ്ട്.. ആപ്പിൾ, ചെറി, berries എല്ലാം അവിടെ സീസണിൽ ഉണ്ടാവും.. ഞങ്ങൾ ചെല്ലുമ്പോൾ മുഴുവൻ ഇലകളും കൊഴിഞ്ഞ ആപ്പിൾ മരങ്ങളിൽ കുറെ ആപ്പിളുകൾ ഉണ്ടായിരുന്നുവെങ്കിലും മഞ്ഞും  മഴയും കാരണം അവ ഭക്ഷ്യയോഗ്യമായിരുന്നില്ല. ആ ഫാമിൽ ഇരുന്നു ഞങ്ങൾ ഇടിയപ്പവും ചിക്കൻ സ്റ്റ്യുവും ചൂടു ചായയും കഴിച്ചു.


ഞങ്ങൾ എന്ന് വെച്ചാൽ ഞങ്ങളുടെ സുഹൃത്തും ഗൈഡും ഡ്രൈവറും വണ്ടി ഓണറുമെല്ലാമായ ഇസ്രായേൽക്കാരൻ യോഅവ്, അദ്ദേഹത്തിന്റെ ഭാര്യ ഫിലിപ്പീൻസുകാരി എമിലി, ഡ്റൂസ്* മതവിശ്വാസിയായ യോഅവിന്റെ സുഹൃത്ത് പിന്നെ ഞങ്ങൾ മൂന്നു മലയാളികൾ.. ലോകവും അതിലേ മനുഷ്യരും മതങ്ങൾക്കും ദേശങ്ങൾക്കും ഭാഷകൾക്കും രുചികൾക്കും അപ്പുറം ഒന്നാണെന്ന ഒരു മനോഹരബോധം ആ ഇരിപ്പിലും സംസാരത്തിലും എന്നിൽ തുടിച്ചുകൊണ്ടിരുന്നു.


പ്രാതലിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു.. Majdal shams എന്ന druze വില്ലേജിന്റെ അതിരിൽ നിന്നുകൊണ്ട് ഞങ്ങൾ  മഞ്ഞിൽ മുങ്ങി മനോഹരിയായ ഹെർമോൺ മലയെയും അതിനോട് ചേർന്നു നിൽക്കുന്ന വേറെയും കുന്നുകളെയും അകലെ നിന്ന് കണ്ടാസ്വദിച്ചു. അതിലൊന്നാണ് പ്രസിദ്ധമായ "Shouting Hill" എന്ന് യോഅവ് ഞങ്ങളോട് പറഞ്ഞു, തുടർന്ന് ആ കഥയും.


 1967 ലെ വലിയ യുദ്ധത്തിന് ശേഷം ഇസ്രായേൽ ഗോളാൻ heights പിടിച്ചെടുത്തതോടെ ആ പ്രദേശത്തോടൊപ്പം അവിടെ ജീവിച്ചിരുന്ന druze കുടുംബങ്ങളും വിഭജിക്കപ്പെട്ടു.. അവരിൽ പകുതി പേര് സിറിയയിലും ബാക്കി ഇസ്രായേലിലുമായി. അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകാനോ ബന്ധപ്പെടുവാനോ മാർഗമില്ലാതിരുന്ന ആ കാലത്ത് ഈ shouting ഹിൽ ആയിരുന്നു അവരുടെ ആശ്രയം.. അവിടെ ചെന്നു നിന്നുകൊണ്ട് അവർ പരസ്പരം ഉറക്കെ അലറുന്ന ഒച്ചയിൽ അത്യാവശ്യകാര്യങ്ങൾ സംസാരിച്ചു... അങ്ങനെ ആ കുന്നിനു ഷൗട്ടിങ് ഹിൽ എന്ന് പേരുണ്ടായി.. ഇന്നാണെങ്കിൽ മൊബൈൽ ഫോണുകൾ ആ കടമ നിർവഹിക്കുമായിരുന്നു എന്ന് നിങ്ങളെപ്പോലെ ഞാനും ചിന്തിച്ചു.


ഇരുവശവും മഞ്ഞു മൂടിയ വഴിയിലൂടെ ഞങ്ങൾ ഹെർമോൺ മല കയറുവാൻ തുടങ്ങി... കഥകളിലും കാർട്ടൂണുകളിലും കാണുന്ന പോലെയുള്ള ദൃശ്യങ്ങൾ ആയിരുന്നു അവ... മഞ്ഞു മൂടിയ പാറകൾ, വഴികൾ, ഇലകൾ കൊഴിച്ചു നിൽക്കുന്ന ചെറുമരങ്ങൾ.. എങ്ങും വെളുപ്പ്... ധവളിമ.....അങ്ങ് മുകളിൽ എത്തിയപ്പോൾ നീലാകാശവും വെളുത്ത മേഘങ്ങളും എല്ലാം കൂടിച്ചേർന്ന ഒരു മായാപ്രപഞ്ചം.....ചുവന്ന തൊപ്പിയും പച്ച സ്കാർഫും കാരറ്റ് മൂക്കുമുള്ള 

Moni Hermoni അവിടെ ഞങ്ങളെ എതിരേറ്റു

☃️

റോപ്പ് കാർ, sledge, self driving alpine coaster, sky rider, സ്കീയിങ് എന്നിങ്ങനെ ഹെർമോൺ തിരക്കിലായിരുന്നു. അതിനിടയിൽ മഞ്ഞു വാരി എറിയുന്ന കുട്ടികളും മുതിർന്നവരും...മഞ്ഞു കൊണ്ട് പലവിധ രൂപങ്ങൾ മെനയുന്നവരും... അങ്ങിനെയങ്ങനെ... ഉത്സവം...

'മഞ്ഞിന്റെ ഉത്സവം'

തിരിച്ചിറങ്ങുമ്പോൾ മണിക്കൂറുകൾ ഏതാനും അവിടെ ചിലവിട്ടു കഴിഞ്ഞിരുന്നു...


കിരിയാത് ഷ്‌മോണ വഴി തിരികെ പോരുമ്പോൾ ജോർദാൻ നദി കണ്ടു. ഹെർമോണിൽ നിന്നുത്ഭവിക്കുന്ന പല ചെറിയ അരുവികൾ ഒഴുകി ഒന്നിച്ചു ചേർന്ന് ജോർദാൻ നദിയായി രൂപാന്തരപ്പെടുന്നു... ഈ നദി ഇസ്രായേലിന്റെയും ജോർദാൻ രാജ്യത്തിന്റെയും അതിരുകളിലൂടെ ഒഴുകി Sea of Galilee എന്ന കിന്നരത്തു തടാകത്തിലും അവിടെ പിന്നെയും തെക്കോട്ടോഴുകി ചാവുകടലിലും ചെന്നു ചേരുന്നു. ഈ അരുവികൾ ജോർദാൻ നദിയായി രൂപാന്തരപ്പെടുന്ന ഇടത്തു പോകാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി....അവിടെയിരുന്നു കൊണ്ട് ഉച്ചഭക്ഷണം എന്ന പേരിൽ കയ്യിൽ കരുതിയിരുന്ന പഫ്സും കട്ടൻകാപ്പിയും കഴിച്ചു. തണുത്ത കാറ്റും ചൂടു കാപ്പിയും....


യാത്ര തുടർന്നു കുറച്ചു കൂടി കഴിഞ്ഞപ്പോൾ നഹാൽ സാർ എന്ന മനോഹരിയായ നദിയെയും അതിലേ കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളും കണ്ടു. കൃഷ്ണശിലാപ്രദേശമായ ഗോളാനെയും ചുണ്ണാമ്പുകല്ല് പ്രദേശമായ ഹെർമോണെയും വിഭജിക്കുന്നത് ഈ സാർ നദിയാണ്.


അവിടവും കടന്നു ബിരിയ എന്ന സുന്ദരമായ കാട്ടിലൂടെ കടന്നുപോരുമ്പോൾ നിറയെ പൂത്തു നിൽക്കുന്ന കലാനിത് ചെടികളും ചുവന്ന പൂക്കളും... ഇസ്രായേലിന്റെ ദേശീയപുഷ്പമാണ് കലാനിത് എന്ന പോപ്പി അനാമനി.


യുദ്ധങ്ങളുടെയും പലായനങ്ങളുടെയും വേദനകളുടെയും നേടിയെടുക്കലുകളുടെയും ചരിത്രമുറങ്ങിക്കിടക്കുന്ന ആ സ്ഥലങ്ങളിൽ ഞങ്ങൾക്കത് മഞ്ഞിന്റെയും  നദികളുടെയും പൂക്കളുടെയും ദിവസമായിരുന്നു.

ഏകദേശം വൈകുന്നേരം ആറു മണിയോടെ തിരികെ എത്തുമ്പോൾ കടന്നുപോയ ഒരു നീണ്ട പകലിന്റെ ക്ഷീണം തോന്നിയില്ല... പകരം നിറഞ്ഞ വെളിച്ചവും പ്രസരിപ്പും മാത്രം.


 *(Druze എന്നത് ഒരു മതമാണ് )



Saturday, March 23, 2019

രണ്ടു വൃദ്ധന്മാർ..
.....................................
രണ്ടു വൃദ്ധന്മാർ ആദ്യമായി കണ്ടുമുട്ടിയത് ക്ലിനിക്കിൽ വെച്ചാണ്. ആദ്യം വന്ന വൃദ്ധന് നരച്ചതെങ്കിലും കറുത്ത കോട്ടുണ്ടായിരുന്നു. വെളുത്ത ഷർട്ടും അയഞ്ഞ കറുത്ത പാന്റും പോളിഷ് ചെയ്തു മിനുക്കിയ ഷൂസും തലയിൽ നീലയും വെള്ളയും ഡിസൈനുള്ള കുഞ്ഞു വട്ടത്തൊപ്പിയും ഇത്തിരിയെ ഉള്ളുവെങ്കിലും വെളുത്ത മേഘത്തുണ്ടു പോലത്തെ താടിമീശയും വെള്ളാരംകണ്ണുകളും എല്ലാം കൂടി ആദ്യത്തെ വൃദ്ധൻ ഒരു സുന്ദരനായിരുന്നു.
അരികിൽ ഒരു ഊന്നുവടിയും ചാരി വെച്ച് കസേരയിൽ നിവർന്നിരിക്കുന്ന ആദ്യത്തെ വൃദ്ധനെ ആകമാനം ഒന്ന് നോക്കിക്കൊണ്ട് പഴയൊരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുകിട്ടിയ പോലെ "ശാലോം "എന്നുറക്കെ ആഹ്‌ളാദത്തോടെ പറഞ്ഞുകൊണ്ട് രണ്ടാമത്തെ വൃദ്ധൻ പ്രവേശിച്ചു.
രണ്ടാമത്തെ വൃദ്ധനു പൊക്കം കുറവായിരുന്നു, അയാളുടെ ചെരുപ്പുകൾ തണുപ്പുകാലത്തു പയോഗിക്കുന്ന മുൻവശം മൂടിയതും പിറകുവശം തുറന്നതുമായ വിലകുറഞ്ഞയിനം റബ്ബർ കൊണ്ടുള്ളവയായിരുന്നു. അവക്കിടയിലൂടെ നൂലുകൾ പൊന്തി നിൽക്കുന്ന സോക്‌സുകൾ കാണാമായിരുന്നു. വല്ലാതെ വലുപ്പം കൂടിയ വെളുത്ത ഷർട്ടിനെ മുക്കാൽക്കാലുറയുടെ ഉള്ളിലേക്ക് തിരുകിക്കയറ്റിവെച്ചിട്ടുണ്ട്. രണ്ടാമത്തെ വൃദ്ധന്റെ തലയിലും ചെറിയ കറുത്ത വട്ടത്തൊപ്പിയുണ്ട്.
മൂക്കിന് മുകളിൽ ഇരിക്കുന്ന കണ്ണടക്കുള്ളിലൂടെ എതിർവശത്തിരിക്കുന്ന പെൺകുട്ടിയെ നോക്കി വലിയൊരു ചിരി ചിരിച്ചുകൊണ്ട് അയാൾ ആദ്യത്തെ വൃദ്ധന്റെ അരികിലിരുന്നു. പെൺകുട്ടിയാവട്ടെ കുത്തിക്കൊണ്ടിരുന്ന ഫോൺ മാറ്റിവെച്ച് അവരുടെ സംസാരം ശ്രദ്ധിക്കാനും രണ്ടുപേരെയും താരതമ്യം ചെയ്യാനും തുടങ്ങി. രണ്ടു പേർക്കും എൺപതിനും തൊണ്ണൂറിനും ഇടയിൽ പ്രായമുണ്ട്. രണ്ടു പേരുടെയും കൂടെ ആരും വന്നിട്ടില്ല.രണ്ടു പേരും ചിരപരിചിതരെ പോലെയാണ് സംസാരിക്കുന്നതെങ്കിലും അവർ ആദ്യമായാണ് കാണുന്നത്. ഇതിലെല്ലാമുപരി രണ്ടുപേരും അതീവ സന്തോഷവാന്മാരാണ്.
ആദ്യത്തെ വൃദ്ധന് ചെവി ശരിക്ക് കേൾക്കുന്നില്ല.അത്കൊണ്ട് രണ്ടുപേരും ഉറക്കെയാണ് സംസാരിക്കുന്നത്. ഒരാൾ പണ്ടത്തെ ചെക്കോസ്ലോവാക്കിയയിൽ നിന്നും മറ്റെയാൾ ഇറാക്കിൽ നിന്നുമാണ് കാലങ്ങൾക്ക് മുൻപ് ഇവിടെ എത്തിപ്പെട്ടത്. യുദ്ധങ്ങളും പ്രിയപ്പെട്ടവരുടേതടക്കം മരണങ്ങളും അവരുടെ കണ്ണുകൾക്ക് മുന്നിലൂടെ കടന്നു പോയിരുന്നു. വേദനകളുടെ എല്ലാ വശങ്ങളും അറിഞ്ഞു കഴിഞ്ഞവരാണ് അവർ.
ആദ്യത്തെ വൃദ്ധനെ കേൾവിപരിശോധനാമുറിയിലേക്കു വിളിച്ചപ്പോൾ അയാളും രണ്ടാമത്തെ വൃദ്ധനെ മൂന്നാം നമ്പർ മുറിയിലേക്ക് വിളിച്ചപ്പോൾ അയാളും എഴുന്നേറ്റു പോയെങ്കിലും ആദ്യം പരിശോധന കഴിഞ്ഞ രണ്ടാമൻ ഒന്നാമനെ കാത്തിരിക്കുകയും കുറച്ചു സമയം എടുത്തിട്ടാണെങ്കിലും രണ്ടാമൻ ഇറങ്ങി വരികയും തോളിൽ കയ്യിട്ടു രണ്ടുപേരും പുറത്തേക്ക് നടക്കുകയും ചെയ്യുന്നത് നോക്കി കണ്ണുകളിൽ അസൂയയും കണ്ണീർത്തുള്ളികളുമായിരിക്കുന്ന പെൺകുട്ടിയെ രണ്ടുപേരും ഒരുമിച്ചു തിരിഞ്ഞുനോക്കി.
അവൾക്ക് ശാലോം എന്ന സമാധാനം ആശംസിച്ചു നിറയെ ചിരിച്ചു കൊണ്ട് അവർ പോകുമ്പോൾ അവരുടെ കാലുകൾ തറയിൽ മുട്ടുന്നില്ലെന്നും അവർ ഭൂമിക്കു മേലെ പറക്കുകയാണെന്നും അവൾക്ക് തോന്നി.
നിങ്ങൾ ആശംസിച്ച "സമാധാനം" നിങ്ങൾക്ക് തിരിച്ചാശംസിക്കാൻ എൻ്റെ കയ്യിൽ ആവശ്യത്തിന് സ്റ്റോക്കില്ലല്ലോ എന്ന് അവൾ സ്വയം വേവലാതിപ്പെട്ടു. പിന്നെ അവർ നിറഞ്ഞ മനസ്സോടെ ആശംസിച്ച "സമാധാനം" അവരുടെ പ്രായം വരെ ഈ ഭൂമിയിൽ ജീവിച്ചിരുന്നാൽ അത്രത്തോളം ഉപയോഗിക്കാനായി അരിഷ്ടിച്ചുപയോഗിക്കാൻ തീരുമാനവുമെടുത്തു കൊണ്ട് പുതിയതായി അവിടേക്ക് കടന്നുവന്ന ചുവന്ന വലിയ വട്ടപ്പുള്ളികൾ നിറഞ്ഞ കൈകളുള്ള വൃദ്ധയെ നോക്കി അവൾ വെറുതെ ചിരിച്ചു കാണിച്ചു.

Tuesday, March 5, 2019


നിങ്ങൾ ബങ്കറിൽ ഒരു ദിവസം കഴിഞ്ഞിട്ടുണ്ടോ ? അല്ലെങ്കിൽ ഒരു സെക്യൂരിറ്റി ഷെൽറ്ററിനുൾ വശം ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ?
ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളൊരിക്കലും യുദ്ധം വേണം എന്ന് മുറവിളി കൂട്ടുന്നവനായിരിക്കില്ല.
നിങ്ങളുടെ വീട്ടിലെ സ്റ്റോർ റൂമിന്റെ വലിപ്പം കഷ്ടി ഉണ്ടായേക്കാവുന്ന സെക്യൂരിറ്റി ഷെൽട്ടർ മറ്റൊരു ലോകമാണ്.അതിനുള്ളിൽ നിർബന്ധിതമായി കഴിയേണ്ടി വരുന്ന ഓരോ മിനിറ്റും ജീവിതത്തെ നിങ്ങൾ അതിയായി മോഹിക്കും. ഭൂമിനിരപ്പിനടിയിൽ ജനലുകളില്ലാത്ത, പകൽവെളിച്ചം എന്നത് കണ്ടിട്ട് പോലുമില്ലാത്ത ആ മനുഷ്യനിർമ്മിതഗുഹയിൽ അതിൽ കൊള്ളാവുന്ന പരമാവധി മനുഷ്യരുടെ ഇടയിൽ കാലിന്റെ പൊസിഷൻ ഇടക്കൊന്നു മാറ്റാൻ പോലുമാകാത്ത രീതിയിൽ മരവിച്ചിരിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ ഇപ്പോൾ യഥേഷ്ടം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഉണ്ടായെന്നു വരില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അശ്വതി അച്ചുവും അഖിൽ അഖിലും ഇടുന്ന ഫേസ്ബുക് പോസ്റ്റുകളും കേശവൻ മാമന്റെ വാട്സപ്പ് ടിപ്പുകളും അടുത്ത മിനിറ്റിൽ കാണാൻ പാകത്തിൽ ഇന്റെർനെറ്റും ഉണ്ടാവില്ല. ഭൂമിക്ക് മുകളിൽ വാതു വെച്ചോടിക്കൊണ്ടിരുന്ന സമയം ഒച്ചിനെപ്പോലെ വല്ലപ്പോഴും മാത്രം അനങ്ങുന്നത് അവിടെ നിങ്ങൾ അനുഭവിച്ചറിയും.
അതിലെ ഫ്രിഡ്ജിൽ മുൻപെപ്പോഴോ നിറച്ചു വെച്ച തണുത്തു മരവിച്ച ടിൻ ഫുഡ്സ് ഉണ്ടാവും.അതായിരിക്കും നിങ്ങളുടെ ഭക്ഷണം.അതിൽ നിന്നൊരു കഷ്ണം ബ്രെഡ് വായിൽ വെക്കുമ്പോൾ നിങ്ങൾ ആവി പറക്കുന്ന ചോറിനും ഇളം ചൂടുള്ള ജീരകവെള്ളത്തിനും ആഗ്രഹിക്കും.
ഒരുപാടു പേർ മാറി മാറി ഉപയോഗിക്കുന്ന അതിലെ കുഞ്ഞു ടോയ്‌ലെറ്റിനുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങൾ വേണ്ടും വിധം നിർവഹിക്കാൻ ആയെന്നു വരില്ല.റേഷനായി മാത്രം ഉപയോഗിക്കാൻ ലഭിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങൾക്കിപ്പോൾ ചിന്തിക്കാൻ പോലുമാവുന്നുണ്ടോ ?
മൂക്കിലൂടെയും വായിലൂടെയും നിറയെ വലിച്ചെടുക്കാൻ വേണ്ടത്ര ശുദ്ധവായുവിനു പോലും നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുമ്പോൾ തലക്ക് മുകളിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും തുടർന്ന് കൊണ്ടിരിക്കും.
ഇത്തിരി മണ്ണിനും അധികാരത്തിനും വേണ്ടി ജീവനെടുക്കുന്നവരെ നിങ്ങളപ്പോൾ വെറുക്കും.നിങ്ങളുടെ രാജ്യത്തിൻറെ ഭരണാധികാരിയെയും അയൽ രാജ്യത്തിൻറെ ഭരണാധികാരിയെയും നിങ്ങൾ ശപിക്കും.
അപ്പോൾ, അപ്പോൾ മാത്രം സമാധാനം നിറഞ്ഞ ഒരു ലോകത്തെ നിങ്ങൾ സ്വപ്നം കാണും. അതിർത്തിക്കപ്പുറത്തും ഇതേ ഭീതിയിൽ കഴിയുന്ന മനുഷ്യജീവനുകൾ ഉണ്ടെന്ന് ബോധോദയം ഉണ്ടാകും.
കൊല്ലണം കൊല്ലണം എന്ന ഇരമ്പലിനേക്കാൾ ജീവിക്കണം ജീവിക്കണം എന്നൊരു മന്ത്രം മാത്രം കാതുകളിൽ കേൾക്കും.
NB :- ഇപ്പറഞ്ഞ രീതിയിൽ ബങ്കറുകളോ സെക്യൂരിറ്റി റൂമുകളോ ഓരോ വീട്ടിലോ അല്ലെങ്കിൽ ഓരോ തെരുവിലുമോ അതുമല്ലെങ്കിൽ ഒരു പഞ്ചായത്തിൽ ഒരെണ്ണം എങ്കിലുമോ ഇല്ലാത്ത നമ്മൾ ഇന്ത്യക്കാർ യുദ്ധം വേണം എന്ന് അലറി വിളിക്കുന്നതിനേക്കാൾ അശ്ലീലം വേറെയുണ്ടോ ?



http://www.metrovaartha.com/news/24025/daisy-anto-facebook-post-about-war?fbclid=IwAR2Pa3UyIb3NKTkVqmYqFS-xmNPAz00I23rADMn6Ie2vev2OeN4RxQL6i1Q





















Thursday, January 17, 2019

ഒരേ ദിശയിൽ സഞ്ചരിക്കുന്ന ഒരുവൻ
..........................................................................
ചുമരിലെവിടെയോ ഇരുന്നു മിടിക്കുന്ന ക്ലോക്കിന്‍റെ സെക്കന്റ്‌ സൂചിയുടെ മിടിപ്പും ചീവിടിന്‍റെ പാട്ടും അല്ലാതെ എന്‍റെ ചെവിയില്‍ ഇപ്പോള്‍ വേറെ ശബ്ദങ്ങളില്ല. എന്നാല്‍
എന്‍റെയുള്ളില്‍ കുറെ വാക്കുകള്‍ ചുറ്റിത്തിരിയുന്നുണ്ട്. അവയെ ഇപ്പോള്‍ പകര്‍ത്തിയില്ല എങ്കില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകും എന്നറിയാം.
പക്ഷേ മടിച്ചിയായ ഞാന്‍ എഴുന്നേല്‍ക്കുകയില്ല. കട്ടിലിനരികിലെ മേശയില്‍ കൊണ്ടുവെക്കണം എന്നെപ്പോഴും കരുതുന്ന പേനയും കടലാസും അലമാരക്കുള്ളില്‍ ഇരുന്ന് പല്ലിളിക്കുന്നുണ്ടാവും.
എനിക്കെഴുതേണ്ടത് ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ഒരുവനെ കുറിച്ചാണ്. നിങ്ങളോട് ഞാനവനെ കുറിച്ച് പറഞ്ഞാല്‍ നിങ്ങളില്‍ ആരെങ്കിലും അതൊന്നു പകര്‍ത്തി കടലാസ്സിലാക്കാമോ.
വെയിറ്റ് വെയിറ്റ്.....ധൃതി പിടിക്കരുത്.
അതങ്ങനെ എളുപ്പം പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല.
എന്‍റെ വീടിന്‍റെ വലതുവശത്തെ വീടിന്‍റെ മുകള്‍ഭാഗം ഒരു സൈക്കോളജിസ്റ്റ് തന്‍റെ ക്ലിനിക്‌ നടത്താന്‍ വേണ്ടി വാടകക്ക് എടുത്തിട്ട് മാസങ്ങളായി. വലത് എങ്ങനെ കണക്കാക്കും എന്നോ നോക്കു, നിങ്ങള്‍ക്ക് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് നടന്നു മാത്രമേ എന്‍റെ വീട്ടിലേക്ക് വരാനാവൂ. അപ്പോള്‍ എന്‍റെ വീട് കഴിഞ്ഞു വരുന്ന വീട് വലതുവശത്തെ വീടായി വരും. മനസ്സിലായോ. ഇല്ല അല്ലേ... ഇടതുവശത്ത് നിന്ന് നിങ്ങള്‍ക്ക് എന്‍റെ വീട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. രണ്ട് വീടിനപ്പുറം അടച്ചുകെട്ടപ്പെട്ട കൃഷിയിടങ്ങളാണ്, എന്ന് വെച്ചാല്‍ റോഡ്‌ അവിടെ അവസാനിക്കും.
ഈ സൈക്കോളജിസ്റ്റ് അവിടെ വന്നു ക്ലിനിക്‌ തുടങ്ങിയതിന്‍റെ പിറ്റേന്ന് മുതല്‍ അപരിചിരായ പലരും ഈ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. എനിക്ക് പ്രത്യേകിച്ച് വലിയ പണിയൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ എന്‍റെ അടുക്കള ജാലകത്തിലൂടെ അവരെ നിരീക്ഷിക്കുവാനും തുടങ്ങി.
ഒരു കാര്യം പറയാം , എന്‍റെ അടുക്കള എന്‍റെ വീടിന്‍റെ മുന്‍ഭാഗത്താണ്. അതങ്ങിനെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ഒന്നോ രണ്ടോ ആഴ്ച മിണ്ടാവ്രതം അനുഷ്ടിക്കുകയും കൂടി ചെയ്യണമെന്നു പണ്ട് ഞാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതൊന്നും വേണ്ടി വന്നില്ല, ഈ നാട്ടില്‍ അടുക്കളകള്‍ പൊതുവേ വീടിന്‍റെ മുന്‍ഭാഗത്ത്‌ തന്നെയായിരുന്നു എന്നത്കൊണ്ട് എന്‍റെ അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക് എന്ന ഫെമിനിസ്റ്റ് ചിന്താഗതിയെ ഞാനായിട്ട് അധികം പരിപോഷിപ്പിക്കെണ്ടി വന്നില്ല.
അങ്ങനെ അടുക്കളജാലകത്തിലൂടെ നോക്കുമ്പോള്‍ തലമുടി പിരുപിരുന്നനെ ചുരുണ്ട ഒരു സ്ത്രീ, ഒരു നാല്‍പ്പത് നാല്‍പത്തഞ്ചു വയസ്സ് പ്രായം തോന്നും എന്നും രാവിലെ പത്തു മണിക്ക് പോകുന്നത് കാണും. കൃത്യം പതിനൊന്നര കഴിഞ്ഞ് ഒരു മിനിറ്റിനു തിരിച്ചു പോകുന്നതും കാണാം.
മൂന്നോ നാലോ ആഴ്ചക്കിപ്പുറം ഇപ്പോള്‍ ഞാനവരെ കാണുമ്പോള്‍ ഉള്ള ഏകവ്യത്യാസം അവരുടെ പിരുപിരു മുടി കുറേശ്ശെ നിവരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് മാത്രമാണ്. ബാക്കിയെല്ലാം അങ്ങനെ തന്നെ..വലത്തോട്ട് ചെരിഞ്ഞ്, പകുതി കണ്ണുകള്‍ അടച്ച്, വലത്തേ കൈ ബാഗില്‍ മുറുകെ പിടിച്ച്, ഇടതുകൈ നേര്‍രേഖയില്‍ തൂക്കിയിട്ട്, അവര്‍ എന്നും വരും പോകും.
പത്തുപന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടി എന്തോ പിറുപിറുത്തുകൊണ്ട് മൂന്നുമണിക്ക് അങ്ങോട്ട്‌ പോകുന്നത് കാണും. അവനെ കാറില്‍ നിന്നിറക്കി ക്ലിനിക്കിലേക്ക് വിടുന്നത് ആരെന്നു കാണാറില്ല, പക്ഷേ ഒരിക്കല്‍ എന്‍റെ ജാലകപ്പഴുതിലൂടെ കാണാവുന്ന ദൂരത്തില്‍ നിന്നുകൊണ്ട് പുറകിലേക്ക് നോക്കി "ഫക്ക് "എന്നുറക്കെ അവന്‍ പറഞ്ഞതും അതിന് അനുയോജ്യമായ വിരല്‍ ഉയര്‍ത്തിക്കാണിച്ചതും ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്തു. നാലു മണിയോട് കൂടി അവനും തല കീഴ്പ്പോട്ടാക്കി ചുണ്ടുകള്‍ അനക്കുക പോലും ചെയ്യാതെ തിരികെ പോകും.
ഇനിയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച ആള്‍ വരുന്നത്. ആഴചയില്‍ എല്ലാ ദിവസവും അദ്ദേഹം വരുന്നില്ലെന്ന് ഞാന്‍ കണ്ടുപിടിച്ചു. വെള്ളിയാഴ്ചകളിൽ മാത്രമാണ് അഞ്ചു മണിക്ക്ശേഷം അയാള്‍ ഈ വഴി കടന്നുപോകുന്നത്. ആറുമണിക്ക് ക്ലിനിക്‌ അടച്ച് ആ സൈക്കോളജിസ്റ്റ് സ്ത്രീ തിരികെ പോകുന്നത് ഞാന്‍ കാണും.
പക്ഷേ അങ്ങോട്ട്‌ പോയ മനുഷ്യന്‍ തിരികെ പോവുന്നില്ല എന്നത് പതിയെ പതിയെ ഞാന്‍ ഉറപ്പിക്കാന്‍ തുടങ്ങി.
ഇന്നലെ ആ മനുഷ്യന്‍ ക്ലിനിക്കിലേക്ക് പോയപ്പോള്‍ അയാള്‍ തിരികെ എങ്ങോട്ട് പോകുന്നു എന്നറിയാന്‍ തന്നെ തീരുമാനിച്ചു. ഇടവഴിയുടെ എതിര്‍വശം കുറച്ചു പൊക്കത്തിലുള്ള അടുത്ത റോ വീടുകളുടെ അതിര് തിരിച്ചിരിക്കുന്ന കല്‍ക്കെട്ടുകള്‍ ഉണ്ട്. അവയിലൊന്നില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. വേനലിന്‍റെ മഞ്ഞപുഷ്പങ്ങള്‍ ഉതിര്‍ത്തുകൊണ്ടൊരു വലിയ മരം എന്‍റെ പിറകിലായി എന്നേക്കാള്‍ ജാഗ്രതയോടെ നിലകൊണ്ടു. അതിന്‍റെ ഉയര്‍ന്ന ചില്ലയിലൊരു മരംകൊത്തി അന്യന്‍റെ കാര്യമന്വേഷിക്കാനുള്ള എന്‍റെ മലയാളിത്വരയെ കൊത്തിയോടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
വാച്ചില്‍ ഇടയ്ക്കിടെ അക്ഷമയായി സമയം നോക്കിക്കൊണ്ടിരുന്നു. ആറരക്ക് എനിക്ക് പ്രിയപ്പെട്ട കുക്കിംഗ്‌ പ്രോഗ്രാം കാണണം. ഏഴേകാലിന് മാര്‍ട്ടിന്‍ എവിടെ എത്തിയെന്ന് വിളിച്ചു ചോദിക്കണം. അതിനനുസരിച്ച് അത്താഴം തയ്യാറാക്കണം. ബെറ്റി എന്ന എന്‍റെ പ്രിയപ്പെട്ട പൂച്ചക്ക് ആഹാരം കൊടുക്കണം...പിടിപ്പത് പണിയുണ്ട്.
അപ്പോള്‍ ഇതാ സൈക്കോളജിസ്റ്റ് കോവണിയിറങ്ങി നിരത്തിലേക്ക് വന്നു പൊക്കത്തിരിക്കുന്ന എന്നെ കണ്ടു ചെറുചിരിയോടെ ഹായ് പറഞ്ഞു. എന്നെ കടന്നു പോയി. അവര്‍ അവിടെ വന്നിട്ട് കുറച്ചു നാളായി എങ്കിലും ഇത്രയടുത്ത് ഞാനവരെ കണ്ടിട്ടില്ല. ജാലകത്തിലൂടെയുള്ള കാഴ്ച്ചയില്‍ ഏകദേശരൂപം കിട്ടിയിട്ടുണ്ട് എന്നല്ലാതെ അവരുടെ മുഖത്തിന്‍റെ ഫീച്ചേഴ്സ് ക്ലീയര്‍ ആയിരുന്നില്ല. മനോഹരമായ നീലക്കണ്ണുകള്‍, സില്‍ക്ക്നൂലുകള്‍ പോലെ പാറുന്ന സ്വര്‍ണ്ണനിറമുള്ള തലമുടി , ഏകദേശം അറുപതു വയസ്സെങ്കിലും പ്രായം കാണും എന്ന് അവരുടെ ശരീരം കൊണ്ട് മനസ്സിലാക്കിയതല്ല, മറിച്ച് ഇന്നാട്ടിലെ സ്ത്രീകള്‍ എഴുപതു വയസ്സായാലും നാട്ടിലെ മുപ്പതുകാരികളെക്കാള്‍ സൗന്ദര്യവും ചുറുചുറുക്കും ഉള്ളവരായിരിക്കും എന്ന അനുഭവം കൊണ്ട് മനസ്സിലായതാണ്. അവരുടെ പേരെനിക്ക് അറിയില്ല. പക്ഷേ അവര്‍ ഉപയോഗിച്ചിരിക്കുന്ന പെര്‍ഫ്യുമിന്‍റെ പേര് വെര്‍സാച്ചേ യെലോ ഡയമണ്ട് ആണെന്ന് ആ സുഗന്ധം കൊണ്ടെനിക്ക് മനസ്സിലായി. പെട്ടെന്ന് എനിക്ക് എവ്റിലിനെയും അവള്‍ ആ പെര്‍ഫ്യും പിറന്നാള്‍ സമ്മാനമായി കൊണ്ടുവന്ന ദിവസവും ഓര്‍മ്മ വന്നു. കുറെ നാളായി അവള്‍ക്ക് ഒരു സന്ദേശം എങ്കിലും അയച്ചിട്ട്, വീട്ടില്‍ ചെന്നിട്ടു ചെയ്യാന്‍ അത് കൂടി കണക്കില്‍ വെച്ചു.
ആകാശം ഇരുളാന്‍ തുടങ്ങിയിരിക്കുന്നു, ആ മനുഷ്യനെ കാണാനില്ല.
ഇനിയും ഇവിടിരിക്കാന്‍ വയ്യ, ഞാനെഴുന്നേറ്റു വഴിയുടെ അറ്റം വരെ നടന്നു.ഇല്ല, ഇവിടെങ്ങും കാണാനില്ലല്ലോ എന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അതാ ആ വീടിന്റെ മുൻവശത്തെ ലോണിലെ ചെറുകസേരകളിൽ ഒന്നിൽ അയാൾ കൂനിക്കൂടി ഇരിക്കുന്നു.
ഞാനയാളുടെ അരികിലേക്ക് ചെന്നു. "എന്തിനാണ് ഇവിടെ ഇരിക്കുന്നത്, സൈക്കോളജിസ്റ്റ് ഇറങ്ങിപ്പോയത് കണ്ടില്ലേ "എന്ന് ചോദിച്ചു.അയാൾ മെല്ലെ തലയുയർത്തി. മുഷിഞ്ഞൊരു വേനൽസന്ധ്യയിൽ നരച്ചു പോയ ആകാശം അയാളുടെ കണ്ണുകളിൽ വീണു കിടക്കുന്നു. ഇണയകന്നു പോയ കിളിയൊന്ന് അയാളുടെ ചുണ്ടുകളെ വിറ കൊള്ളിക്കുന്നു.
എണീക്കുമ്പോൾ ഇടറാൻ തുടങ്ങിയ അയാളുടെ കയ്യിൽ പിടിച്ചു ഞാനതിനു സഹായിച്ചു. നേരത്തെ കടന്നുപോയ സ്ത്രീയെ ചൊല്ലി സ്വയം വെടിയുതിർത്തു മരിച്ച അയാളുടെ ഭാര്യയെക്കുറിച്ചയാൾ പറഞ്ഞു , അപ്പോൾ ആ വേനൽ സന്ധ്യയിലും മഞ്ഞുകാലത്തെന്ന പോലെ അയാളുടെ വായിൽ നിന്ന് ആവിയുയരുകയും കൈപ്പത്തികൾ ഐസ് പോലെ മരവിച്ചിരിക്കുകയും ചെയ്തു.
ജീവിതത്തിൽ നിന്ന് പണ്ടേ ഇറങ്ങിപ്പോയൊരാൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും മരണം വരെ ഈ ദിശയിൽ മാത്രം അയാൾ സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നു എനിക്ക് വെളിപാടുണ്ടായി.
പെട്ടെന്നിരുണ്ടു പോയ ഇടവഴിയിൽ വഴിവിളക്ക് തെളിയാൻ വൈകുന്നതെന്തേ എന്ന ചിന്തയോടെ ഞാൻ തിരികെ നടന്നു തുടങ്ങി.
NB :-മടിച്ചിയായ എനിക്ക് വേണ്ടി ഇത് എഴുതിത്തീർത്ത വായനക്കാരാ നന്ദി

Wednesday, January 2, 2019

പുതുവർഷത്തിലെ ആദ്യദിനം ദേശാടനപ്പക്ഷികൾക്കൊപ്പമായിരുന്നു.
കൂട് വിട്ട് കാതങ്ങൾ താണ്ടുകയും പല നാടുകളിൽ എത്തുകയും വർഷത്തിൽ ഒന്നോ രണ്ടോ തവണ തിരിച്ചു പറക്കുകയും ചെയ്യുന്ന ആ പക്ഷികളെക്കാൾ നല്ല മറ്റൊരു കാഴ്ച പ്രവാസികൾക്ക് കാണാൻ ഉണ്ടാവുമോ.
അഗമോൺ ഹൂല (Agamon Hula)
........................................
ദേശാടനപ്പക്ഷികളെ ഒട്ടും ശല്യപ്പെടുത്താതെ പക്ഷികളെ കാണാൻ വരുന്ന അതിഥികൾക്ക് ,അവയുടെ യഥാർത്ഥ പരിസ്ഥിതിയിൽ കാണാൻ അവസരമൊരുക്കുന്ന ലോകത്തിലെ ഒരേ ഒരിടമാണ് ഇസ്രായേലിലെ അഗമോൺ ഹൂല എക്കോളജിക്കൽ സൈറ്റ് .
റൊമാനിയയിലെ ഡാന്യൂബ് ഡെൽറ്റയിൽ നിന്നും ആഫ്രിക്കയിലെ വിക്ടോറിയ ,നൈൽ എന്നീ നദീതീരങ്ങളിലേക്കും തിരിച്ചുമായി ഏകദേശം അഞ്ചു ലക്ഷം ദേശാടനപ്പക്ഷികളാണ് ഇസ്രായേൽ വഴി ഓരോ വർഷവും പറക്കുന്നത്.
ഒന്നാം തീയതി രാവിലെ പതിനൊന്നു മണിയോട് കൂടെയാണ് അഗമോൺ ഹൂലയിൽ എത്തിയത്. മഞ്ഞുകാലമാണ്, ഒരാഴ്ച്ചയായി തുടരെ മഴയാണ്, ഈ ചൊവ്വാഴ്ച മഴയില്ലാത്ത ദിവസമായിരിക്കും എന്ന കാലാവസ്ഥപ്രവചനം അനുസരിച്ചാണ് ഒന്നാം തീയതി തന്നെ ഇങ്ങോട്ടേക്ക് തിരഞ്ഞെടുത്തത്.
ഇന്നിപ്പോൾ ഇതെഴുതി കൊണ്ടിരിക്കുമ്പോൾ പുറത്തു നല്ല മഴയാണ്.
ഇസ്രയേലിനെ സിറിയയുമായി വേർതിരിക്കുന്ന റാമാത് ഗോളാൻ മലനിരകൾക്കും ലെബനോനുമായി അതിർത്തി പങ്കിടുന്ന നഫ്താലി മലനിരകൾക്കും ഇടയിലുള്ള സമതലപ്രദേശത്തിലെ ചെറു തടാകം ഉൾപ്പെടുന്ന എട്ടര കിലോമീറ്ററോളം ചുറ്റിക്കാണാനുള്ള പാരിസ്ഥികപ്രദേശമാണ് അഗമോൺ ഹൂല.
ധാരാളം സൈക്കിളുകളും ചവിട്ടിപ്പോകാവുന്ന തരത്തിലുള്ള നാലു ചക്രവാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രൈവറ്റ് വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. എന്നാൽ പക്ഷികളുടെ അടുത്ത് വരെ എത്തി അവയെ കാണണമെങ്കിൽ പ്രത്യേക തരം ട്രാക്റ്ററുകൾ ഉണ്ട്. ഒരു ഭാഗം തുറന്ന വലിയ വാഗൺ ട്രാക്റ്ററിനോട് ബന്ധിപ്പിച്ച പോലെയുള്ള ഈ വാഹനത്തെ ദേശാടനപക്ഷികൾ ഭയക്കുന്നില്ല.കാരണം അവക്ക് തീറ്റയുമായി എന്നും എത്തുന്ന ട്രാക്റ്ററുകളുടെ ശബ്ദം അവക്ക് സുപരിചിതമാണ് .ആറു മുതൽ എട്ടു വരെ ടൺ ചോളമാണ് ഈ പക്ഷികൾക്ക് തീറ്റയായി ഓരോ ദിവസവും നൽകുന്നത്.
നൂറ്റാണ്ടുകളായി ഈ പക്ഷികൾ ഇതുവഴി പറക്കുകയും ഇടയിൽ ഇസ്രായേലിൽ വിശ്രമത്തിനു ഇറങ്ങുകയും ചെയ്യുന്നുണ്ടാവാം. എന്നാൽ 1980 നോട് കൂടിയാണ് ഇവയൊരു പ്രശ്നമായി മാറിയേക്കാം എന്ന് ഇസ്രയേലികൾ കണ്ടെത്തിയത്. അക്കൊല്ലം ഹുലയിൽ നട്ട കപ്പലണ്ടി, ചോളം, ഉരുളക്കിഴങ്,കാരറ്റ് എല്ലാം തന്നെ ഈ ദേശാടനപക്ഷികളുടെ ഭക്ഷണമായി മാറി. നിയമപരമായി ഇവയെ കൊല്ലാൻ പാടില്ല എന്നതും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടുമുള്ള സ്നേഹവും ഒരു വശത്തും എന്നാൽ കർഷകരുടെ വിഷമം മറു വശത്തുമായപ്പോൾ ഈ പ്രശ്നത്തിന് ഉണ്ടായ പരിഹാരമാണ് ഇപ്പോൾ അഗമോൺ ഹുല എന്ന പേരിൽ നിവർന്നു കിടക്കുന്നത്.
ഇതിലേ കടന്നു പോകുന്ന എല്ലാ പക്ഷികൾക്കും -നവംബർ മുതൽ മാർച്ച് വരെയാണ് പൊതുവെ എങ്കിലും വർഷം മുഴുവനും ഏതെങ്കിലുമൊക്കെ പക്ഷികൾ ഇവിടെ കാണും-ഭക്ഷണം നൽകി അവയെ കൃഷി നശിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ഒപ്പം അവയുടെ ഈ വഴിയുള്ള ദേശാടനം മുടങ്ങാതെ നോക്കുകയും ചെയ്യുക എന്ന ആശയം വളരെ വിജയകരമായിരുന്നു. അമ്പതിനായിരത്തോളം കൊറ്റികളും അപൂർവ്വം കഴുകന്മാരും എരണ്ടകളും ഒക്കെ ഈ ദിവസങ്ങളിൽ അവിടെ താമസമുണ്ട്.
ട്രാക്റ്ററിൽ കൂടെയുണ്ടായിരുന്ന ഗൈഡ് "മയാൻ "എന്ന സ്ത്രീ പക്ഷികളിലെ ആണിനേയും പെണ്ണിനേയും കുടുംബത്തെയും മകനെയും മകളെയും വരെ അവയുടെ പ്രത്യേകതകൾ വിവരിച്ചു പറഞ്ഞു തന്നു.മൊബൈൽ ഫോണുകൾ സൈലന്റ് ആക്കണം എന്ന നിർബന്ധം പക്ഷികൾക്ക് ഒരു തരത്തിലുമുള്ള ശല്യം വരാതെയും അവ പറന്നു പോകാതെയും സൂക്ഷിക്കാൻ വേണ്ടിയാണ് എന്ന് മാത്രമല്ല ട്രാക്റ്ററിൽ ഒന്നെഴുന്നേറ്റു നില്ക്കാൻ പോലും അവർ സമ്മതിച്ചില്ല .
ഞാൻ മലയാളിയാണ് ,വെറും പക്ഷികളുടെ കാര്യത്തിൽ ഇത്ര ശ്രദ്ധയോ എന്ന് ചോദിച്ചില്ലെങ്കിൽ ഞാൻ മലയാളി അല്ലാതായിപ്പോവുമെന്ന ഭയം കൊണ്ട് ചുമ്മാ ഉറക്കെ ചോദിച്ചു നോക്കി.മൂന്നു വശത്തു നിന്നും മനുഷ്യരും ഒരു വശത്തു നിന്നും പക്ഷികളും എന്നെ രൂക്ഷമായി നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല.എന്റെ ഭാഗ്യം.
ഇടയിൽ ചോളവും കൊണ്ട് പോകുന്ന ട്രാക്റ്ററും അതിനെ മനസ്സിലാക്കി ഒപ്പം നീങ്ങുന്ന പക്ഷികളെയും കൗതുകപൂർവ്വം കണ്ടു.
ദേശാടനത്തിന് ഇറങ്ങുന്ന പക്ഷികളെ പ്രോത്സാഹിപ്പിക്കുകയും വീണ്ടും ഇവിടെ വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന അഗമോൺ ഹൂലയിൽ പ്രകൃതി അതിൻ്റെ സർവ്വഭാവങ്ങളോടും കൂടി വിലസുന്നു.ആ താഴ്‌വരയിൽ നിൽക്കുമ്പോൾ അങ്ങകലെ ഹെർമ്മോൺ മല നെറുകയിൽ മഞ്ഞണിഞ്ഞു നിൽക്കുന്ന സുന്ദരമായ കാഴ്ചയും കാണാം.
നല്ലൊരു പുതുവർഷദിനം സമ്മാനിച്ചതിന് ദേശാടനപ്പക്ഷികൾക്ക് നന്ദി !!

Sunday, December 30, 2018



പദപ്രശ്നം 
......................
ദാ.....ഇവിടെ  മൂന്ന്   അക്ഷരം  കൂടി ചേര്‍ത്താല്‍ നിന്‍റെ  സ്ക്രാബിള്‍ പൂര്‍ത്തിയാവും. മീര  wolf  എന്ന്  മുകളില്‍  നിന്നു  താഴേക്ക് പൂരിപ്പിച്ചുകൊണ്ട് എഫില്‍  നിന്നു  വലത്തോട്ട് ഒഴിഞ്ഞു കിടക്കുന്ന  മൂന്നു കോളവും അതിനപ്പുറത്തെ ഇയും ആറും സെലിനെ  കാണിച്ചു.  
സെലിന്റെ  ആലോചനയുടെ നീളം  കൂടുന്നത്  കണ്ടതുകൊണ്ട്  മീര സംസാരിക്കാന്‍  തുടങ്ങി. പുറത്ത്  മഴ  പെയ്യുന്നുണ്ട്, "ഇടവത്തില്‍  മഴ  ഇടവഴി  നീളെ" എന്ന്  പണ്ട് അമ്മമ്മ  പറയാറുണ്ട്. എല്ലാരും  പറയുന്ന  പോലെ  തന്നെ  മഴയോട്  എനിക്ക്  വല്ലാത്ത  ഇഷ്ടമാണ്. പൂനെയിലെ ഓഫിസില്‍  ഇരിക്കുമ്പോള്‍ നാട്ടിലെ  പുതുമഴയുടെ  മണം ചിലപ്പോഴൊക്കെ  എന്നെ  വല്ലാതെ  മോഹിപ്പിക്കും. പണ്ടത്തെ  തറവാട്ട്‌വീടിന്‍റെ  ഓടിട്ട  മേല്‍ക്കൂരയില്‍  മഴ  താളം  പിടിക്കുന്നതും  കേട്ടുറങ്ങാന്‍ വല്ലാതെ  കൊതിയാവും. നീയെന്താ  ഇത്ര  ആലോചിക്കുന്നത്, ഒരു  മൂന്നക്ഷരം  ചേര്‍ത്താല്‍ ഇന്നത്തെ  കളിയില്‍  നീ  ജയിച്ചല്ലോ. 
ഓ, എന്‍റെ  സെലിന്‍  നീ  ഇത്ര  മണ്ടിയാണോ, ആ എഫിന്‍റെ  അടുത്ത്  എയും റ്റിയും എച്ചും  വെച്ചാല്‍ നിന്‍റെ  വിജയവാക്കായില്ലേ. "ഫാദര്‍"  ഇനീം  എനിക്ക്  വിശപ്പു  സഹിക്കാന്‍  വയ്യാത്ത  കൊണ്ടാ ഞാന്‍  പറഞ്ഞു  തരുന്നേ." മീര  അസഹ്യതയോടെ  പറഞ്ഞുനിറുത്തി.

സെലിന്‍  തലകുടഞ്ഞു കൊണ്ടു  പെട്ടെന്ന് പറഞ്ഞു "നിനക്കറിയാമോ  ഫാദര്‍  എന്ന  വാക്കിനെ  ഞാന്‍  എത്ര  വെറുക്കുന്നു എന്ന്'. മീര ഒന്ന് ഞെട്ടുകയും  അവളുടെ  കൈ  തട്ടി  ചില വാക്കുകട്ടകള്‍  സ്ഥാനം  മാറി അര്‍ത്ഥമില്ലാത്ത  വാക്കുകളായി മാറുകയും  ചെയ്തു.  ഒരായിരം  ചോദ്യചിഹ്നങ്ങള്‍  കണ്ണു കൊണ്ടെയ്തുകൊണ്ട്  അവള്‍  സെലിനെ  തുറിച്ചു നോക്കിയിരിക്കവേ  സെലിന്‍  പതിഞ്ഞശബ്ദത്തില്‍  തുടര്‍ന്നു. 


"സൌദിയിലായിരുന്നു  എന്‍റെ  ബാല്യകാലം  മുഴുവന്‍ ഞങ്ങള്‍  കഴിഞ്ഞത്. എനിക്ക്  പന്ത്രണ്ടു  വയസ്സുള്ളപ്പോള്‍ എന്‍റെ  മമ്മി  എന്നെ വല്യമ്മച്ചിയുടെ  അടുത്തേക്ക്  കൊണ്ടാക്കി. എന്തുകൊണ്ടെന്നറിയുമോ ? എന്‍റെ  പപ്പ എന്ന്  ഞാന്‍  വിളിച്ചിരുന്ന പിന്നീട്  ഒരിക്കലും  ഞാന്‍  മുഖത്ത്  നോക്കാന്‍  പോലും  ഇഷ്ടപ്പെടാത്ത എനിക്ക്  ജന്മം  തന്ന  ആ  മനുഷ്യന്‍ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തി  മൂന്നാമത്തെ  പ്രാവശ്യവും  എന്‍റെ  ശരീരത്തില്‍  കയറി  ഇറങ്ങുന്നത്  കണ്ടുകൊണ്ട്  മമ്മി  ജോലി കഴിഞ്ഞു  വന്നപ്പോള്‍. പപ്പയോടു  മമ്മിക്ക്  അടക്കാനാവാത്ത  പ്രണയമായിരുന്നു. എനിക്ക്  താഴെ  രണ്ടു പെണ്‍ മക്കള്‍  കൂടി  ഉണ്ടായിരുന്നിട്ടും പപ്പക്ക്  ഒരാണ്‍കുട്ടിയെ  കൊടുക്കാന്‍  മമ്മി വല്ലാതെ  ആഗ്രഹിച്ചിരുന്നു.  പപ്പയും  മമ്മിയും  തമ്മില്‍  ആ ദിവസം  മുഴുവന്‍  വഴക്കിട്ടു. എന്നാല്‍  നേരം  പുലര്‍ന്നപ്പോള്‍  മമ്മിയുടെ ദേഷ്യം  എന്‍റെ  നേരെയായിരുന്നു. പത്തു  ദിവസത്തോളം  എന്‍റെ  മുറിയില്‍  മമ്മി എന്നെ  പൂട്ടിയിട്ടു. ആഹാരം  തരാന്‍ മാത്രം വാതില്‍  തുറന്നു. പതിനൊന്നാം  ദിവസം  രാവിലെ മമ്മിയും  ഞാനും സൌദിയില്‍ നിന്ന്  ചേലക്കരയിലെ വല്യമ്മച്ചിയുടെ  വീട്ടിലേക്ക്  പുറപ്പെട്ടു. പിന്നീട്  മമ്മി  എല്ലാ വര്‍ഷവും  എന്നെ  കാണാന്‍ അവിടെ  വരും. ഏഞ്ചലിനെയും ജോമോളെയും ഒന്നരാടന്‍  കൊല്ലം  കൊണ്ടുവരും. പത്തു  ദിവസം  വല്യമ്മച്ചിയുടെ  വീട്ടില്‍  താമസിക്കും, പിന്നെ  പപ്പയുടെ  വീട്ടിലേക്ക്  അവര്‍ പോകും.   പപ്പാ  അവിടെ  വന്നിട്ടുണ്ടാകും എനിക്കുറപ്പാണെങ്കിലും  കഴിഞ്ഞ  പതിനൊന്നു കൊല്ലത്തില്‍  പപ്പ  എന്ന്  വിളിക്കേണ്ട  ആ  മനുഷ്യനെ  ഞാന്‍  കണ്ടിട്ടില്ല. 


എഫിന്  അടുത്ത്  യു വും സിയും കെയും  വെച്ച് സെലിന്‍ തന്‍റെ  പദപ്രശ്നം  ഫിനിഷ്  ചെയ്തു. പുറത്ത്  മഴ  തോര്‍ന്നിരുന്നില്ല. ഒരു  മഞ്ഞചിത്രശലഭം  ജനലിന്‍റെ  നെറ്റില്‍  തട്ടിപ്പറന്നു മഴയില്‍  നിന്നൊളിക്കാന്‍  ഇടം  തേടിക്കൊണ്ടിരുന്നു.  




രണ്ടു പെണ്‍കുട്ടികള്‍ 
............................................
മരണം  കറുപ്പിനും  വെളുപ്പിനും  ഇടയിലെ  വളരെ  നേര്‍ത്ത  ഒരു  വരക്കപ്പുറമാണെന്ന് പല്ലവി  തിരിച്ചറിഞ്ഞത്  തന്‍റെ ഇരുപത്തിരണ്ടാം  വയസ്സിലാണ്.
ജീവിതത്തിന്‍റെ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു തുളുമ്പുന്ന  അവളും  അനുജത്തിയും, അന്നേവരെ  മരണവീടുകളില്‍ പോലും  അവിടങ്ങളിലെ നിറമില്ലായ്മയെ പലതും  പറഞ്ഞ് അടക്കി ചിരിക്കുമായിരുന്നു.
ഇളംപച്ചനിറത്തോട് ചേച്ചിക്കുള്ള പ്രണയം മനസ്സിലാക്കിയത് കൊണ്ടാവാം അനിയത്തിയും അതേ നിറത്തെ  ഇഷ്ടപ്പെട്ടു  തുടങ്ങിയിരുന്നു.
ചേച്ചി  പിന്നീട്  ചുവപ്പും  പര്‍പ്പിളും ഒക്കെ തിരഞ്ഞെടുക്കാന്‍  തുടങ്ങിയപ്പോഴും ഇളയവള്‍  ഇളംപച്ചയില്‍ മാത്രം ഒതുങ്ങിനിന്നു.
രണ്ടു  പെണ്‍കുട്ടികള്‍  ഒരു  വീട്ടില്‍  ഉണ്ടാവുക  എന്നാല്‍  ആ  വീട് നിറങ്ങളുടെ മേളയാകുന്നു  എന്നാണ്.
മഞ്ഞിന്‍റെ നിറമുള്ള നേര്‍ത്ത ഒരു  തിരശീലക്കിടയിലൂടെ  അനിയത്തി കടന്നുപോകുന്നത്  നിറയാന്‍  പോലും  കെല്‍പ്പില്ലാതെപോയ  കണ്ണുകളോടെ പല്ലവിക്ക് ഒരു ദിവസം നോക്കി നില്‍ക്കേണ്ടി വന്നു.
അന്നേ  ദിവസം  മുതലാണ് നിറങ്ങളുടെ  അര്‍ത്ഥമില്ലായ്മ അവള്‍  തിരിച്ചറിഞ്ഞത്.
അനിയത്തി ഏറെ  ഇഷ്ടപ്പെട്ടിരുന്ന  ഇളംപച്ചഷാള്‍ പുതപ്പിച്ച്‌ അവളെ  യാത്രയാക്കിയപ്പോഴാണ് അതോടൊപ്പം വീട്ടിലെ എല്ലാ  നിറങ്ങളും ചുണ്ടിലപ്പോഴുമുണ്ടായിരുന്ന  കുസൃതിച്ചിരിയില്‍ ഒളിപ്പിച്ച് അവള്‍  കൊണ്ടുപോയതും.
പിന്നീട് വീടും  പല്ലവിയും വേര്‍രിച്ചെടുക്കാനാവാത്ത വിധം ചാരനിറത്തില്‍ മുങ്ങിനിവര്‍ന്നു. 
രണ്ടു പെണ്‍കുട്ടികളില്‍  ഒരാള്‍  ഇല്ലാതാകുമ്പോഴാണ് നിറങ്ങള്‍ ഇല്ലാതെ  ലോകം വിരസമാവുന്നത്.