Saturday, March 23, 2019

രണ്ടു വൃദ്ധന്മാർ..
.....................................
രണ്ടു വൃദ്ധന്മാർ ആദ്യമായി കണ്ടുമുട്ടിയത് ക്ലിനിക്കിൽ വെച്ചാണ്. ആദ്യം വന്ന വൃദ്ധന് നരച്ചതെങ്കിലും കറുത്ത കോട്ടുണ്ടായിരുന്നു. വെളുത്ത ഷർട്ടും അയഞ്ഞ കറുത്ത പാന്റും പോളിഷ് ചെയ്തു മിനുക്കിയ ഷൂസും തലയിൽ നീലയും വെള്ളയും ഡിസൈനുള്ള കുഞ്ഞു വട്ടത്തൊപ്പിയും ഇത്തിരിയെ ഉള്ളുവെങ്കിലും വെളുത്ത മേഘത്തുണ്ടു പോലത്തെ താടിമീശയും വെള്ളാരംകണ്ണുകളും എല്ലാം കൂടി ആദ്യത്തെ വൃദ്ധൻ ഒരു സുന്ദരനായിരുന്നു.
അരികിൽ ഒരു ഊന്നുവടിയും ചാരി വെച്ച് കസേരയിൽ നിവർന്നിരിക്കുന്ന ആദ്യത്തെ വൃദ്ധനെ ആകമാനം ഒന്ന് നോക്കിക്കൊണ്ട് പഴയൊരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുകിട്ടിയ പോലെ "ശാലോം "എന്നുറക്കെ ആഹ്‌ളാദത്തോടെ പറഞ്ഞുകൊണ്ട് രണ്ടാമത്തെ വൃദ്ധൻ പ്രവേശിച്ചു.
രണ്ടാമത്തെ വൃദ്ധനു പൊക്കം കുറവായിരുന്നു, അയാളുടെ ചെരുപ്പുകൾ തണുപ്പുകാലത്തു പയോഗിക്കുന്ന മുൻവശം മൂടിയതും പിറകുവശം തുറന്നതുമായ വിലകുറഞ്ഞയിനം റബ്ബർ കൊണ്ടുള്ളവയായിരുന്നു. അവക്കിടയിലൂടെ നൂലുകൾ പൊന്തി നിൽക്കുന്ന സോക്‌സുകൾ കാണാമായിരുന്നു. വല്ലാതെ വലുപ്പം കൂടിയ വെളുത്ത ഷർട്ടിനെ മുക്കാൽക്കാലുറയുടെ ഉള്ളിലേക്ക് തിരുകിക്കയറ്റിവെച്ചിട്ടുണ്ട്. രണ്ടാമത്തെ വൃദ്ധന്റെ തലയിലും ചെറിയ കറുത്ത വട്ടത്തൊപ്പിയുണ്ട്.
മൂക്കിന് മുകളിൽ ഇരിക്കുന്ന കണ്ണടക്കുള്ളിലൂടെ എതിർവശത്തിരിക്കുന്ന പെൺകുട്ടിയെ നോക്കി വലിയൊരു ചിരി ചിരിച്ചുകൊണ്ട് അയാൾ ആദ്യത്തെ വൃദ്ധന്റെ അരികിലിരുന്നു. പെൺകുട്ടിയാവട്ടെ കുത്തിക്കൊണ്ടിരുന്ന ഫോൺ മാറ്റിവെച്ച് അവരുടെ സംസാരം ശ്രദ്ധിക്കാനും രണ്ടുപേരെയും താരതമ്യം ചെയ്യാനും തുടങ്ങി. രണ്ടു പേർക്കും എൺപതിനും തൊണ്ണൂറിനും ഇടയിൽ പ്രായമുണ്ട്. രണ്ടു പേരുടെയും കൂടെ ആരും വന്നിട്ടില്ല.രണ്ടു പേരും ചിരപരിചിതരെ പോലെയാണ് സംസാരിക്കുന്നതെങ്കിലും അവർ ആദ്യമായാണ് കാണുന്നത്. ഇതിലെല്ലാമുപരി രണ്ടുപേരും അതീവ സന്തോഷവാന്മാരാണ്.
ആദ്യത്തെ വൃദ്ധന് ചെവി ശരിക്ക് കേൾക്കുന്നില്ല.അത്കൊണ്ട് രണ്ടുപേരും ഉറക്കെയാണ് സംസാരിക്കുന്നത്. ഒരാൾ പണ്ടത്തെ ചെക്കോസ്ലോവാക്കിയയിൽ നിന്നും മറ്റെയാൾ ഇറാക്കിൽ നിന്നുമാണ് കാലങ്ങൾക്ക് മുൻപ് ഇവിടെ എത്തിപ്പെട്ടത്. യുദ്ധങ്ങളും പ്രിയപ്പെട്ടവരുടേതടക്കം മരണങ്ങളും അവരുടെ കണ്ണുകൾക്ക് മുന്നിലൂടെ കടന്നു പോയിരുന്നു. വേദനകളുടെ എല്ലാ വശങ്ങളും അറിഞ്ഞു കഴിഞ്ഞവരാണ് അവർ.
ആദ്യത്തെ വൃദ്ധനെ കേൾവിപരിശോധനാമുറിയിലേക്കു വിളിച്ചപ്പോൾ അയാളും രണ്ടാമത്തെ വൃദ്ധനെ മൂന്നാം നമ്പർ മുറിയിലേക്ക് വിളിച്ചപ്പോൾ അയാളും എഴുന്നേറ്റു പോയെങ്കിലും ആദ്യം പരിശോധന കഴിഞ്ഞ രണ്ടാമൻ ഒന്നാമനെ കാത്തിരിക്കുകയും കുറച്ചു സമയം എടുത്തിട്ടാണെങ്കിലും രണ്ടാമൻ ഇറങ്ങി വരികയും തോളിൽ കയ്യിട്ടു രണ്ടുപേരും പുറത്തേക്ക് നടക്കുകയും ചെയ്യുന്നത് നോക്കി കണ്ണുകളിൽ അസൂയയും കണ്ണീർത്തുള്ളികളുമായിരിക്കുന്ന പെൺകുട്ടിയെ രണ്ടുപേരും ഒരുമിച്ചു തിരിഞ്ഞുനോക്കി.
അവൾക്ക് ശാലോം എന്ന സമാധാനം ആശംസിച്ചു നിറയെ ചിരിച്ചു കൊണ്ട് അവർ പോകുമ്പോൾ അവരുടെ കാലുകൾ തറയിൽ മുട്ടുന്നില്ലെന്നും അവർ ഭൂമിക്കു മേലെ പറക്കുകയാണെന്നും അവൾക്ക് തോന്നി.
നിങ്ങൾ ആശംസിച്ച "സമാധാനം" നിങ്ങൾക്ക് തിരിച്ചാശംസിക്കാൻ എൻ്റെ കയ്യിൽ ആവശ്യത്തിന് സ്റ്റോക്കില്ലല്ലോ എന്ന് അവൾ സ്വയം വേവലാതിപ്പെട്ടു. പിന്നെ അവർ നിറഞ്ഞ മനസ്സോടെ ആശംസിച്ച "സമാധാനം" അവരുടെ പ്രായം വരെ ഈ ഭൂമിയിൽ ജീവിച്ചിരുന്നാൽ അത്രത്തോളം ഉപയോഗിക്കാനായി അരിഷ്ടിച്ചുപയോഗിക്കാൻ തീരുമാനവുമെടുത്തു കൊണ്ട് പുതിയതായി അവിടേക്ക് കടന്നുവന്ന ചുവന്ന വലിയ വട്ടപ്പുള്ളികൾ നിറഞ്ഞ കൈകളുള്ള വൃദ്ധയെ നോക്കി അവൾ വെറുതെ ചിരിച്ചു കാണിച്ചു.

No comments:

Post a Comment