എന്റെ അമ്മച്ചി
ചിരിയുടെ പാല്ക്കടല് ആണെനിക്ക് എന്റെ അമ്മച്ചി.
ഒരു ചെറുചിരിയോടെയല്ലാതെ ഞാന്‍ എന്റെ അമ്മച്ചിയെ ഒരു വര്‍ഷം മുന്‍പ് വരെ കണ്ടിട്ടില്ല.
...
വയലെറ്റ് നിറമുള്ള പുള്ളിപ്പാവാടയിട്ടു തന്നു അമ്മച്ചി എന്നെ ഹരിശ്രീ കുറിക്കാന്‍ ആശാനപ്പൂപ്പന് എന്ന് ഞങ്ങള്‍ വിളിക്കുന്ന എഴുത്തച്ഛന്റെ അടുത്ത് കൊണ്ട് പോകുന്നിടത്ത് നിന്ന് ഓര്‍മ്മകള്‍ ആരംഭിക്കുന്നു. "ഹ" എന്ന അക്ഷരം എത്ര ശ്രമിച്ചിട്ടും എഴുതാന്‍ കഴിയാതിരുന്ന ഞാന്‍ അവസാനം ഒരു മുഴുവന്‍ "ഹ" എഴുതിക്കഴിഞ്ഞപ്പോള്‍ സ്ലേറ്റും എടുത്ത് വീട്ടിലേക്കോടി......"അമ്മച്ചി...ഞാന്‍ ഒരു "ഹ" ഉണ്ടാക്കി " എന്നും പറഞ്ഞു ഓടിച്ചെന്ന എന്നെ നോക്കി എന്റെ അമ്മച്ചി ഹ ഹ ഹ എന്ന് പൊട്ടിച്ചിരിച്ചത് ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു.... വര്‍ഷങ്ങള്‍ക്കു ശേഷവും....
നാലു മക്കളില്‍ മൂത്തവളായ എനിക്ക് അമ്മച്ചി തന്റെ ബാക്കി മൂന്നു മക്കളെ എല്പ്പിച്ചുതന്നു.കഷ്ടപ്പാടിന്റെ കരകാണാക്കയങ്ങളില്‍ ഭര്‍ത്താവിനൊപ്പം നീന്തുമ്പോഴും അമ്മച്ചിയുടെ മുഖത്ത് നിന്ന് ഒരു നൊടി പോലും പുഞ്ചിരി മാഞ്ഞിരുന്നില്ല.
പഠിക്കാന്‍ മിടുക്കിയായിരുന്ന അമ്മച്ചി നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ അമ്മച്ചിയുടെ അപ്പന് അമ്മച്ചിയുടെ പഠിപ്പ് നിര്‍ത്താന്‍ തീരുമാനിച്ചു. അന്ന് ക്ലാസ്സ് മാസ്റ്റര്‍ അപ്പൂപ്പനോടു പറഞ്ഞുവത്രേ.."അവള് പഠിക്കാന്‍ മിടുക്കിയാ...എഴാം തരാം വരെയെങ്കിലും പഠിപ്പിക്കു....അധ്യപികയായ് ജോലി വാങ്ങികൊടുക്കാം " എന്ന്. എന്നാല്‍ അപ്പൂപ്പന് തന്റെ മകനെയാണ് ഉന്നതവിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്. അമ്മച്ചിയുടെ കണക്കിലുള്ള വിജ്ഞാനം എനിക്ക് ഇന്നും അത്ഭുതമാണ്.സൈന്‍ തീറ്റ യും കോസ് തീറ്റയും ഒന്നും അറിയില്ലെങ്കിലും വലിയ സംഖ്യകള്‍ പോലും മനക്കണക്കായ് നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാന്‍ ഇന്നും അമ്മച്ചിക്ക് കഴിയും.
പ്രത്യാശയുടെ കൈത്തിരി മക്കളുടെ ഉള്ളില്‍ കൊളുത്തിവച്ച് ജീവിതത്തിലേക്ക് തുറന്നുവിട്ടത് അമ്മച്ചിയായിരുന്നു.ചിരിയെ നിര്‍ല്ലോഭം പുറത്തേക്ക് വിടാനും കണ്ണുനീര് ഒഴുകുന്നത് കണ്ണുകള്‍ പോലും കാണാതിരിക്കാനും എന്നെ പഠിപ്പിച്ചതും അമ്മച്ചി തന്നെ.
എനിക്ക് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോള്‍ അമ്മച്ചിക്ക് ഗ്യാസ്ട്രിക് അള്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. കഠിനമായ വയറുവേദനക്കും ചര്‍ദ്ദിക്കും ഇടയിലും വേദനയുടെയോ സങ്കടത്തിന്റെയോ നിഴലാട്ടം ആ മുഖത്ത് ഞാന്‍ കണ്ടില്ല. ചിരിച്ചുകൊണ്ട് എന്റെ അമ്മച്ചി "മോള് ..ഉണ്ണികളെ നോക്കണം ട്ടോ " എന്ന് പറയും. അന്ന് മരണത്തില്‍ നിന്ന് അമ്മച്ചിയെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നത് സ്നേഹക്കാരന്‍ അപ്പച്ചനായിരുന്നു.
ഇതു വരെയും അപ്പച്ചന് എന്നൊരു വാക്ക് ഇവിടെ കടന്നുവരാതിരുന്നത് അപ്പച്ചനെക്കുറിച്ച് എഴുതിത്തുടങ്ങിയാല്‍ ഞാന്‍ നിര്‍ത്തില്ല എന്നതുകൊണ്ടാണ്. അപ്പച്ചനും അമ്മച്ചിയും എനിക്ക് രണ്ടാളുകളല്ല. ഒരേ മനസ്സും ആത്മാവും ഉള്ള അര്ദ്ധനാരീശ്വരരൂപമാണ്. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെ പൂര്‍ണമായ് മാനിച്ചുകൊണ്ടുതന്നെ മക്കളെയും ഒന്ന് ചേര്‍ത്ത് കൂടുമ്പോള്‍ ഇമ്പമുള്ളതാക്കി എടുത്തു ഞങ്ങളുടെ കുടുംബത്തെ അമ്മച്ചി. ഇന്നും ഞങ്ങള്‍ മക്കള്‍ നാലു പേരും തമ്മില്‍ നോക്ക് കൊണ്ട് പോലും അഭിപ്രായവ്യത്യാസം ഇല്ലാത്തതിനും കാരണം അമ്മച്ചി ഞങ്ങളെ പഠിപ്പിച്ച ഐക്യമാണ്.
അമ്മച്ചിയേയും അപ്പച്ചനേയും ഇണക്കിളികള്‍ എന്നാണ് കൂട്ടുകാരും നാട്ടുകാരും കളിയും കാര്യമായും വിളിച്ചിരുന്നത്.ഒരിക്കലും രണ്ടിലൊരാളെ ഒറ്റക്ക് കാണാറില്ല.പണിസ്ഥലത്തായാലും വീട്ടിലായാലും പള്ളിയിലായാലും യാത്രയിലായാലും ഒന്നിച്ച്..
ഒടുവില്‍ അമ്മച്ചിക്ക് കൂടി ഇടം പിടിക്കാനെന്നും പറഞ്ഞ് കഴിഞ്ഞ വര്‍ഷം അപ്പച്ചന് സ്വര്‍ഗത്തിലേക്ക് ഒറ്റ മുങ്ങല്‍...അമ്മച്ചിയുടെ ചിരിയും കൂടെ കൊണ്ടുപോയി കൂട്ടിന്. ചിരിയില്ലാതെ അമ്മച്ചിക്ക് പിടിച്ചുനില്‍ക്കാനായില്ല. മാനസികവിഭ്രാന്തിയിലെക്ക് മെല്ലെ വീണുകൊണ്ടിരുന്ന അമ്മച്ചിയെ സ്വന്തം ചിരി കൊടുത്ത് വളര്‍ത്തി വലുതാക്കിയ മകനും ചിരിച്ചുകൊണ്ട് അമ്മച്ചി നേടിയെടുത്ത ചിരിക്കാരി മരുമകളും താങ്ങിയെടുത്തു. അവരുടെ ചിരി കോരിക്കൊടുത്തു മെല്ലെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ആ ചിരിപ്പൊട്ടുകളുടെ ബലത്തില്‍ അമ്മച്ചി ഇപ്പോള്‍ ചിരിക്കുന്നുണ്ട്.
പക്ഷെ.......തെളിച്ചമില്ല........മങ്ങലോടെ......
ഞാന്‍ ആദ്യം പറഞ്ഞത് തെറ്റ്......
ചിരിയുടെ പാല്ക്കടല് "ആയിരുന്നു" എന്റെ അമ്മച്ചി.....
അമ്മച്ചിയുടെ ചിരിയെ വാക്കുകള്‍ കൊണ്ട് അളന്നെടുക്കാന്‍ കഴിയില്ല.........മനോഹരമായിരിക്കുന്നു
ReplyDeleteവളരെ നന്ദി മിനിക്കുട്ടി
Deleteഹൃദ്യം
ReplyDeleteനന്ദി
ReplyDeleteചിരിയുടെ പാല്ക്കടല് ആണെനിക്ക് എന്റെ അമ്മച്ചി.വളരെ മനോഹരമായിരിക്കുന്നു.
ReplyDelete