
പുതിയ രാഗം
ഒഴിഞ്ഞ വയലുകള്‍ക്കിടയിലൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നു. വീട്ടില്‍ അമ്മ മുറ്റം അടിച്ചുതീര്‍ത്തിട്ടുണ്ടാവും ഇപ്പോള്‍, ശ്രീജ ഓര്‍ത്തു. കുനിഞ്ഞു നിവര്‍ന്നു പണികള്‍ ചെയ്യാന്‍ അമ്മക്ക് പണ്ടത്തെ ആരോഗ്യം ഇല്ല . പത്തുമണിക്ക് മുന്‍പേ തനിക്ക് കണ്ണൂര്‍ എത്തേണ്ടത്കൊണ്ടാണ് ആ പണി അമ്മ ഏറ്റെടുത്തത്.
ചായ, കാപ്പി ബഹളം കേള്‍ക്കുന്നു.വണ്ടി ഏലാറ്റുര്‍ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു.
നേരം വെളുത്തു വരുന്നേയുള്ളൂ. അതുകൊണ്ട് ആളുകള്‍ കുറവാണു വണ്ടിയില്‍. ഒരു വൃദ്ധ ദമ്പതികള്‍ അങ്ങേ സീറ്റില്‍ ഇരിപ്പുണ്ട്. അമ്മമ്മ ഭര്‍ത്താവിന്‍റെ തോളില്‍ തലചായ്ച്ച് നല്ല ഉറക്കമാണ്. ഇടയ്ക്കിടെ തോളില്‍നിന്ന് തല ഊര്‍ന്നു പോകുന്നു. അപ്പോഴൊക്കെ ആ അച്ഛച്ചന്‍ വാത്സല്യത്തോടെ അമ്മമ്മയുടെ തല വീണ്ടും തന്‍റെ തോളിലേക്ക് ചേര്‍ത്തു വക്കും. വാര്‍ദ്ധക്യത്തിലാണ് യഥാര്‍ത്ഥ സ്നേഹം ആരംഭിക്കുന്നതെന്ന് എവിടെയോ വായിച്ചത് ശ്രീജക്ക് ഓര്‍മ്മ വന്നു.
വടകരയില്‍ നിന്ന് ജാന്‍സി മരിയയും കൃഷ്ണയും കേറും.പിന്നെ ഇത്ര ബോറില്ല. കൃഷ്ണയുടെ വായ തുറന്നാല്‍ പിന്നെ അടയില്ലല്ലോ. വര്‍ത്തമാനം , ഭക്ഷണം രണ്ടിലൊന്ന് അവിടെ സജീവം. അതുവരെ ഈ ഹെഡ് സെറ്റും പാട്ടും തന്നെ ശരണം. അദ്നാന്‍ സാമി അങ്ങനെ "തേരാ ചേഹരാ" അടിച്ചു മൂളിക്കുന്നു.
പ്രശാന്തിന്‍റെ മെമ്മറി കാര്‍ഡാണ്. അവന്‍ തിരിച്ചു ചോദിക്കട്ടെ, എന്നിട്ട് കൊടുക്കാം.
പെട്ടെന്നാണ് ഭവാനിക്കുഞ്ഞമ്മയെ ഓര്‍മ്മ വന്നത്.ചെറിയ നെഞ്ചുവേദന കാരണം മിനിയാന്ന് ആശുപത്രിയില്‍ ചേര്‍ത്തെന്നു അമ്മ പറഞ്ഞിരുന്നു. PSC പഠനതിരക്കിനിടയില്‍ പിന്നെന്തായീന്നു ചോദിയ്ക്കാന്‍ മറന്നു. കൃഷ്ണന്‍ കൊച്ചച്ചന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്. " കൊച്ചച്ചാ... ഞാനാ ശ്രീജ..കുഞ്ഞമ്മക്ക്..." കൊച്ചച്ചന്‍ എന്തോ പറഞ്ഞു. മനസ്സിലായില്ല. കാള്‍ കട്ടായി. നോക്കിയപ്പോള്‍ റെയ്ഞ്ചില്ല.
ഹും..വിളിക്കാന്‍ തോന്നിയ സമയം എന്ന് മനസ്സില്‍ പറഞ്ഞു ഒപ്പം വീണ്ടും പാടിത്തുടങ്ങിയ അദ്നാന് ഒരു ഐ ലവ് യു വും.
എതിര്‍വശത്തിരുന്ന അച്ഛച്ചനും അമ്മമ്മയും എഴുന്നേറ്റു. വണ്ടി വെള്ളറക്കാട് സ്റ്റേഷനിലേക്ക് അടുക്കുന്നു. ഒരു ചായ വേണംന്നു തോന്നുന്നു. പക്ഷെ ആ പാല്‍പ്പൊടിയിട്ട ചായ കുടിക്കാനും തോന്നുന്നില്ല. തല്ക്കാലം ഇങ്ങനെ പോട്ടെ. കണ്ണൂര്‍ എത്തിയിട്ട് ചായ എന്ന് മോഹത്തെ അടക്കി.
ധന്യ എഴുന്നേറ്റോ എന്തോ? പാട്ട് ക്ലാസിനു ഇന്നും ചെന്നില്ലെങ്കില്‍ ആ ടീച്ചര്‍ അവളെ പിടിച്ചു പുറത്താക്കും.അമ്മ വിളിച്ചാലൊന്നും അവള് സമയത്തിന് എണീക്കില്ല.മാളുട്ട്യെ ന്നുള്ള തന്‍റെ വിളി കേള്‍ക്കാതെ എണീക്കാന്‍ വിഷമമാന്നു അവളു പറയും.
എതിര്‍വശത്ത് ഒരു മനുഷ്യന്‍ വന്നിരുന്നു.ഓഫീസില്‍ പോവുകയാണെന്ന് തോന്നുന്നു. തേച്ചു മിനുക്കിയ ഷര്‍ട്ടും പാന്റ്സും. ഡൈ ചെയ്തു മിനുക്കിയ മുടി. ഒരു പത്തു നാല്‍പതു വയസ്സ് കാണുമായിരിക്കും. പെട്ടന്നവള്‍ കൃഷ്ണന്‍ കൊച്ചച്ചനെ വീണ്ടും ഓര്‍ത്തു.ഒന്നൂടി വിളിച്ചാലോ.ഇനീപ്പോ പരീക്ഷ കഴിഞ്ഞിട്ടാവാം.വീണ്ടും റെയ്ഞ്ച് പോയാല്‍ ശരിയാവില്ല.
ഫാല്‍ഗുനി പഥക് അദ്നാനെ പിന്തള്ളി "ഹയ്യോരാമ" പാടിത്തുടങ്ങി.വടകരക്ക് ഇനി എത്ര സമയം കാണും. ഇത്തിരിനേരം കണ്ണ് അറിയാതെ അടഞ്ഞുപോയോ? അതോ തോന്നിയതോ?
എതിര്‍വശത്തെ മനുഷ്യന്‍ എഴുന്നേറ്റു. പുറത്തേക്ക് നോക്കിയപ്പോള്‍ സ്റ്റേഷന്‍ ഒന്നും കണ്ടില്ല. വണ്ടി നിര്‍ത്താന്‍ ഉള്ള മട്ടുമില്ല.ഇയാളെങ്ങോട്ടാണാവോ?
അയാള്‍ അടുത്തുവന്നിരുന്നു. നെഞ്ചില്‍ പെട്ടെന്ന് ഒരു മിന്നല്‍ പാഞ്ഞതും അത് കടും തുടിയായ് പരിണമിക്കുന്നതും ശ്രീജയറിഞ്ഞു. ചുണ്ടുകള്‍ വരണ്ടു.
നോട്ടം എങ്ങോട്ടാണ് കേന്ദ്രീകരിക്കേണ്ടതെന്നറിയാതെ അവളുലഞ്ഞു. കാതുകളില്‍ പാട്ടില്ല. ഒരു ഊതല്‍ ശബ്ദം മാത്രം. ഉള്‍ക്കണ്ണിനു മുന്‍പില്‍ ഒരു പെണ്‍കുട്ടി ട്രെയിനില്‍ നിന്നും താഴേക്ക് വീണു. കീഴ്ക്കോടതികളില്‍ നിന്നും മേല്‍ക്കോടതികളിലെക്ക് അവളുടെ മാതാപിതാക്കള്‍ കയറി ഇറങ്ങി. കൊലയാളിയെ വധശിക്ഷക്ക് വിധിച്ച് ജഡ്ജി പേനയുടെ നിബ്ബ് കുത്തിയൊടിച്ചു.
അയാളുടെ വലത്തേ കൈ തന്‍റെ തുടയില്‍ വിശ്രമിക്കുന്നത് ശ്രീജ അറിഞ്ഞു. വിറകു കൊള്ളി പോലെ അനങ്ങാനാവാതെ ഇരിക്കുമ്പോള്‍ ചെവിയിലേക്ക് ശബ്ദം തിരികെ വന്നു. " ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളെ......." അച്ഛന്‍ ..... അച്ഛനിഷ്ടപ്പെട്ട പാട്ട്. "പെണ്ണായാലും ആണായാലും ധൈര്യംവേണോട്ടോ...അച്ഛന് നിങ്ങളു രണ്ടു പെണ്മക്കളെയുള്ളൂങ്കിലും അച്ഛന് പേടില്ല. അച്ഛന്റെ ധൈര്യം നിങ്ങള്‍ക്കും ണ്ടാവും"... അച്ഛന്റെ ധൈര്യം.......അച്ഛന്റെ ധൈര്യം സിരകളിലൂടെ ഒഴുകുന്ന മകള്‍.
ശ്രീജ അപരിചിതന്റെ കണ്ണുകളിലേക്ക് നോക്കി.നോട്ടം നിമിഷങ്ങളോളം നീണ്ടു. അയാള്‍ ഒരു വഷളന്‍ ചിരിയോടെ കണ്ണുകള്‍ പിന്‍വലിച്ചു. "ഹ , ഇങ്ങനെ നോക്കാതെ കുഞ്ഞേ ,എനിക്ക് നാണാവണ് " തിരുമൊഴി.
വല്ലാത്തൊരു വിശ്വാസത്തോടെ ശ്രീജ എണീക്കാന്‍ ശ്രമിച്ചു. അയാളുടെ കയ്യുടെ ബലം അവളെ തടഞ്ഞു. ഒരു നൊടി....ഇടതു വശത്തിരിക്കുന്ന അയാളുടെ മൂക്കിനു നേരെ ശ്രീജയുടെ ചുരുട്ടിയ വലതുകൈ പാഞ്ഞുചെന്നു. ഓര്‍ക്കാപ്പുറത്തെ ഇടിയില്‍ മൂക്കില്‍ നിന്നും ചാടിയ രക്തം തുടക്കാന്‍ പോലും മറന്നു അയാളിരിക്കെ അവള്‍ ചാടിയെണീറ്റു. വീഴാന്‍ തുടങ്ങിയ മൊബൈലും ബാഗും വാരിപ്പിടിച്ച് അയാള്‍ പുറകേയുണ്ടോ എന്നൊന്ന് തിരിഞ്ഞുനോക്കി കമ്പാര്‍ട്ട്മെന്റിന്റെ ഒരറ്റത്തെക്ക് അവള്‍ വണ്ടിയുടെ കുലുക്കത്തില്‍ വീഴാതെ വേഗം നടന്നു അല്ല ഓടി.
വണ്ടിയുടെ വേഗം കുറയുന്നു. പയ്യോളി സ്റ്റേഷന്‍റെ ബോര്‍ഡ് കാണുന്നു. തിരികെ വന്ന നെഞ്ചിലെ തുടിതാളത്തോടെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അവള്‍ വാതിലിനരികില്‍ നിന്നു. മുഴുവനായ് വണ്ടി നില്‍ക്കും മുന്‍പ് ചാടിയിറങ്ങി. വണ്ടിയിലേക്ക് കേറാന്‍ വരുന്ന ഒരു സ്ത്രീ "ചാവാന്‍ നടക്കുവാണോടി കൊച്ചെ" എന്ന് അവളോടു ചോദിച്ചതിനു മറുപടി പറയാതെ ആളുകള്‍ കൂടുതല്‍ ഉണ്ടെന്നു തോന്നിയ മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ കയറവേ...അവള്‍ക്ക് കരച്ചിലും ചിരിയും ഒപ്പം വന്നു.
" ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന പഴംചൊല്ല് കരച്ചിലായും "ആണായാലും പെണ്ണായാലും ധൈര്യം വേണം" എന്ന അച്ഛന്‍ ചൊല്ല് ചിരിയായും പുറത്തേക്ക് വന്നു
ങ്ങനൊക്കെ ചെയ്യാന്‍ സാധിച്ചാല്‍ നല്ലത്. നടക്കുമല്ലേ.. എഴുത്ത് നന്നായിട്ടുണ്ട്
ReplyDelete