Thursday, October 3, 2013

കലിയുഗ സമാധി

കലിയുഗ സമാധി


വേദനകളുടെ തീക്കാലം മറഞ്ഞു
വേന്ദ്രന്മാരുടെ വെല്ലുവിളികളൊടുങ്ങി
ചിറകടിക്കുന്ന ബലിക്കാക്കകളുടെ ...
ചങ്കിടിപ്പിക്കുന്ന രോദനവും നിലച്ചു
സമാധിയാണിനി നീണ്ട സമാധി
സമാഗതമായേക്കാവുന്ന നവയുഗം കാത്ത്...

കനലെരിഞ്ഞ വഴിത്താരകളില്‍
കനിവും നീതിയും കനവായ് മറഞ്ഞു
തെറ്റു ചെയ്യാത്തവരെറിയേണ്ട കല്ലുകള്‍
തെരുതെരെയെറിഞ്ഞത് തെറ്റിന്‍റെ മക്കള്‍
എരിയുന്ന വയറുകളില്‍ ജലത്തിന്‍ ബദലായ്
എണ്ണ പോല്‍ മതവൈരം കോരിചൊരിഞ്ഞു

അവന്‍റെ ഭൂമിയും അവന്‍റെ പെണ്ണും
ആയിരം കാശിനു നീ സ്വന്തമാക്കി
നിനക്കോ സ്വന്തമായ് മണ്ണുണ്ട്,എങ്കിലും
നിദ്രയില്‍ സ്വച്ചമായ് വിരിയേണ്ട സ്വപ്നങ്ങളില്ല
പാലമൃത് ചുരത്തേണ്ട മാറിടങ്ങളെ
പാതിരാക്ക്‌ നീ വിലപേശി വിറ്റു

കാണ്മാന്‍ പഠിപ്പിച്ച കണ്ണടക്കുള്ളിലെ
കാന്തത്തിന്‍ ശക്തിയെ തോക്കാല്‍ തകര്‍ത്തു
പഴമയുടെ നറുമണം ഉതിര്‍ത്തോരീ ഭൂമിയെ
പടിപടിയായി ശവപ്പറമ്പാക്കി
മഴയായ് പൊഴിയേണ്ട മാമരക്കാടിനെ
മഴുവിന്‍റെ വായാല്‍ വീത് വച്ചു

സൌഹൃദഭാഷണം ഒളിക്കയ്യിന്‍ തീയുണ്ട
സല്ലാപമെന്നാല്‍ അണ്വാ‍യുധങ്ങളും
കുരുക്കിട്ടുവച്ചോരായുധക്കരാറുകളും
കുതികാല് വെട്ടുന്ന അന്താരാഷ്ട്ര നിലപാടുകളും
പതിയെ തിരിഞ്ഞു ചലിക്കുന്നു ഭൂമി
പഴയ ശിലായുഗ രീതികളിലേക്ക്

കണ്ണിനു പകരം കണ്ണ്
പല്ലിനു പകരം പല്ല്
ഒടുവില്‍ കണ്ണില്ലാ പല്ലില്ലാ
ഓര്‍മ്മയില്ലാ പൈതങ്ങള്‍
നിറഞ്ഞോരീ കലിയുഗം
സമാധിയിലെക്ക്, കലിയുഗ സമാധി..


No comments:

Post a Comment