Thursday, June 29, 2017

വിധവയുടെ രാത്രി (കള്‍)



വിധവയുടെ രാത്രി(കള്‍)
...................................................
രാത്രി രണ്ടരമണിക്ക്
നിന്നോടുള്ള പ്രണയത്തില്‍ 
ഉണരുകയും
തൃഷ്ണയാല്‍ വിയര്‍ക്കുകയും
ചെയ്യുന്നതിനെയാണവര്‍
വൈധവ്യമെന്നു വിളിക്കുന്നത്
ഉള്ളിലെ കുഴിമാടത്തിന്
മുകളിലെ പൂക്കള്‍ വാടുകയും
മെഴുകുതിരികള്‍ കെടുകയും
ചെയ്തിരുന്നു
അവക്കിടയില്‍ നിന്നെ ഞാന്‍
പരതിക്കൊണ്ടുമിരുന്നു
നീയാകട്ടെ എന്നെ പുണര്‍ന്നു
കിടന്നുകൊണ്ടെന്‍റെ
ആത്മാവിനെയെങ്കിലും തൊടാന്‍
ശ്രമിക്കുകയായിരുന്നു
പരസ്പരം തൊട്ടറിയാന്‍ കഴിയാത്ത
 കാലം വരുമെന്ന് നാം കണക്ക്
 കൂട്ടിയതേയില്ലല്ലോ
നിന്‍റെ നിസ്സഹായതയെ നീയും
എന്‍റെ വേദനയെ ഞാനും
പൊള്ളിയടര്‍ന്ന ചുമരില്‍
മരണമെന്നെഴുതി
വിധവയെന്നെഴുതി
കടമയെന്നെഴുതി
മക്കളെന്നെഴുതി
അനന്തമായ് നീളുന്ന ഒരു വരയുമെഴുതി..
നെടുവീര്‍പ്പിനെ പുതച്ചു ഞാനും
ഉടലില്ലായ്മയെ പുതച്ചു നീയും
ഒരേ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും
ഇനിയുള്ള രാത്രികള്‍ മുഴുവന്‍
ഉറങ്ങിത്തീര്‍ക്കുന്നുവെന്ന്
അഭിനയിക്കുമായിരിക്കും.
(അകാലത്തില്‍ വിധവയായിപ്പോയ കൂട്ടുകാരിക്ക് വേണ്ടി .. )

No comments:

Post a Comment