ഇന്നലെ ടൌണ്‍ വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. കിബൂറ്റ്സിന്‍റെ ഉള്ളിലേക്ക് വന്നു റൌണ്ട് ചെയ്തു പോകുന്ന മുപ്പത്തൊന്നാം നമ്പര്‍ ബസ് ഒന്നര മണിക്കൂര്‍ ഇടവിട്ടേയുള്ളൂ. അത്കൊണ്ട് കിബൂറ്റ്സിന് പുറത്ത് മെയിന്‍ റോഡിലേക്ക് ഒരു പത്തു മിനിട്ട് നടന്നു.
ഇരുപത്തിനാലാം നമ്പര്‍, നല്ല സുന്ദരന്‍ ഓറഞ്ചും വെള്ളയും നിറമുള്ള ബസ് കിട്ടി. ഇവിടത്തെ ബസ് കാണുമ്പോഴും അതില്‍ കയറുമ്പോഴും പണ്ട് ആദ്യമായി വേളാങ്കണ്ണിക്ക് പോയപ്പോള്‍ കയറിയ ടൂറിസ്റ്റ് ബസ് ഓര്‍മ്മ വരും. എന്തെന്നില്ലാത്ത സന്തോഷം തോന്നും. ഇവിടത്തെ ലൈന്‍ ബസുകളോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. അകലെ നിന്നു കാണുമ്പഴേ പ്രണയിക്കുന്നയാള്‍ അടുത്തേക്ക് വരുന്ന പോലെ എന്‍റെ ഹൃദയം തുടിക്കും, ചെറുതായൊന്നു പതറും, മുഖത്തൊരു പുഞ്ചിരി ഫിറ്റ് ചെയ്യും. ആദ്യം ബസിനോടും പിന്നെ ഡ്രൈവറോടും ശാലോം പറയും. അത് കഴിഞ്ഞു കണ്ടക്റ്റര്‍ കം ഡ്രൈവര്‍ക്ക് അഞ്ചു ഷെക്കലും അറുപത് അഗരോത്തും കൃത്യം കൊടുക്കും , ടിക്കറ്റ് കിട്ടും.
ഡ്രൈവറുടെ തൊട്ടു പുറകിലെ വിന്‍ഡോ സീറ്റ് മിക്കവാറും എനിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കും. അതാണെന്റെ പ്രിയപ്പെട്ട സീറ്റ്. പറഞ്ഞു വരുമ്പോള്‍ ഇത് ദൂരയാത്ര ആണെന്നൊന്നും കരുതണ്ട. കയറി ഇരുന്നു കൃത്യം നാലര മിനിറ്റ് കഴിഞ്ഞാല്‍ എനിക്ക് ഇറങ്ങണം. ഈ നാലര മിനിറ്റ് എനിക്കൊരു പ്രിയപ്പെട്ട പാട്ട് കേള്‍ക്കാന്‍ കഷ്ടിയേ തികയു.
ടൌണില്‍ ചെന്നാല്‍ അത്യാവശ്യം ചെയ്യേണ്ട ചില പോസ്റ്റല്‍ ബാങ്ക് ഇടപാടുകള്‍ കഴിഞ്ഞാല്‍ കണ്ട കടകളുടെ ഒക്കെ മുന്നിലൂടെയും ഉള്ളിലൂടെയും വെറുതെ നടക്കും. ഒരുതരം വായീനോട്ടം. കാര്യായിട്ട് ഒന്നും വാങ്ങില്ല.
പിന്നെ ഫുട്പാത്തില്‍ ഇരുന്നു ഗിറ്റാര്‍ വായിക്കുന്ന യേശുവിന്‍റെ മുഖമുള്ളവന്‍റെ സംഗീതം കേട്ടു കുറച്ചു നേരം നില്‍ക്കും, അവനോടു ചിരിക്കും, തിരികെ അവന്‍ ചിരിക്കുന്ന പോലെയാണ് കുരിശില്‍ കിടന്നു രണ്ടായിരം കൊല്ലം മുന്‍പ് മൂപ്പിലാനും കരഞ്ഞുകൊണ്ട് ചിരിച്ചത് എന്ന് സങ്കല്‍പ്പിക്കും.
ഇതൊക്കെ കഴിഞ്ഞു തിരികെ ബസ്‌സ്റ്റാന്‍ഡില്‍ വന്നു പന്ത്രണ്ടു മണിയുടെ മുപ്പത്തിഒന്നാം നമ്പര്‍ ബസില്‍ കയറുമ്പോള്‍ ആണ് ഈ പോസ്റ്റിന് ആധാരമായ സംഭവം നടക്കുന്നത്. ഡ്രൈവര്‍ ചേട്ടന്‍ ആദ്യത്തെ ആള്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ നോക്കുമ്പോള്‍ കാശോ കാര്‍ഡോ കൊടുത്താല്‍ ടിക്കറ്റ് തരുന്ന മെഷിന്‍ പ്രവര്‍ത്തിക്കുന്നില്ല. അദ്ദേഹം ഒന്നമ്പരന്നു എങ്കിലും മൂന്നാല് പ്രാവശ്യം പിന്നേം ട്രൈ ചെയ്തു. നോ രക്ഷ.
വരിയായി നില്‍ക്കുന്ന എല്ലാവരോടും ബസില്‍ കയറി ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം അവിടത്തെ മാനേജര്‍ ആണോ സൂപ്പര്‍വൈസര്‍ ആണോ എന്നെനിക്കറിയാത്ത ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചുവരുത്തി. ബസില്‍ സീറ്റ് നിറയെ ആളുണ്ട്. എനിക്കുറപ്പായി , ഇതില്‍ നിന്നും ഇറങ്ങേണ്ടി വരും, വേറെ ബസ് എടുത്തു വന്നു കയറി എല്ലാവരും ടിക്കറ്റ് കിട്ടി പുറപ്പെടാന്‍ മിനിമം പത്തു മിനിറ്റ് എങ്കിലും ആകും. എല്ലാവര്‍ക്കും ഇതേ സംശയം ഉള്ളപോലെ തോന്നി , എന്നാല്‍ ആരും ഒരക്ഷരം പോലും ശബ്ദിച്ചില്ല, ബഹളമില്ല. വന്നയാള്‍ ബസ് ഡ്രൈവറെ നോക്കുക മാത്രം ചെയ്തു. എന്നിട്ട് ബസിലിരിക്കുനവര്‍ക്ക് അഭിമുഖമായി നിന്നു പറഞ്ഞു.
"ബസിന്‍റെ ടിക്കറ്റ് എടുക്കുന്ന മെഷിന്‍ കമ്പ്ലയിന്റ് ആണ്. പക്ഷേ വേറെ ബസ് ഗാരേജില്‍ നിന്നു എടുത്ത് ഇവിടെ കൊണ്ടിട്ട് നിങ്ങളെല്ലാം അതില്‍ കയറി ടിക്കറ്റ് കിട്ടി പുറപ്പെടാന്‍ ഏഴു മിനിറ്റ് എങ്കിലും ആകുമെന്ന് ഞാന്‍ കണക്ക് കൂട്ടുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും ഏഴു മിനിറ്റ് വളരെ വിലയുള്ളതാണ്. അത്കൊണ്ട് ആരും പണം കൊടുക്കേണ്ടതില്ല. ഈ ബസ് ഇപ്പോള്‍ പുറപ്പെട്ട് നിങ്ങള്‍ ഓരോരുത്തരും ഇറങ്ങേണ്ട ഇടത്ത് ഇറക്കി തിരിച്ചു വന്നു കൊള്ളും. താമസിപ്പിച്ചതിന് ക്ഷമിക്കുക. എല്ലാവര്‍ക്കും നല്ല യാത്ര ആശംസിക്കുന്നു."
അഞ്ചു ഷെക്കല്‍ അറുപത് അഗരോത്ത് എനിക്ക് കൊടുക്കേണ്ടി വന്നില്ല. എന്‍റെ ഏഴു മിനിറ്റ് എനിക്ക് തിരികെകിട്ടി. ബസില്‍ ഇരുന്നു പിന്നെ ഞാന്‍ പാട്ട് കേട്ടില്ല. പകരം പത്തുപതിനഞ്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് കൊരട്ടിയില്‍ നിന്നു തൃശൂര്‍ക്ക് കയറിയ കെ എസ് ആര്‍ടി സി ബസിലെ കണ്ടക്റ്റര്‍ 32.50 രൂപയുടെ ടിക്കറ്റ് തീര്‍ന്നു എന്നും പറഞ്ഞ് 28 രൂപയുടെ ടിക്കറ്റ് തന്നതും കൊടുത്ത അമ്പതു രൂപയുടെ ബാക്കി ഇറങ്ങുമ്പോള്‍ തരാമെന്ന് പറഞ്ഞതും ശക്തന്‍ സ്റ്റാന്‍ഡില്‍ ഇറങ്ങാനായപ്പോള്‍ കണ്ടക്റ്റര്‍ ചേട്ടന്‍ മുന്‍ഭാഗത്തെവിടെയോ മാഞ്ഞുപോയതും ഇറങ്ങിക്കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടു കണ്ണുകള്‍ എന്നെ സൂത്രത്തില്‍ നോക്കുന്നത് കണ്ടതും ഓര്‍ത്തങ്ങനെ ഇരുന്നു.
ഇതിവിടെ പറഞ്ഞത് അന്യനാട്ടില്‍ പോയപ്പോള്‍ സ്വന്തം നാട് ആകെ മോശമായി അനുഭവപ്പെട്ടു എന്ന് പറയിപ്പിക്കാനല്ല. (നോട്ട് ദി പോയിന്‍റ് )
സ്വന്തം ജനത്തിന്‍റെ സമയത്തിനും ആവശ്യങ്ങള്‍ക്കും പ്രഥമപരിഗണന നല്‍കുന്ന രാജ്യത്ത് ഒരര്‍ത്ഥവും ഇല്ലാത്ത നിരോധനങ്ങള്‍ ഉണ്ടാവുകയില്ല മറിച്ച് അനുമതികള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് നിങ്ങളെ ഒന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്.

No comments:
Post a Comment