ഒരു മൂക്കുത്തിക്കഥ
.......................................
എണ്‍പത്തിഅഞ്ച് - തൊണ്ണൂറ് കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ മൂക്കുത്തി അണിയുമായിരുന്നത് ഹിന്ദുസ്ത്രീകളായിരുന്നു. മനോഹരങ്ങളായ മൂക്കുത്തികള്‍ അണിഞ്ഞ ചേച്ചിമാര്‍ പട്ടുപാവാടയും ദാവണിയും ഒക്കെ ഉടുത്ത് തൊട്ടടുത്തുള്ള സുബ്രമണ്യസ്വാമിക്ഷേത്രത്തില്‍ പോകുന്നതും മറ്റും ചെറുപ്പം മുതല്‍ കണ്ടാണ് വളര്‍ന്നത്.

എന്നാല്‍ എന്‍റെ മൂക്കുത്തിയോര്‍മ്മയില്‍ ആദ്യം തെളിഞ്ഞുവരുന്ന മുഖം എയ്ഞ്ചലച്ചേച്ചിയുടെതാണ്. ഒരു നസ്രാണിപ്പെണ്ണ് മൂക്ക് കുത്തുകയോ എന്ന് അക്കാലത്ത് പലരും മൂക്കുചുളിച്ചു. നസ്രാണിപ്പെണ്ണുങ്ങള്‍ പൊട്ടു തൊടുകയോ മൂക്കുകുത്തുകയോ പാദസരം അണിയുകയോ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുകയോ ഒക്കെ ചെയ്യുന്നത് നാട്ടില്‍ പതിവില്ല എന്ന് ചേച്ചിയെ ജോസപ്പേട്ടന്‍ കെട്ടിക്കൊണ്ടുവന്നതിനു ശേഷം പിന്നീടുള്ള ദിവസങ്ങളിലെ മുതിര്‍ന്നവരുടെ സംസാരത്തില്‍ നിന്നുമാണ് എനിക്ക് മനസ്സിലായത്.
എയ്ഞ്ചലചേച്ചിയെ ജോസപ്പേട്ടന്‍ കെട്ടിയത് അവരുടെ പതിനെട്ടാം വയസ്സിലാണ്. കല്യാണം കാണാന്‍ പോയ എന്നോട് "അവരുടെ വീട്ടില്‍ ഒരു മിന്നാമിനുങ്ങു വന്നു കയറിയ പോലെ " എന്നാണ് കൂട്ടുകാരി ഷീബ അന്ന് പറഞ്ഞത്. പിന്നീട് ആ വീട്ടുപടിക്കല്‍ കൂടി പോകുമ്പോഴൊക്കെ ഒരു നേര്‍ത്ത പ്രകാശം വീടിനു പുറത്തേക്ക് പ്രസരിക്കുന്നുണ്ടോ എന്ന് ഞാന്‍ ഒന്നുകൂടി കണ്ണുചിമ്മി നോക്കുമായിരുന്നു. വ്യാകുലമാതാവിന്‍റെ മുഖമെന്നും കാണാമറയത്തിലെ ശോഭനയുടെ ഭംഗിയെന്നും ആളുകള്‍ അവരവരുടെ അഭിരുചിക്കനുസരിച്ച് ചേച്ചിയെ പറ്റി പരസ്പരം പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്ര മനോഹരമായി നടക്കാന്‍ സാധിക്കും എന്ന് അവരുടെ നടപ്പ് കാണും വരെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അറിയുമായിരുന്നില്ല.
വിവാഹശേഷം എയ്ഞ്ചലച്ചേച്ചി ഞായറാഴ്ച കാലത്തേ ഏഴുമണിയുടെ കുര്‍ബാനക്ക് പള്ളിയില്‍ പോകാന്‍ തുടങ്ങി. ആദ്യത്തെ ഒന്നുരണ്ടാഴ്ച ജോസപ്പേട്ടന്‍ കൂടെയുണ്ടായിരുന്നു. പിന്നെപ്പിന്നെ ചേട്ടന്‍ ചേച്ചിയുടെ കൂടെ പോകാതെയായി. അന്നൊക്കെ കുര്‍ബാനക്ക് കൊടുക്കുമ്പോള്‍ വരിവരിയായി ചെന്ന് എല്ലാവരും അള്‍ത്താരയുടെ തൊട്ടുതാഴെ നില്‍ക്കുന്ന വൈദികന്‍റെ കയ്യില്‍ നിന്നുമായിരുന്നു ഓസ്തി സ്വീകരിക്കേണ്ടിയിരുന്നത്.
എയ്ഞ്ചലച്ചേച്ചി കുര്‍ബാന സ്വീകരിക്കാന്‍ വരിയില്‍ നിന്നാല്‍ വലതുവശത്തു നില്‍ക്കുന്ന എല്ലാ ആണുങ്ങളും അവരെ തന്നെ കണ്ണിമക്കാതെ നോക്കാന്‍ തുടങ്ങും. ഇടതുവശത്ത് നില്‍ക്കുന്ന സ്ത്രീകളുടെ മുഖം അസൂയയാല്‍ നിറയും. കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കാന്‍ തയ്യാറായി പള്ളിയില്‍ വന്ന എല്ലാവരും അപ്പോള്‍ വീണ്ടും മോഹം, അസൂയ എന്നിങ്ങനെയുള്ള പാപങ്ങളാല്‍ വീണ്ടും വി.കുര്‍ബാന സ്വീകരിക്കാന്‍ അയോഗ്യരാകും.
അവര്‍ കുര്‍ബാന സ്വീകരിച്ചു തിരിയുന്ന ഒരു നിമിഷമുണ്ട് അതാണ് ആ പള്ളിയിലെ ഏറ്റവും സംഭവബഹുലമായ നിമിഷം. അവരുടെ മൂക്കുത്തിയിലെ ഒറ്റക്കല്ലിന്‍റെ തിളക്കം ആണുങ്ങളുടെ വശം മുഴുവന്‍ പ്രഭാപൂരിതമാക്കുകയും പെണ്ണുങ്ങളുടെ വശത്തെ ഇരുളിലാക്കുകയും ചെയ്യുമ്പോള്‍ ലോകം ആ ഒരു നിമിഷത്തേക്ക് നിശ്ചലമാകും.
ആ നിമിഷത്തെ ഭയന്നാണ് ആദ്യം ജോസപ്പേട്ടനും പിന്നീട് അയലോക്കത്തെ വേറെ ചില ചേച്ചിമാരും ഏഴു മണിയുടെ കുര്‍ബാനയെ ഒഴിവാക്കി വെളുപ്പിനെ അഞ്ചുമണിക്കോ, പിള്ളേരുടെ കുര്‍ബനയായ ഒമ്പതരക്കുര്‍ബാനക്കോ നാലേമുക്കാലിന്റെ കുര്‍ബാനക്കോ ഒക്കെ പോകാന്‍ തുടങ്ങിയത് എന്ന് പറയപ്പെടുന്നു.
പള്ളിയകം മുഴുവന്‍ നടക്കുന്ന ഈ പുകിലൊന്നും ആ ചേച്ചി അറിഞ്ഞതേയില്ല, അല്ലെങ്കില്‍ അറിയുന്നില്ല എന്ന് ഭാവിച്ചു. പള്ളിയില്‍ മാത്രമല്ല വഴിയിലും വീട്ടുപടിക്കലുമൊക്കെ ചുറ്റിത്തിരിയുന്ന പലരെയും അവര്‍ അറിഞ്ഞില്ല.
സ്വന്തം ഭാര്യയുടെ സൌന്ദര്യം കൊണ്ടുമാത്രം അവളെ ഒഴിവാക്കി യാത്രകള്‍ നടത്തുന്ന ഭര്‍ത്താവിനെ മാത്രം അവര്‍ കണ്ടു. അയാള്‍ക്കും അയാളുടെ മക്കള്‍ക്കും വേണ്ടി ജീവിച്ചു.
പള്ളിയും ഏറ്റവും വേണ്ടപ്പെട്ട ചില ബന്ധുവീടുകളും അല്ലാതെ കാര്യമായി ഇടങ്ങളൊന്നും ജീവിതത്തില്‍ അവര്‍ ഒരിക്കലും സന്ദര്‍ശിച്ചില്ല.
ഭാര്യയുടെ സൌന്ദര്യത്തില്‍ അഭിമാനം കൊള്ളുകയും നാലാളുടെ മുന്നില്‍ അവളോടൊപ്പം പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന പുരോഗമനചിന്തയുള്ള ഭര്‍ത്താവായിരുന്നു ജോസപ്പേട്ടനെങ്കില്‍ എയ്ഞ്ചലച്ചേച്ചിയുടെ ജീവിതം മറ്റൊന്നാകുമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു .

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു എന്നവര്‍ പറഞ്ഞു. മറ്റു രണ്ടുപേരും പഠിക്കുന്നു. എയ്ഞ്ചലചേച്ചിയുടെ മുഖത്തിനും മൂക്കുത്തിക്കും ഒട്ടും പ്രായമായിട്ടേയില്ല. രണ്ടും ഒരുപോലെ തിളങ്ങുന്നു.
ചില മൂക്കുത്തികള്‍ അങ്ങനെയാണ്, പലതിനെയും തളച്ചിടും.
ചിലപ്പോള്‍ ജീവിതത്തെയും സമയത്തെയും പോലും...
ചിലപ്പോള്‍ ജീവിതത്തെയും സമയത്തെയും പോലും...

No comments:
Post a Comment