Thursday, January 17, 2019

ഒരേ ദിശയിൽ സഞ്ചരിക്കുന്ന ഒരുവൻ
..........................................................................
ചുമരിലെവിടെയോ ഇരുന്നു മിടിക്കുന്ന ക്ലോക്കിന്‍റെ സെക്കന്റ്‌ സൂചിയുടെ മിടിപ്പും ചീവിടിന്‍റെ പാട്ടും അല്ലാതെ എന്‍റെ ചെവിയില്‍ ഇപ്പോള്‍ വേറെ ശബ്ദങ്ങളില്ല. എന്നാല്‍
എന്‍റെയുള്ളില്‍ കുറെ വാക്കുകള്‍ ചുറ്റിത്തിരിയുന്നുണ്ട്. അവയെ ഇപ്പോള്‍ പകര്‍ത്തിയില്ല എങ്കില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകും എന്നറിയാം.
പക്ഷേ മടിച്ചിയായ ഞാന്‍ എഴുന്നേല്‍ക്കുകയില്ല. കട്ടിലിനരികിലെ മേശയില്‍ കൊണ്ടുവെക്കണം എന്നെപ്പോഴും കരുതുന്ന പേനയും കടലാസും അലമാരക്കുള്ളില്‍ ഇരുന്ന് പല്ലിളിക്കുന്നുണ്ടാവും.
എനിക്കെഴുതേണ്ടത് ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ഒരുവനെ കുറിച്ചാണ്. നിങ്ങളോട് ഞാനവനെ കുറിച്ച് പറഞ്ഞാല്‍ നിങ്ങളില്‍ ആരെങ്കിലും അതൊന്നു പകര്‍ത്തി കടലാസ്സിലാക്കാമോ.
വെയിറ്റ് വെയിറ്റ്.....ധൃതി പിടിക്കരുത്.
അതങ്ങനെ എളുപ്പം പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല.
എന്‍റെ വീടിന്‍റെ വലതുവശത്തെ വീടിന്‍റെ മുകള്‍ഭാഗം ഒരു സൈക്കോളജിസ്റ്റ് തന്‍റെ ക്ലിനിക്‌ നടത്താന്‍ വേണ്ടി വാടകക്ക് എടുത്തിട്ട് മാസങ്ങളായി. വലത് എങ്ങനെ കണക്കാക്കും എന്നോ നോക്കു, നിങ്ങള്‍ക്ക് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് നടന്നു മാത്രമേ എന്‍റെ വീട്ടിലേക്ക് വരാനാവൂ. അപ്പോള്‍ എന്‍റെ വീട് കഴിഞ്ഞു വരുന്ന വീട് വലതുവശത്തെ വീടായി വരും. മനസ്സിലായോ. ഇല്ല അല്ലേ... ഇടതുവശത്ത് നിന്ന് നിങ്ങള്‍ക്ക് എന്‍റെ വീട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. രണ്ട് വീടിനപ്പുറം അടച്ചുകെട്ടപ്പെട്ട കൃഷിയിടങ്ങളാണ്, എന്ന് വെച്ചാല്‍ റോഡ്‌ അവിടെ അവസാനിക്കും.
ഈ സൈക്കോളജിസ്റ്റ് അവിടെ വന്നു ക്ലിനിക്‌ തുടങ്ങിയതിന്‍റെ പിറ്റേന്ന് മുതല്‍ അപരിചിരായ പലരും ഈ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. എനിക്ക് പ്രത്യേകിച്ച് വലിയ പണിയൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ എന്‍റെ അടുക്കള ജാലകത്തിലൂടെ അവരെ നിരീക്ഷിക്കുവാനും തുടങ്ങി.
ഒരു കാര്യം പറയാം , എന്‍റെ അടുക്കള എന്‍റെ വീടിന്‍റെ മുന്‍ഭാഗത്താണ്. അതങ്ങിനെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ഒന്നോ രണ്ടോ ആഴ്ച മിണ്ടാവ്രതം അനുഷ്ടിക്കുകയും കൂടി ചെയ്യണമെന്നു പണ്ട് ഞാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതൊന്നും വേണ്ടി വന്നില്ല, ഈ നാട്ടില്‍ അടുക്കളകള്‍ പൊതുവേ വീടിന്‍റെ മുന്‍ഭാഗത്ത്‌ തന്നെയായിരുന്നു എന്നത്കൊണ്ട് എന്‍റെ അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക് എന്ന ഫെമിനിസ്റ്റ് ചിന്താഗതിയെ ഞാനായിട്ട് അധികം പരിപോഷിപ്പിക്കെണ്ടി വന്നില്ല.
അങ്ങനെ അടുക്കളജാലകത്തിലൂടെ നോക്കുമ്പോള്‍ തലമുടി പിരുപിരുന്നനെ ചുരുണ്ട ഒരു സ്ത്രീ, ഒരു നാല്‍പ്പത് നാല്‍പത്തഞ്ചു വയസ്സ് പ്രായം തോന്നും എന്നും രാവിലെ പത്തു മണിക്ക് പോകുന്നത് കാണും. കൃത്യം പതിനൊന്നര കഴിഞ്ഞ് ഒരു മിനിറ്റിനു തിരിച്ചു പോകുന്നതും കാണാം.
മൂന്നോ നാലോ ആഴ്ചക്കിപ്പുറം ഇപ്പോള്‍ ഞാനവരെ കാണുമ്പോള്‍ ഉള്ള ഏകവ്യത്യാസം അവരുടെ പിരുപിരു മുടി കുറേശ്ശെ നിവരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് മാത്രമാണ്. ബാക്കിയെല്ലാം അങ്ങനെ തന്നെ..വലത്തോട്ട് ചെരിഞ്ഞ്, പകുതി കണ്ണുകള്‍ അടച്ച്, വലത്തേ കൈ ബാഗില്‍ മുറുകെ പിടിച്ച്, ഇടതുകൈ നേര്‍രേഖയില്‍ തൂക്കിയിട്ട്, അവര്‍ എന്നും വരും പോകും.
പത്തുപന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടി എന്തോ പിറുപിറുത്തുകൊണ്ട് മൂന്നുമണിക്ക് അങ്ങോട്ട്‌ പോകുന്നത് കാണും. അവനെ കാറില്‍ നിന്നിറക്കി ക്ലിനിക്കിലേക്ക് വിടുന്നത് ആരെന്നു കാണാറില്ല, പക്ഷേ ഒരിക്കല്‍ എന്‍റെ ജാലകപ്പഴുതിലൂടെ കാണാവുന്ന ദൂരത്തില്‍ നിന്നുകൊണ്ട് പുറകിലേക്ക് നോക്കി "ഫക്ക് "എന്നുറക്കെ അവന്‍ പറഞ്ഞതും അതിന് അനുയോജ്യമായ വിരല്‍ ഉയര്‍ത്തിക്കാണിച്ചതും ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്തു. നാലു മണിയോട് കൂടി അവനും തല കീഴ്പ്പോട്ടാക്കി ചുണ്ടുകള്‍ അനക്കുക പോലും ചെയ്യാതെ തിരികെ പോകും.
ഇനിയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച ആള്‍ വരുന്നത്. ആഴചയില്‍ എല്ലാ ദിവസവും അദ്ദേഹം വരുന്നില്ലെന്ന് ഞാന്‍ കണ്ടുപിടിച്ചു. വെള്ളിയാഴ്ചകളിൽ മാത്രമാണ് അഞ്ചു മണിക്ക്ശേഷം അയാള്‍ ഈ വഴി കടന്നുപോകുന്നത്. ആറുമണിക്ക് ക്ലിനിക്‌ അടച്ച് ആ സൈക്കോളജിസ്റ്റ് സ്ത്രീ തിരികെ പോകുന്നത് ഞാന്‍ കാണും.
പക്ഷേ അങ്ങോട്ട്‌ പോയ മനുഷ്യന്‍ തിരികെ പോവുന്നില്ല എന്നത് പതിയെ പതിയെ ഞാന്‍ ഉറപ്പിക്കാന്‍ തുടങ്ങി.
ഇന്നലെ ആ മനുഷ്യന്‍ ക്ലിനിക്കിലേക്ക് പോയപ്പോള്‍ അയാള്‍ തിരികെ എങ്ങോട്ട് പോകുന്നു എന്നറിയാന്‍ തന്നെ തീരുമാനിച്ചു. ഇടവഴിയുടെ എതിര്‍വശം കുറച്ചു പൊക്കത്തിലുള്ള അടുത്ത റോ വീടുകളുടെ അതിര് തിരിച്ചിരിക്കുന്ന കല്‍ക്കെട്ടുകള്‍ ഉണ്ട്. അവയിലൊന്നില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. വേനലിന്‍റെ മഞ്ഞപുഷ്പങ്ങള്‍ ഉതിര്‍ത്തുകൊണ്ടൊരു വലിയ മരം എന്‍റെ പിറകിലായി എന്നേക്കാള്‍ ജാഗ്രതയോടെ നിലകൊണ്ടു. അതിന്‍റെ ഉയര്‍ന്ന ചില്ലയിലൊരു മരംകൊത്തി അന്യന്‍റെ കാര്യമന്വേഷിക്കാനുള്ള എന്‍റെ മലയാളിത്വരയെ കൊത്തിയോടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
വാച്ചില്‍ ഇടയ്ക്കിടെ അക്ഷമയായി സമയം നോക്കിക്കൊണ്ടിരുന്നു. ആറരക്ക് എനിക്ക് പ്രിയപ്പെട്ട കുക്കിംഗ്‌ പ്രോഗ്രാം കാണണം. ഏഴേകാലിന് മാര്‍ട്ടിന്‍ എവിടെ എത്തിയെന്ന് വിളിച്ചു ചോദിക്കണം. അതിനനുസരിച്ച് അത്താഴം തയ്യാറാക്കണം. ബെറ്റി എന്ന എന്‍റെ പ്രിയപ്പെട്ട പൂച്ചക്ക് ആഹാരം കൊടുക്കണം...പിടിപ്പത് പണിയുണ്ട്.
അപ്പോള്‍ ഇതാ സൈക്കോളജിസ്റ്റ് കോവണിയിറങ്ങി നിരത്തിലേക്ക് വന്നു പൊക്കത്തിരിക്കുന്ന എന്നെ കണ്ടു ചെറുചിരിയോടെ ഹായ് പറഞ്ഞു. എന്നെ കടന്നു പോയി. അവര്‍ അവിടെ വന്നിട്ട് കുറച്ചു നാളായി എങ്കിലും ഇത്രയടുത്ത് ഞാനവരെ കണ്ടിട്ടില്ല. ജാലകത്തിലൂടെയുള്ള കാഴ്ച്ചയില്‍ ഏകദേശരൂപം കിട്ടിയിട്ടുണ്ട് എന്നല്ലാതെ അവരുടെ മുഖത്തിന്‍റെ ഫീച്ചേഴ്സ് ക്ലീയര്‍ ആയിരുന്നില്ല. മനോഹരമായ നീലക്കണ്ണുകള്‍, സില്‍ക്ക്നൂലുകള്‍ പോലെ പാറുന്ന സ്വര്‍ണ്ണനിറമുള്ള തലമുടി , ഏകദേശം അറുപതു വയസ്സെങ്കിലും പ്രായം കാണും എന്ന് അവരുടെ ശരീരം കൊണ്ട് മനസ്സിലാക്കിയതല്ല, മറിച്ച് ഇന്നാട്ടിലെ സ്ത്രീകള്‍ എഴുപതു വയസ്സായാലും നാട്ടിലെ മുപ്പതുകാരികളെക്കാള്‍ സൗന്ദര്യവും ചുറുചുറുക്കും ഉള്ളവരായിരിക്കും എന്ന അനുഭവം കൊണ്ട് മനസ്സിലായതാണ്. അവരുടെ പേരെനിക്ക് അറിയില്ല. പക്ഷേ അവര്‍ ഉപയോഗിച്ചിരിക്കുന്ന പെര്‍ഫ്യുമിന്‍റെ പേര് വെര്‍സാച്ചേ യെലോ ഡയമണ്ട് ആണെന്ന് ആ സുഗന്ധം കൊണ്ടെനിക്ക് മനസ്സിലായി. പെട്ടെന്ന് എനിക്ക് എവ്റിലിനെയും അവള്‍ ആ പെര്‍ഫ്യും പിറന്നാള്‍ സമ്മാനമായി കൊണ്ടുവന്ന ദിവസവും ഓര്‍മ്മ വന്നു. കുറെ നാളായി അവള്‍ക്ക് ഒരു സന്ദേശം എങ്കിലും അയച്ചിട്ട്, വീട്ടില്‍ ചെന്നിട്ടു ചെയ്യാന്‍ അത് കൂടി കണക്കില്‍ വെച്ചു.
ആകാശം ഇരുളാന്‍ തുടങ്ങിയിരിക്കുന്നു, ആ മനുഷ്യനെ കാണാനില്ല.
ഇനിയും ഇവിടിരിക്കാന്‍ വയ്യ, ഞാനെഴുന്നേറ്റു വഴിയുടെ അറ്റം വരെ നടന്നു.ഇല്ല, ഇവിടെങ്ങും കാണാനില്ലല്ലോ എന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അതാ ആ വീടിന്റെ മുൻവശത്തെ ലോണിലെ ചെറുകസേരകളിൽ ഒന്നിൽ അയാൾ കൂനിക്കൂടി ഇരിക്കുന്നു.
ഞാനയാളുടെ അരികിലേക്ക് ചെന്നു. "എന്തിനാണ് ഇവിടെ ഇരിക്കുന്നത്, സൈക്കോളജിസ്റ്റ് ഇറങ്ങിപ്പോയത് കണ്ടില്ലേ "എന്ന് ചോദിച്ചു.അയാൾ മെല്ലെ തലയുയർത്തി. മുഷിഞ്ഞൊരു വേനൽസന്ധ്യയിൽ നരച്ചു പോയ ആകാശം അയാളുടെ കണ്ണുകളിൽ വീണു കിടക്കുന്നു. ഇണയകന്നു പോയ കിളിയൊന്ന് അയാളുടെ ചുണ്ടുകളെ വിറ കൊള്ളിക്കുന്നു.
എണീക്കുമ്പോൾ ഇടറാൻ തുടങ്ങിയ അയാളുടെ കയ്യിൽ പിടിച്ചു ഞാനതിനു സഹായിച്ചു. നേരത്തെ കടന്നുപോയ സ്ത്രീയെ ചൊല്ലി സ്വയം വെടിയുതിർത്തു മരിച്ച അയാളുടെ ഭാര്യയെക്കുറിച്ചയാൾ പറഞ്ഞു , അപ്പോൾ ആ വേനൽ സന്ധ്യയിലും മഞ്ഞുകാലത്തെന്ന പോലെ അയാളുടെ വായിൽ നിന്ന് ആവിയുയരുകയും കൈപ്പത്തികൾ ഐസ് പോലെ മരവിച്ചിരിക്കുകയും ചെയ്തു.
ജീവിതത്തിൽ നിന്ന് പണ്ടേ ഇറങ്ങിപ്പോയൊരാൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും മരണം വരെ ഈ ദിശയിൽ മാത്രം അയാൾ സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നു എനിക്ക് വെളിപാടുണ്ടായി.
പെട്ടെന്നിരുണ്ടു പോയ ഇടവഴിയിൽ വഴിവിളക്ക് തെളിയാൻ വൈകുന്നതെന്തേ എന്ന ചിന്തയോടെ ഞാൻ തിരികെ നടന്നു തുടങ്ങി.
NB :-മടിച്ചിയായ എനിക്ക് വേണ്ടി ഇത് എഴുതിത്തീർത്ത വായനക്കാരാ നന്ദി

No comments:

Post a Comment