Wednesday, January 2, 2019

പുതുവർഷത്തിലെ ആദ്യദിനം ദേശാടനപ്പക്ഷികൾക്കൊപ്പമായിരുന്നു.
കൂട് വിട്ട് കാതങ്ങൾ താണ്ടുകയും പല നാടുകളിൽ എത്തുകയും വർഷത്തിൽ ഒന്നോ രണ്ടോ തവണ തിരിച്ചു പറക്കുകയും ചെയ്യുന്ന ആ പക്ഷികളെക്കാൾ നല്ല മറ്റൊരു കാഴ്ച പ്രവാസികൾക്ക് കാണാൻ ഉണ്ടാവുമോ.
അഗമോൺ ഹൂല (Agamon Hula)
........................................
ദേശാടനപ്പക്ഷികളെ ഒട്ടും ശല്യപ്പെടുത്താതെ പക്ഷികളെ കാണാൻ വരുന്ന അതിഥികൾക്ക് ,അവയുടെ യഥാർത്ഥ പരിസ്ഥിതിയിൽ കാണാൻ അവസരമൊരുക്കുന്ന ലോകത്തിലെ ഒരേ ഒരിടമാണ് ഇസ്രായേലിലെ അഗമോൺ ഹൂല എക്കോളജിക്കൽ സൈറ്റ് .
റൊമാനിയയിലെ ഡാന്യൂബ് ഡെൽറ്റയിൽ നിന്നും ആഫ്രിക്കയിലെ വിക്ടോറിയ ,നൈൽ എന്നീ നദീതീരങ്ങളിലേക്കും തിരിച്ചുമായി ഏകദേശം അഞ്ചു ലക്ഷം ദേശാടനപ്പക്ഷികളാണ് ഇസ്രായേൽ വഴി ഓരോ വർഷവും പറക്കുന്നത്.
ഒന്നാം തീയതി രാവിലെ പതിനൊന്നു മണിയോട് കൂടെയാണ് അഗമോൺ ഹൂലയിൽ എത്തിയത്. മഞ്ഞുകാലമാണ്, ഒരാഴ്ച്ചയായി തുടരെ മഴയാണ്, ഈ ചൊവ്വാഴ്ച മഴയില്ലാത്ത ദിവസമായിരിക്കും എന്ന കാലാവസ്ഥപ്രവചനം അനുസരിച്ചാണ് ഒന്നാം തീയതി തന്നെ ഇങ്ങോട്ടേക്ക് തിരഞ്ഞെടുത്തത്.
ഇന്നിപ്പോൾ ഇതെഴുതി കൊണ്ടിരിക്കുമ്പോൾ പുറത്തു നല്ല മഴയാണ്.
ഇസ്രയേലിനെ സിറിയയുമായി വേർതിരിക്കുന്ന റാമാത് ഗോളാൻ മലനിരകൾക്കും ലെബനോനുമായി അതിർത്തി പങ്കിടുന്ന നഫ്താലി മലനിരകൾക്കും ഇടയിലുള്ള സമതലപ്രദേശത്തിലെ ചെറു തടാകം ഉൾപ്പെടുന്ന എട്ടര കിലോമീറ്ററോളം ചുറ്റിക്കാണാനുള്ള പാരിസ്ഥികപ്രദേശമാണ് അഗമോൺ ഹൂല.
ധാരാളം സൈക്കിളുകളും ചവിട്ടിപ്പോകാവുന്ന തരത്തിലുള്ള നാലു ചക്രവാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രൈവറ്റ് വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. എന്നാൽ പക്ഷികളുടെ അടുത്ത് വരെ എത്തി അവയെ കാണണമെങ്കിൽ പ്രത്യേക തരം ട്രാക്റ്ററുകൾ ഉണ്ട്. ഒരു ഭാഗം തുറന്ന വലിയ വാഗൺ ട്രാക്റ്ററിനോട് ബന്ധിപ്പിച്ച പോലെയുള്ള ഈ വാഹനത്തെ ദേശാടനപക്ഷികൾ ഭയക്കുന്നില്ല.കാരണം അവക്ക് തീറ്റയുമായി എന്നും എത്തുന്ന ട്രാക്റ്ററുകളുടെ ശബ്ദം അവക്ക് സുപരിചിതമാണ് .ആറു മുതൽ എട്ടു വരെ ടൺ ചോളമാണ് ഈ പക്ഷികൾക്ക് തീറ്റയായി ഓരോ ദിവസവും നൽകുന്നത്.
നൂറ്റാണ്ടുകളായി ഈ പക്ഷികൾ ഇതുവഴി പറക്കുകയും ഇടയിൽ ഇസ്രായേലിൽ വിശ്രമത്തിനു ഇറങ്ങുകയും ചെയ്യുന്നുണ്ടാവാം. എന്നാൽ 1980 നോട് കൂടിയാണ് ഇവയൊരു പ്രശ്നമായി മാറിയേക്കാം എന്ന് ഇസ്രയേലികൾ കണ്ടെത്തിയത്. അക്കൊല്ലം ഹുലയിൽ നട്ട കപ്പലണ്ടി, ചോളം, ഉരുളക്കിഴങ്,കാരറ്റ് എല്ലാം തന്നെ ഈ ദേശാടനപക്ഷികളുടെ ഭക്ഷണമായി മാറി. നിയമപരമായി ഇവയെ കൊല്ലാൻ പാടില്ല എന്നതും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടുമുള്ള സ്നേഹവും ഒരു വശത്തും എന്നാൽ കർഷകരുടെ വിഷമം മറു വശത്തുമായപ്പോൾ ഈ പ്രശ്നത്തിന് ഉണ്ടായ പരിഹാരമാണ് ഇപ്പോൾ അഗമോൺ ഹുല എന്ന പേരിൽ നിവർന്നു കിടക്കുന്നത്.
ഇതിലേ കടന്നു പോകുന്ന എല്ലാ പക്ഷികൾക്കും -നവംബർ മുതൽ മാർച്ച് വരെയാണ് പൊതുവെ എങ്കിലും വർഷം മുഴുവനും ഏതെങ്കിലുമൊക്കെ പക്ഷികൾ ഇവിടെ കാണും-ഭക്ഷണം നൽകി അവയെ കൃഷി നശിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ഒപ്പം അവയുടെ ഈ വഴിയുള്ള ദേശാടനം മുടങ്ങാതെ നോക്കുകയും ചെയ്യുക എന്ന ആശയം വളരെ വിജയകരമായിരുന്നു. അമ്പതിനായിരത്തോളം കൊറ്റികളും അപൂർവ്വം കഴുകന്മാരും എരണ്ടകളും ഒക്കെ ഈ ദിവസങ്ങളിൽ അവിടെ താമസമുണ്ട്.
ട്രാക്റ്ററിൽ കൂടെയുണ്ടായിരുന്ന ഗൈഡ് "മയാൻ "എന്ന സ്ത്രീ പക്ഷികളിലെ ആണിനേയും പെണ്ണിനേയും കുടുംബത്തെയും മകനെയും മകളെയും വരെ അവയുടെ പ്രത്യേകതകൾ വിവരിച്ചു പറഞ്ഞു തന്നു.മൊബൈൽ ഫോണുകൾ സൈലന്റ് ആക്കണം എന്ന നിർബന്ധം പക്ഷികൾക്ക് ഒരു തരത്തിലുമുള്ള ശല്യം വരാതെയും അവ പറന്നു പോകാതെയും സൂക്ഷിക്കാൻ വേണ്ടിയാണ് എന്ന് മാത്രമല്ല ട്രാക്റ്ററിൽ ഒന്നെഴുന്നേറ്റു നില്ക്കാൻ പോലും അവർ സമ്മതിച്ചില്ല .
ഞാൻ മലയാളിയാണ് ,വെറും പക്ഷികളുടെ കാര്യത്തിൽ ഇത്ര ശ്രദ്ധയോ എന്ന് ചോദിച്ചില്ലെങ്കിൽ ഞാൻ മലയാളി അല്ലാതായിപ്പോവുമെന്ന ഭയം കൊണ്ട് ചുമ്മാ ഉറക്കെ ചോദിച്ചു നോക്കി.മൂന്നു വശത്തു നിന്നും മനുഷ്യരും ഒരു വശത്തു നിന്നും പക്ഷികളും എന്നെ രൂക്ഷമായി നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല.എന്റെ ഭാഗ്യം.
ഇടയിൽ ചോളവും കൊണ്ട് പോകുന്ന ട്രാക്റ്ററും അതിനെ മനസ്സിലാക്കി ഒപ്പം നീങ്ങുന്ന പക്ഷികളെയും കൗതുകപൂർവ്വം കണ്ടു.
ദേശാടനത്തിന് ഇറങ്ങുന്ന പക്ഷികളെ പ്രോത്സാഹിപ്പിക്കുകയും വീണ്ടും ഇവിടെ വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന അഗമോൺ ഹൂലയിൽ പ്രകൃതി അതിൻ്റെ സർവ്വഭാവങ്ങളോടും കൂടി വിലസുന്നു.ആ താഴ്‌വരയിൽ നിൽക്കുമ്പോൾ അങ്ങകലെ ഹെർമ്മോൺ മല നെറുകയിൽ മഞ്ഞണിഞ്ഞു നിൽക്കുന്ന സുന്ദരമായ കാഴ്ചയും കാണാം.
നല്ലൊരു പുതുവർഷദിനം സമ്മാനിച്ചതിന് ദേശാടനപ്പക്ഷികൾക്ക് നന്ദി !!

No comments:

Post a Comment