പദപ്രശ്നം
......................
ദാ.....ഇവിടെ മൂന്ന് അക്ഷരം കൂടി ചേര്‍ത്താല്‍ നിന്‍റെ സ്ക്രാബിള്‍ പൂര്‍ത്തിയാവും. മീര wolf എന്ന് മുകളില്‍ നിന്നു താഴേക്ക് പൂരിപ്പിച്ചുകൊണ്ട് എഫില്‍ നിന്നു വലത്തോട്ട് ഒഴിഞ്ഞു കിടക്കുന്ന മൂന്നു കോളവും അതിനപ്പുറത്തെ ഇയും ആറും സെലിനെ കാണിച്ചു.
സെലിന്റെ ആലോചനയുടെ നീളം കൂടുന്നത് കണ്ടതുകൊണ്ട് മീര സംസാരിക്കാന്‍ തുടങ്ങി. പുറത്ത് മഴ പെയ്യുന്നുണ്ട്, "ഇടവത്തില്‍ മഴ ഇടവഴി നീളെ" എന്ന് പണ്ട് അമ്മമ്മ പറയാറുണ്ട്. എല്ലാരും പറയുന്ന പോലെ തന്നെ മഴയോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. പൂനെയിലെ ഓഫിസില്‍ ഇരിക്കുമ്പോള്‍ നാട്ടിലെ പുതുമഴയുടെ മണം ചിലപ്പോഴൊക്കെ എന്നെ വല്ലാതെ മോഹിപ്പിക്കും. പണ്ടത്തെ തറവാട്ട്‌വീടിന്‍റെ ഓടിട്ട മേല്‍ക്കൂരയില്‍ മഴ താളം പിടിക്കുന്നതും കേട്ടുറങ്ങാന്‍ വല്ലാതെ കൊതിയാവും. നീയെന്താ ഇത്ര ആലോചിക്കുന്നത്, ഒരു മൂന്നക്ഷരം ചേര്‍ത്താല്‍ ഇന്നത്തെ കളിയില്‍ നീ ജയിച്ചല്ലോ.
ഓ, എന്‍റെ സെലിന്‍ നീ ഇത്ര മണ്ടിയാണോ, ആ എഫിന്‍റെ അടുത്ത് എയും റ്റിയും എച്ചും വെച്ചാല്‍ നിന്‍റെ വിജയവാക്കായില്ലേ. "ഫാദര്‍" ഇനീം എനിക്ക് വിശപ്പു സഹിക്കാന്‍ വയ്യാത്ത കൊണ്ടാ ഞാന്‍ പറഞ്ഞു തരുന്നേ." മീര അസഹ്യതയോടെ പറഞ്ഞുനിറുത്തി.
സെലിന്‍ തലകുടഞ്ഞു കൊണ്ടു പെട്ടെന്ന് പറഞ്ഞു "നിനക്കറിയാമോ ഫാദര്‍ എന്ന വാക്കിനെ ഞാന്‍ എത്ര വെറുക്കുന്നു എന്ന്'. മീര ഒന്ന് ഞെട്ടുകയും അവളുടെ കൈ തട്ടി ചില വാക്കുകട്ടകള്‍ സ്ഥാനം മാറി അര്‍ത്ഥമില്ലാത്ത വാക്കുകളായി മാറുകയും ചെയ്തു. ഒരായിരം ചോദ്യചിഹ്നങ്ങള്‍ കണ്ണു കൊണ്ടെയ്തുകൊണ്ട് അവള്‍ സെലിനെ തുറിച്ചു നോക്കിയിരിക്കവേ സെലിന്‍ പതിഞ്ഞശബ്ദത്തില്‍ തുടര്‍ന്നു.
"സൌദിയിലായിരുന്നു എന്‍റെ ബാല്യകാലം മുഴുവന്‍ ഞങ്ങള്‍ കഴിഞ്ഞത്. എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ എന്‍റെ മമ്മി എന്നെ വല്യമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടാക്കി. എന്തുകൊണ്ടെന്നറിയുമോ ? എന്‍റെ പപ്പ എന്ന് ഞാന്‍ വിളിച്ചിരുന്ന പിന്നീട് ഒരിക്കലും ഞാന്‍ മുഖത്ത് നോക്കാന്‍ പോലും ഇഷ്ടപ്പെടാത്ത എനിക്ക് ജന്മം തന്ന ആ മനുഷ്യന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാമത്തെ പ്രാവശ്യവും എന്‍റെ ശരീരത്തില്‍ കയറി ഇറങ്ങുന്നത് കണ്ടുകൊണ്ട് മമ്മി ജോലി കഴിഞ്ഞു വന്നപ്പോള്‍. പപ്പയോടു മമ്മിക്ക് അടക്കാനാവാത്ത പ്രണയമായിരുന്നു. എനിക്ക് താഴെ രണ്ടു പെണ്‍ മക്കള്‍ കൂടി ഉണ്ടായിരുന്നിട്ടും പപ്പക്ക് ഒരാണ്‍കുട്ടിയെ കൊടുക്കാന്‍ മമ്മി വല്ലാതെ ആഗ്രഹിച്ചിരുന്നു. പപ്പയും മമ്മിയും തമ്മില്‍ ആ ദിവസം മുഴുവന്‍ വഴക്കിട്ടു. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ മമ്മിയുടെ ദേഷ്യം എന്‍റെ നേരെയായിരുന്നു. പത്തു ദിവസത്തോളം എന്‍റെ മുറിയില്‍ മമ്മി എന്നെ പൂട്ടിയിട്ടു. ആഹാരം തരാന്‍ മാത്രം വാതില്‍ തുറന്നു. പതിനൊന്നാം ദിവസം രാവിലെ മമ്മിയും ഞാനും സൌദിയില്‍ നിന്ന് ചേലക്കരയിലെ വല്യമ്മച്ചിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. പിന്നീട് മമ്മി എല്ലാ വര്‍ഷവും എന്നെ കാണാന്‍ അവിടെ വരും. ഏഞ്ചലിനെയും ജോമോളെയും ഒന്നരാടന്‍ കൊല്ലം കൊണ്ടുവരും. പത്തു ദിവസം വല്യമ്മച്ചിയുടെ വീട്ടില്‍ താമസിക്കും, പിന്നെ പപ്പയുടെ വീട്ടിലേക്ക് അവര്‍ പോകും. പപ്പാ അവിടെ വന്നിട്ടുണ്ടാകും എനിക്കുറപ്പാണെങ്കിലും കഴിഞ്ഞ പതിനൊന്നു കൊല്ലത്തില്‍ പപ്പ എന്ന് വിളിക്കേണ്ട ആ മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല.
എഫിന് അടുത്ത് യു വും സിയും കെയും വെച്ച് സെലിന്‍ തന്‍റെ പദപ്രശ്നം ഫിനിഷ് ചെയ്തു. പുറത്ത് മഴ തോര്‍ന്നിരുന്നില്ല. ഒരു മഞ്ഞചിത്രശലഭം ജനലിന്‍റെ നെറ്റില്‍ തട്ടിപ്പറന്നു മഴയില്‍ നിന്നൊളിക്കാന്‍ ഇടം തേടിക്കൊണ്ടിരുന്നു.

No comments:
Post a Comment