രണ്ടു പെണ്‍കുട്ടികള്‍
............................................
മരണം കറുപ്പിനും വെളുപ്പിനും ഇടയിലെ വളരെ നേര്‍ത്ത ഒരു വരക്കപ്പുറമാണെന്ന് പല്ലവി തിരിച്ചറിഞ്ഞത് തന്‍റെ ഇരുപത്തിരണ്ടാം വയസ്സിലാണ്.
ജീവിതത്തിന്‍റെ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു തുളുമ്പുന്ന അവളും അനുജത്തിയും, അന്നേവരെ മരണവീടുകളില്‍ പോലും അവിടങ്ങളിലെ നിറമില്ലായ്മയെ പലതും പറഞ്ഞ് അടക്കി ചിരിക്കുമായിരുന്നു.
ഇളംപച്ചനിറത്തോട് ചേച്ചിക്കുള്ള പ്രണയം മനസ്സിലാക്കിയത് കൊണ്ടാവാം അനിയത്തിയും അതേ നിറത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
ചേച്ചി പിന്നീട് ചുവപ്പും പര്‍പ്പിളും ഒക്കെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോഴും ഇളയവള്‍ ഇളംപച്ചയില്‍ മാത്രം ഒതുങ്ങിനിന്നു.
രണ്ടു പെണ്‍കുട്ടികള്‍ ഒരു വീട്ടില്‍ ഉണ്ടാവുക എന്നാല്‍ ആ വീട് നിറങ്ങളുടെ മേളയാകുന്നു എന്നാണ്.
മഞ്ഞിന്‍റെ നിറമുള്ള നേര്‍ത്ത ഒരു തിരശീലക്കിടയിലൂടെ അനിയത്തി കടന്നുപോകുന്നത് നിറയാന്‍ പോലും കെല്‍പ്പില്ലാതെപോയ കണ്ണുകളോടെ പല്ലവിക്ക് ഒരു ദിവസം നോക്കി നില്‍ക്കേണ്ടി വന്നു.
അന്നേ ദിവസം മുതലാണ് നിറങ്ങളുടെ അര്‍ത്ഥമില്ലായ്മ അവള്‍ തിരിച്ചറിഞ്ഞത്.
അനിയത്തി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇളംപച്ചഷാള്‍ പുതപ്പിച്ച് അവളെ യാത്രയാക്കിയപ്പോഴാണ് അതോടൊപ്പം വീട്ടിലെ എല്ലാ നിറങ്ങളും ചുണ്ടിലപ്പോഴുമുണ്ടായിരുന്ന കുസൃതിച്ചിരിയില്‍ ഒളിപ്പിച്ച് അവള്‍ കൊണ്ടുപോയതും.
പിന്നീട് വീടും പല്ലവിയും വേര്‍രിച്ചെടുക്കാനാവാത്ത വിധം ചാരനിറത്തില്‍ മുങ്ങിനിവര്‍ന്നു.
രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ ഇല്ലാതാകുമ്പോഴാണ് നിറങ്ങള്‍ ഇല്ലാതെ ലോകം വിരസമാവുന്നത്.

No comments:
Post a Comment