Monday, December 30, 2013

പിറക്കുക ഉണ്ണീ എന്‍
ആത്മതാരില്‍...
..........................................

പിറവി തന്‍ വേദനയില്‍
തേഞ്ഞുതീരട്ടെ
ക്രോധം കനപ്പിച്ച
ഹൃത്തിന്‍റെ ഭിത്തികള്‍

മാഞ്ഞുപോകട്ടെ
സങ്കടത്തിരകള്‍, എന്‍ നാവില്‍
വിരിയട്ടെ എന്നും
കരുണ തന്‍ ശബ്ദം

പോരായ്മകള്‍ തീര്‍ക്കാന്‍
പൂമെയ്യിന്‍ ശാന്തിയായ്
നിറയുകെന്‍ കൈകളില്‍

പിറന്നോരാ രാവിലെ
തൂമഞ്ഞു തുള്ളിയാല്‍
കെടുത്തുകെന്‍
അസൂയാജ്വാലയെ

സഹജനെ കാണാത്തയെന്‍
മിഴികളിലെ
അന്ധതയെടുക്കാനായ്
അറിവാം സ്പര്‍ശനം നല്‍കു

നിറമറ്റു, മണമറ്റു വാടുമെന്‍
ജീവനില്‍ ഉണര്‍ത്തു
കനിവിന്‍ സുഗന്ധവും
ലോകത്തിന്‍ ഉപ്പിന്നുറയും

ആത്മാവിന്‍ വിശപ്പാല്‍
ഞാന്‍ തളരുമ്പോള്‍
ഉള്ളിലുള്ളോരിറ്റു സ്നേഹത്തെ
പതിനായിരങ്ങള്‍ക്കായി
പൊലിപ്പിക്കു സ്നേഹമേ!

ലോകമാം കടലില്‍
കരയെന്തെന്നറിയാതെ
ഉഴന്നുനീങ്ങുമ്പോള്‍
എന്നമരത്തു നീ
കാവലായ് നില്‍ക്കണേ

പിറക്കുക ഉണ്ണീ എന്‍
ആത്മതാരില്‍...
പുലരിപ്രകാശമായ്
പുല്ലോളം എളിമയായ്...

4 comments: