Tuesday, April 22, 2014

മഴത്തുള്ളി അരുവിയോട്...

മഴത്തുള്ളി അരുവിയോട്...

വിങ്ങിഘനീഭവിച്ചോരെന്‍ ദുഖങ്ങളും പേറി 
പൊള്ളുന്ന വേനലിന്‍ ദിനരാത്രങ്ങള്‍ 
എണ്ണിതീര്‍ക്കാനായാകാശക്കോണുകളില്‍ 
അങ്ങോളം ഇങ്ങോളം ഉഴന്നു നടന്നൊടുവില്‍
വീഴുന്നിതാ നിന്‍ മടിയിലേക്ക് വാരി പുണര്‍ന്നെന്‍ 
കണ്ണീര്‍ തുള്ളിയെ നിന്നില്‍ ചേര്‍ക്ക....

അരുവി നദിയോട് .............

നാളേറെയായി നിന്നെ തേടി അലയുന്നു ഞാന്‍
കരിമ്പാറക്കെട്ടുകള്‍ താണ്ടി,
ഉയരങ്ങളും താഴ്വരകളും
മുള്‍പ്പൊന്തകളും മാമരക്കൂട്ടങ്ങളും
കടന്നെന്‍ വേദനകളുടെ നീരൊഴുക്ക്
നിന്നിലലിയിക്കാന്‍...

നദി കടലിനോട്..............

പലര്‍ വന്നു കയറി ഇറങ്ങി
ശുദ്ധാശുദ്ധങ്ങളുടെ പടവുകള്‍ പലതിലും
വഴുതിവീണെന്‍ സിരകള്‍ പലതായി പിളര്‍ന്നു,
പലവഴി പാഞ്ഞൊഴുകിയവള്‍ ഞാന്‍
ചിലയിടങ്ങളില്‍ ക്ഷയം പിടിച്ചു, രൂപസൌകുമാര്യം വറ്റി-
വരണ്ടൊരു എല്ലിന്‍ കൂടുമായി
എന്‍ ശിരസ്സ്‌ നിന്നില്‍ ചേര്‍ത്തു പാപഭാരത്തിന്‍റെ
വിഴുപ്പുഭാണ്ഡം അലക്കി വെളുപ്പിക്കാന്‍....

കടല്‍ സ്വയം..............

വ്യഥകള്‍ കൊണ്ടെന്‍ അന്തരംഗം നിറഞ്ഞു കവിയുന്നു
എന്നാഴങ്ങളില്‍ എന്‍ മോഹഭംഗങ്ങളും
അന്യര്‍ തന്‍ തീരാ യാതനകളും
തള്ളിയാഴ്ത്തിയിട്ട് ഞാന്‍ മുകള്‍പരപ്പില്‍
ശാന്തയായി തിളങ്ങി കിടക്കുന്നു.

ദൂരെയായെങ്ങോ ഒരു തീരമുണ്ട്...
അവിടെയെന്‍ മനം ആരുമറിയാതെ ആര്‍ത്തലച്ചു
തേങ്ങുന്നുമുണ്ട്....

No comments:

Post a Comment