Sunday, June 28, 2015

മരിച്ചവരുടെ സമവാക്യങ്ങള്‍

മരിച്ചവരുടെ സമവാക്യങ്ങള്‍


പൂജ്യത്തിനോട് പോലും കടം 
അവശേഷിപ്പിച്ചു പോന്നയെന്നെയാണ്

കടമകള്‍ തീര്‍ത്തവള്‍ കടന്നു പോയെന്നവര്‍ 
വിശേഷിപ്പിക്കുന്നത്

വീഴാന്‍ തുടങ്ങുന്ന പള്ളിയുടെ പടിക്കെട്ടുകളില്‍ 
ഉപേക്ഷിച്ചു പോന്ന പ്രണയം 
കൂട്ടലുകളിലെ വലിയ കുറവായി 
കടലാസിന്‍റെ മൂലയില്‍ തുടരുന്നു

ഉള്ളതിനെ ഉള്ളത് കൊണ്ട് ഗുണിച്ചും പെരുപ്പിച്ചും 
നല്‍കിയ സ്നേഹങ്ങള്‍ 
ശിഷ്ടമൊന്നും വെക്കാതെ 
പുതിയ സംഖ്യകള്‍ തേടി പോയിരുന്നു

ഇല്ലായ്മകളെ ഹരിച്ചു നോക്കിയപ്പഴോ
വീണ്ടും ഹരിക്കാനാവാത്ത പ്രതിസന്ധി സംഖ്യയും
ജീവിതം = മരണം എന്നൊരു സമവാക്യം 
ചിന്തയിലുണ്ടായിരുന്നു

പക്ഷേ............
ജീവിതത്തില്‍ നിന്ന് നഷ്ടങ്ങള്‍ കുറച്ചപ്പോള്‍
നേട്ടം അഥവാ ലാഭമായി മരണം മാത്രം അവശേഷിച്ചു.
ജീവിതം - നഷ്ടങ്ങള്‍ = മരണം 
മരിച്ചവളുടെ സമവാക്യം

No comments:

Post a Comment