Friday, August 14, 2015

മഴയൊഴുകിയ വഴികള്‍!!


നേര്‍ത്ത കാറ്റ് ലാസ്യഭാവങ്ങളോടെ ജനല്‍വിരികള്‍ ഒതുക്കി അകത്തേക്ക് എത്താന്‍ തുടങ്ങിയിരുന്നു അവള്‍ ഇത് പറയുമ്പോള്‍. വിടര്‍ന്ന കണ്ണുകള്‍ക്ക് കീഴില്‍ തളര്‍ന്നു പോയ ഒരു പക്ഷി വീണുറങ്ങുന്നത് അയാള്‍ അറിഞ്ഞു. താന്‍ എത്ര ശ്രമിച്ചാലും ആ പക്ഷിയെ ഉണര്‍ച്ചയിലേക്ക് കൊണ്ടു വരാന്‍ ആവില്ലേ എന്ന് അതിശയിച്ചു. കടല്‍ക്കരയില്‍ വെച്ചവളെ വില പേശി തന്നവന് ഒരു ഷണ്ഡന്‍റെ മട്ടും ഭാവവുമായിരുന്നോ.... ഓര്‍മ്മയില്ല, അത്തരക്കാര്‍ക്ക് എല്ലാം ഒരേ മുഖച്ഛായയാണെന്ന് തോന്നി. ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ച ചിരിയും കുറുക്കത്തിയുടെ നോട്ടവും.."നിനക്ക് ഞാന്‍ എന്താണ് തരേണ്ടത്?"
"ഈ രാത്രി അവസാനിക്കുമ്പോള്‍ എനിക്ക് പണം തന്ന് എന്നിലെ അവസാനത്തെ ഇറ്റ്‌ ജീവനെയും ഞെരിക്കരുത്"
"പണത്തിനു വേണ്ടിയാണു നീ രാത്രിഞ്ചരജീവിതം തിരഞ്ഞെടുത്തതെന്നിരിക്കെ... "
"അതെ..പണത്തിനു വേണ്ടി തന്നെയാണ് ഞാന്‍ ഈ പണിക്കിറങ്ങിയത്.. പക്ഷെ പണം എനിക്കായിരുന്നില്ല. താലി കെട്ടിയത് കൊണ്ടു ഭര്‍ത്താവായി എന്ന് അവകാശപ്പെട്ട ഒരു മനുഷ്യന് വേണ്ടിയായിരുന്നു. "
"നിനക്ക് സമ്മതമല്ലെന്ന് പറയാമായിരുന്നല്ലോ അയാളോട്..അതോ പല പുരുഷന്മാരെ പ്രാപിക്കാന്‍ അവസരം കിട്ടുമെന്നതില്‍ സന്തോഷിച്ചോ.. " അയാളുടെ സ്വരത്തിലെ പരിഹാസം അവള്‍ കേട്ടില്ലെന്നു നടിച്ചു. അല്ലെങ്കില്‍ തന്നെ അതൊരു ശീലമായി കഴിഞ്ഞിരുന്നു. പെണ്ണിന്‍റെ ശരീരത്തില്‍ കയറിഇറങ്ങുമ്പോഴും അവളെ വേശ്യ എന്ന് വിളിക്കുന്നവന്‍റെ ആത്മ വഞ്ചന എന്നേ മനസ്സിലാക്കി കഴിഞ്ഞതാണ്. പ്രണയം കൊടുമ്പിരികൊണ്ടിരുന്ന യൌവനാരംഭത്തില്‍ തന്നെ കാമുകന് പണയം വെച്ച ശരീരം, നിസ്സാരം ഒരു മദ്യക്കുപ്പിക്ക് വേണ്ടി കാമുകന്‍ കൂട്ടുകാരന് വിറ്റ ആ സന്ധ്യയോടെ ആണിന്‍റെ പരിഹാസം അവന്‍റെ കാമദാഹത്തോടൊപ്പം അവള്‍ക്ക് പരിചിതമായി.
"നിങ്ങളോട് എന്തു കൊണ്ടാണ് ഞാന്‍ പ്രത്യേകത കാണിക്കുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചോ?" ടെലിപ്പതി പോലെ കൃത്യമായി, ചിന്തിച്ചു കൊണ്ടിരുന്നത് അവള്‍ ചോദിച്ചപ്പോള്‍ പുരികം ഉയര്‍ത്തി അയാള്‍ ഉത്തരത്തിനായി കാത്തു. "എന്‍റെ അച്ഛന്റെ ശബ്ദമാണ് നിങ്ങള്‍ക്ക്.. " നിങ്ങളുടെ സൌന്ദര്യം, നിങ്ങളില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ടെന്ന തോന്നല്‍, നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ ആവും എന്ന് തോന്നി എന്നീ ക്ലീഷേ കാരണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി ഇരുന്ന അയാള്‍ ഒന്ന് ഞെട്ടി. ആ ഞെട്ടലിനെ വിദഗ്ദമായ ഒരു മുടിയൊതുക്കല്‍ കൊണ്ട് കണ്ടില്ലെന്നു നടിച്ചു അവള്‍ തുടര്‍ന്നു. "പ്രേമം എന്നു പേരുള്ള, മൃദുല മേനി ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ആ വികൃതജീവിയെ സ്വന്തമാക്കാന്‍ ഞാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ശരീരത്തെക്കാള്‍ ഉപരി തളര്‍ന്ന മനസ്സുമായി, ജീവന്‍ പോകാതെ മണ്ണിലലിയാന്‍ ചുറ്റുമുള്ളവര്‍ സമ്മതിക്കാത്തതിനാല്‍ ഇന്നും മുക്കുറ്റികള്‍ നിറഞ്ഞ മുറ്റമുള്ള വീട്ടില്‍ കഴിയുന്ന എന്‍റെ അച്ഛന്റെ ശബ്ദം... "
കാറ്റ് അതിന്‍റെ വഴിക്ക് പോവുകയും ഒരു നക്ഷത്രം പോലുമില്ലാതെ മാനം വിളറി കിടക്കുകയും രാവ് മാത്രം പൂര്‍വ്വാധികം ശക്തിയോടെ കനം വെച്ചു വരികയും ചെയ്തു.

No comments:

Post a Comment