വെള്ളെലിയുടെ ഹൃദയം
.................................................
.................................................
"നിങ്ങള്‍ എന്തുകൊണ്ടാണ് വെളുത്ത എലികളെ മാത്രം കൂട്ടിലിട്ടു പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് ?" ലിലി വേണുവിനോട് ചോദിച്ചു. നവംബറിലെ അവസാന സന്ധ്യകളിലൊന്നായിരുന്നു അത്..മുകളിലെ സിറ്റ്ഔട്ടിലെ രാമച്ചക്കര്‍ട്ടനുകള്‍ മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിയിരുന്നു. അസ്തമയസൂര്യന്‍റെ ഇളം ചുവപ്പ് കതിരുകള്‍ തെങ്ങോലകള്‍ക്കിടയിലൂടെ അവളെ എത്തി നോക്കിക്കൊണ്ടിരുന്നു. ലാപ്പില്‍ നിന്ന് മുഖമുയര്‍ത്താതെ ഇറുകിയ മുഖത്തോടെ വേണു മറുചോദ്യമുന്നയിച്ചു "എന്താ നിനക്കിപ്പോ അങ്ങനൊരു ചോദ്യം വരാന്‍..എന്താണ് നീ ഉദ്ദേശിച്ചത് ?"
"അതായത്..കറുത്ത എലികളെ ഉപയോഗിക്കാതെ എന്തുകൊണ്ടാണ് വെള്ളെലികളില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നത് എന്ന് ?"
അവയുടെ സൌന്ദര്യം കണ്ടിട്ട് എന്നൊരു തമാശമറുപടി വേണു പറഞ്ഞെങ്കില്‍ എന്നാ നിമിഷം അവള്‍ വല്ലാതെ ആഗ്രഹിച്ചു. പൊള്ളയായെങ്കിലും ഉറക്കെയൊന്നു പൊട്ടിച്ചിരിക്കാന്‍ ഈയിടെയായി അവസരമുണ്ടാവുന്നില്ലല്ലോ എന്ന് അതിശയിച്ചു.. അഥവാ വേണു അങ്ങനെ പറഞ്ഞാല്‍ തന്നെ അത് തമാശയാവില്ലല്ലോ , സത്യമാവില്ലേ എന്നോര്‍ക്കുകയും ചെയ്തു. "മനുഷ്യശരീരത്തോട് ഏറ്റവും അടുത്ത ഘടനയുള്ളവയാണ് എലികള്‍ പ്രത്യേകിച്ച് വെള്ളെലികള്‍, മാത്രവുമല്ല അവ വളരെ ബുദ്ധിയുള്ളവയും ഇടപഴകാന്‍ തുടങ്ങിയാല്‍ വളരെ ഫ്രണ്ട്ലിയുമാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും അത് വഴി കൂടുതല്‍ പരീക്ഷണ വസ്തുക്കളെ നല്‍കാനും കഴിയുമെന്നതും അവയുടെ പ്ലസ് പോയിന്റാണു. " വലിയൊരു ലെക്ചര്‍ കഴിഞ്ഞെന്ന പോലെ വേണു നെറ്റി തിരുമ്മുകയും "ദാറ്റ്‌സ് ഇറ്റ് " എന്ന് ഫിനിഷ് ചെയ്യുകയും ലാപ്പിലെക്ക് വീണ്ടും കൂപ്പു കുത്തുകയും ചെയ്തു.
ആ നിമിഷം അവള്‍ക്ക് വേണു വീട്ടില്‍ സെറ്റ് ചെയ്ത ലാബിലെ ചില്ലുകൂട്ടില്‍ കിടക്കുന്ന വെള്ളെലിയെ കാണണമെന്നു തോന്നി. സങ്കീര്‍ണ്ണമായ വഴികളിലൂടെ സഞ്ചരിച്ച് ഭക്ഷണം കണ്ടുപിടിക്കാനുള്ള എലിയുടെ കഴിവിനെയും മനുഷ്യന്‍റെ കഴിവിനെയും താരതമ്യപഠനം നടത്താന്‍ കൊണ്ടുവന്ന എലിയാണ് അത്. ഇടയ്ക്കിടെ ലാബില്‍ തന്നെ ഒരു മേയ്സ് (MAZE) സെറ്റ് ചെയ്തു ഏതെങ്കിലും കോണില്‍ എന്തെങ്കിലും ഫുഡും വെച്ച് അതിനെ ഇറക്കി വിടും വേണു.ചിലപ്പോള്‍ മുറ്റത്തും അടുക്കള തോട്ടത്തിലും ഈ പരിപാടി നടക്കാറുണ്ട്. അടുത്തു ചെന്നപ്പോള്‍ ER43 എന്ന് പേരുള്ള ആ എലി അവളെ തലയുയര്‍ത്തി നോക്കി. അതിന്‍റെ വെള്ളാരം കണ്ണിന്‍റെ നിഷ്കളങ്കത പെട്ടെന്ന് അവളെ അസ്വസ്ഥയാക്കി.
ആ കണ്ണുകളിലൂടെ ചുറ്റുമുള്ള ലോകത്തെ നോക്കുന്നത് താന്‍ തന്നെയല്ലേ.. സൌഹൃദപരമായി പെരുമാറാന്‍ കഴിവുള്ള ഒരു വെളുത്ത പെണ്ണിനെ ഏതോ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് വേണ്ടി വേണു ഇവിടെ തടങ്ങലില്‍ ഇട്ടിരിക്കുകയാണ്..ചില രാത്രികളില്‍ മാത്രം സ്നേഹം എന്ന് പേരുള്ള ഒന്ന്, ഒരു കട്ടിലിന്‍റെ കാണാക്കോണില്‍ ഒളിപ്പിച്ചു വെച്ചിട്ട് അവളെ ഇറക്കി വിടും..ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം പരീക്ഷണത്തില്‍ തോറ്റ് തളര്‍ന്നവശയായി അവള്‍ മയങ്ങിപ്പോകും. ബാക്കി മുഴുവന്‍ സമയവും ചില്ലുകൂടിന്‍റെ ഈ തലക്കല്‍ തട്ടി തിരിച്ചു അങ്ങേ തലക്കലേക്കും അവിടെ നിന്നിവിടെക്കും എലി നീങ്ങുന്നത് പോലെ അവളും വീടിന്‍റെ ഓരോ കോണിലേക്കും സഞ്ചരിച്ചു, പണ്ടെപ്പഴോ കണ്ടിട്ടുള്ള, കണ്ണുകളില്‍ സ്നേഹം നിറച്ച ഒരു വേണു ഏതോ മൂലയില്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ടെന്നും അവള്‍ അടുത്തെത്തുമ്പോള്‍ ഒരു കുസൃതിച്ചിരിയും ചെറിയ കണ്ണിറുക്കലുമായി അടുത്തേക്ക് വരുമെന്നും അവള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
ഒരുപക്ഷേ ഒരു കറുത്ത എലിയായി ജനിച്ചിരുന്നെങ്കില്‍ ഈ എലിക്ക് കൂട്ടില്‍ കിടക്കേണ്ടി വരുമായിരുന്നോ? സ്വയം തുറന്നു വെച്ച ഒരു പാതയിലൂടെ ഓടിച്ചാടി നടക്കുന്നത് ഈ എലിയും സ്വപ്നം കാണുന്നുണ്ടാവുമോ. പുറത്ത് സന്ധ്യ മയങ്ങുകയും അകത്ത് ഇരുള്‍ നിറയുകയും ചെയ്തു. എലിയുടെയോ അതോ തന്‍റെ തന്നെയോ എന്ന് വ്യക്തതയില്ലാതെ ഒരു ഹൃദയം മിടിക്കുന്ന ശബ്ദം മാത്രം അവള്‍ കേട്ടുകൊണ്ടിരുന്നു.

No comments:
Post a Comment