Friday, March 4, 2016

വീട്ടുടമസ്ഥന്‍

വീട്ടുടമസ്ഥന്‍
...................................
വീട്ടുടമസ്ഥന്‍ ഒരിക്കലും തൃപ്തനല്ലായിരുന്നു.
അപ്പാപ്പന്മാര് കാലങ്ങള്‍ക്ക് മുന്‍പേ ചിറ്റിലപ്പിള്ളിയില്‍ മേടിച്ചിട്ട ഏക്കറുകണക്കിന് തെങ്ങുംപറമ്പും അടക്കാരത്തോട്ടങ്ങളും തന്‍റെ കാലം അവസാനിക്കാറായി എന്ന് തോന്നിയപ്പോള്‍ വീട്ടുടമസ്ഥന്റെ അപ്പന്‍ നാല് ആണ്‍ മക്കള്‍ക്കും വടൂക്കരക്ക് കെട്ടിച്ചു വിട്ട ഒരേയൊരു പൊന്നുമോള്‍ക്കും വീതിച്ചു കൊടുത്തിരുന്നു. വീട്ടുടമസ്ഥന്‍ തനിക്ക് കിട്ടിയതില്‍ പതിനഞ്ചു സെന്റ്‌ ഒഴികെ ഒക്കെ വിറ്റ് ഫിക്സഡ് ഡിപ്പോസിറ്റുകടലാസുകളും ഭാര്യക്കും അന്ന് ജനിച്ചിട്ടില്ലാത്ത മകള്‍ക്കും വേണ്ടി സ്വര്‍ണ്ണവുമാക്കി മാറ്റി . സ്വന്തം ജോലി സ്ഥലത്തിനടുത്തായി ബാംഗ്ലൂരില്‍--ഇന്നത്തെ ബംഗലുരുവില്‍-- ഒരു വീടും വാങ്ങിച്ചു. ഇതൊക്കെയായിട്ടും വീട്ടുടമസ്ഥനു തീരെ തൃപ്തി തോന്നിയില്ല.

ചേട്ടന്മാര്‍ മൂന്നു പേരും നിരനിരയായി എന്ന പോലെ അവനവനു കിട്ടിയ സ്ഥലങ്ങളില്‍ ഒരേ മാതൃകയില്‍ പണി കഴിപ്പിച്ച മൂന്നു വീടുകള്‍ക്കിപ്പുറം തന്‍റെ പതിനഞ്ചു സെന്റില്‍ മുന്‍വശത്തെ പത്തു സെന്റിലെ തെങ്ങുകളെ അങ്ങനെ തന്നെ നിര്‍ത്തി പിറകിലെ അഞ്ചു സെന്ററില്‍ വാടകക്ക് കൊടുക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് അയാള്‍ ഒരു വീട് പണിതു. ഒരു വീട് എന്ന് പറഞ്ഞാല്‍ ഒരു വീടല്ല , മൂന്നു വീടുകള്‍ അല്ലെങ്കില്‍ മൂന്നു താമസ സ്ഥലങ്ങള്‍ ഒരു കെട്ടിടത്തിനുള്ളില്‍ എന്നാണ് പറയേണ്ടത്. അതില്‍ രണ്ടു വീടുകള്‍ വടക്കോട്ടും ഒരു വീട് കിഴക്കോട്ടും ദര്‍ശനമായി നിലകൊണ്ടു.
ഓരോ വീടിനകവശവും തീരെ ചെറുതായിരുന്നു . ചെറിയൊരു വരാന്തയും ഒരു ഡൈനിങ്ങ്‌ ടേബിള്‍, രണ്ടു കസേര എന്നിവ ഇട്ടാല്‍ പിന്നെയിടമില്ലാത്ത ഒരു ഹാളും, ഒരു ചുവരോട്ചേര്‍ത്തിട്ട കട്ടിലിനിപ്പുറത്ത് കക്കൂസിലേക്ക് (കുളിമുറിയും അത് തന്നെ ) പോകാനുള്ള വഴി മാത്രമുള്ള ബെഡ് റൂമും ഹാളിനും ബെഡ് റൂമിനും ഇടയില്‍ ഇത്തിരി പ്പോന്ന ഒരടുക്കളയും അടങ്ങിയ ഒരു പോലത്തെ രണ്ടു വീടുകള്‍ . കിഴക്കോട്ടു മുഖമുള്ള വീട് വീട്ടുടമസ്ഥന്‍ മാസത്തിലൊരിക്കല്‍ ബംഗലുരുവില്‍ നിന്ന് വന്നു താമസിക്കാന്‍ വേണ്ടിയുള്ള ഒരൊറ്റ മുറിയും ടോയ്ലെറ്റും മാത്രം ഉള്ളതായിരുന്നു. ഒരു രാത്രിയും ചിലപ്പോള്‍ ഒന്നോ രണ്ടോ പകലുകളും അയാള്‍ വെപ്പും തീനും കിടപ്പും എല്ലാം അവിടെ കഴിച്ചു. കൊല്ലത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം , ഉരുണ്ട ശരീര പ്രകൃതിയുള്ള അയാളുടെ ഭാര്യയും , ലോകത്തെ മുഴുവന്‍ സംശയത്തോടെ നോക്കുന്ന ഒമ്പതാം ക്ലാസ്സുകാരന്‍ മകനും, എത്രയൊക്കെ സ്വര്‍ണ്ണം അവള്‍ക്ക് വേണ്ടി വാങ്ങി വെച്ചിട്ടുണ്ടെങ്കിലും കുഞ്ഞി ക്കമ്മല്‍ പോലും ഇടാന്‍ ഇഷ്ടമില്ലാത്ത ആറാം ക്ലാസ്സുകാരി മകളും അവിടെ വന്ന് വല്ല വിധേനയും ഒരു രാത്രിയും ഒരു പകലും കഴിച്ചു കൂട്ടി ബാക്കി അവധി ദിവസങ്ങള്‍ അവരുടെ അമ്മ വീട്ടിലേക്ക് പോകുകയും ചെയ്തു.
വാടക വീടുകളില്‍ ഒന്നില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുടെ ഭാര്യയും എട്ടും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും താമസിച്ചു. മറ്റേതില്‍ ടൌണില്‍ ഏതോ ഒരു കമ്പനിയുടെ ഫീല്‍ഡ് ഓഫീസറായി ജോലി ചെയ്യുന്നയാളും അയാളുടെ ഭാര്യയും ഒരു മകനുമാണ് താമസത്തിന് വന്നത്. മാസം മൂവായിരം രൂപ വീതം വാടക രണ്ടു കൂട്ടരും നല്‍കി. കറന്റ് , വെള്ളം എന്നിവക്ക് മൂന്നു കൂട്ടര്‍ക്കും കൂടി ഒറ്റ ബില്‍ ആയിരുന്നു. അത് വാടക വീട്ടുകാര്‍ രണ്ടു കൂട്ടരും കൂടി തുല്യമായി അടച്ചു പോന്നു. വീട്ടുടമസ്ഥന്‍ മാസത്തിലൊരിക്കല്‍ ഉപയോഗിക്കുന്ന കറന്റ് , വെള്ളം ഇത്യാദികള്‍ക്ക് കണക്ക് വെക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ചുവരുകള്‍ വൃത്തി കേടാക്കരുത്, ചെറിയ ഒരാണി പോലും തറക്കരുത് എന്നിങ്ങനെ വീടിനെ സംബന്ധിച്ച് പല നിര്‍ദ്ദേശങ്ങളും വീട്ടുടമസ്ഥന്‍ അവര്‍ക്ക് നല്‍കി. ( എന്നിട്ടും ഒരു വീട്ടില്‍ കര്‍ത്താവിന്‍റെ തിരുഹൃദയം തൂങ്ങിയിരുന്നു )
നല്ല വാടകക്കാരെ കിട്ടാന്‍ ഇക്കാലത്ത് പാടാണ്. സ്വന്തമായി ഒരു തുണ്ട്പോഭൂമി ലുമില്ലാത്ത ഗള്‍ഫുകാരന്‍റെ വീട്ടുകാര്‍ അടുത്തെങ്ങും അവിടെ നിന്നും പോകില്ല എന്നതും ഇത്തിരി മണ്ണ് വാങ്ങിച്ചിട്ടിട്ടുണ്ട് എങ്കിലും ഒരഞ്ചു കൊല്ലത്തേക്കെങ്കിലും വീടിനു തറ മാന്താന്‍ ഫീല്‍ഡ് ഓഫീസര്‍ക്ക് കഴിയില്ലെന്നതും ചെറിയൊരു സന്തോഷം നല്‍കുമെങ്കിലും വീട്ടുടമസ്ഥന്‍ ഒരിക്കലും തൃപ്തനല്ലായിരുന്നു.
സ്വന്തം വീടിന്‍റെ ഇത്തിരി വരാന്തയില്‍ തെങ്ങോലകള്‍ വീഴ്ത്തുന്ന നിഴല്‍ ചിത്രങ്ങളെ നോക്കി കുന്തിച്ചിരിക്കുക യല്ലാതെ മുകളിലേക്ക് നോക്കി ആകാശത്തിന്‍റെ നീലിമ കാണാനോ വാഴക്കയ്യില്‍ വന്നിരുന്നു പാടുന്ന കുരുവിയുടെ മധുരശബ്ദം കേള്‍ക്കാനോ അയാള്‍ക്ക് സാധിച്ചില്ല.

അഞ്ചു വയസ്സുള്ള പെണ്‍കുട്ടി അവളുടെ കൊലുസ്സുകള്‍ കിലുക്കിക്കൊണ്ട് ഓടി നടക്കുകയും അവളുടെ അമ്മയും ചേച്ചിയും പൊട്ടിച്ചിരിക്കുകയും ചെയ്യുമായിരുന്നു. ഫീല്‍ഡ് ഓഫീസറുടെ ഭാര്യ ചിലപ്പോഴൊക്കെ പൊരുത്തലടയും കട്ടന്‍ കാപ്പിയും ഉണ്ടാക്കുകയും മറ്റു ചിലപ്പോള്‍ ഒന്നാം തരം പോത്തിന്‍റെ ബോട്ടിയും കപ്പയും കറി വെക്കുകയും മറ്റേ വാടക വീട്ടുകാരും വീട്ടുടമസ്ഥന്‍ സ്ഥലത്ത് ഉണ്ടെങ്കില്‍ അയാളും ഒപ്പമിരുന്നു കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. സന്ധ്യാ നേരങ്ങളില്‍ രണ്ടു സ്ത്രീകളും തങ്ങളുടെ മക്കളുടെ കുസൃതികള്‍ കണ്ടുകൊണ്ട് ഒരാള്‍ തന്‍റെ ഭര്‍ത്താവിന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായും മറ്റേയാള്‍ തന്‍റെ ഭര്‍ത്താവിന്‍റെ കാള്‍ വരുന്ന മണിയടി ശബ്ദത്തിനായും കണ്ണുകളില്‍ തിളക്കത്തോടെ കാത്തിരിക്കുമ്പോഴും വീട്ടുടമസ്ഥന്‍ അതൃപ്തിയോടെ കൈവിരലുകളില്‍ എന്തോ കണക്കു കൂട്ടിക്കൊണ്ടേയിരുന്നു .

No comments:

Post a Comment