Monday, May 30, 2016

ഒരു വിളിക്കു വേണ്ടി....

ഒരു വിളിക്കു വേണ്ടി....
.........................................................

കറുത്ത ഒറ്റപ്പുള്ളിക്കുത്തുള്ള വെളുത്ത കപ്പിലെ ചായ കൊണ്ടുവച്ച് പ്യുണ്‍ പോളേട്ടന്‍ ചുണ്ടിന്‍റെ കോണിലൂടെയുള്ള ചിരിയും സമ്മാനിച്ച്‌ തിരിഞ്ഞു നടന്നപ്പോഴാണ്, സാമിന് പുല്ലേറ്റുംകരയിലെ പപ്പേട്ടന്റെ ചായക്കടയിലെ ദോശയുടെയും ബീഫിന്റെയും സ്വാദ് വായില്‍ വെള്ളമായും തലയില്‍ ഒരു ആശയമായും നിറഞ്ഞത്‌. വാച്ചില്‍ നോക്കിയപ്പോള്‍ സമയം 3.18. അഞ്ചു മണിക്ക് ഓഫീസ് കഴിഞ്ഞു പുറപ്പെട്ടാല്‍ അവിടെ എത്താന്‍ എട്ടര എങ്കിലും ആകും. അപ്പോഴേക്കും ചായക്കട അടച്ച് പപ്പേട്ടന്‍ വീട്ടിലെത്തും . ചായ പകുതി കുടിച്ച് എണീറ്റു. മാനേജര്‍ രവിദാസന്‍ കണ്ണടച്ച്‌ ഇരിക്കുന്നു കാബിനില്‍. ഉറങ്ങുകയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല. ഡോര്‍ തുറന്നതും കണ്ണ് തുറന്നു ചോദ്യഭാവേന നോട്ടം. വയറിനു നല്ല സുഖമില്ലെന്നും പറഞ്ഞു വെളിയില്‍ ചാടുമ്പോള്‍ നാളത്തെ ലീവിനും കൂടി കാരണം റെഡി ആക്കിവച്ചതില്‍ സന്തോഷം തോന്നി.
"ഡാ, സാമേ നീ എവിടെ പോവാ?" ബാഗെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ കിരണ്‍ അവന്റെ കസേരയില്‍ ഇരുന്നു ചോദിച്ചു. "ഓ, വീട്ടില്‍ പോവാ, വയറിനു നല്ല സുഖം ഇല്ല " ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ ആണ് അവന്‍. പക്ഷെ യാത്രകള്‍ ഒറ്റക്ക് ആവുന്നതാണ് സുഖം. അവന്‍ കൂടെ വന്നാല്‍ രസം പോവും .മാത്രവുമല്ല വെറും ദോശയും ബീഫും കഴിക്കാന്‍ ഇത്ര ദൂരം പോണോ എന്ന ചോദ്യവും ഉണ്ടാവും.
നല്ല ചൂടുകാലമാണെങ്കിലും ബൈക്കില്‍ കാറ്റും കൊണ്ട് യാത്ര ചെയ്യാന്‍ ഒരു സുഖമൊക്കെയുണ്ട്, അടച്ചു പൂട്ടിയ കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആവാത്ത സുഖം. പട്ടണം വലിയ വൈകുന്നേരത്തിരക്കിലേക്കിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഓവര്‍ബ്രിഡ്ജില്‍ ഇപ്പോള്‍ തന്നെ ചെറിയ ഗതാഗതക്കുരുക്കുണ്ട്. അധികം വണ്ടികളില്ലാത്ത വയലിന്‍കരയിലൂടെയുള്ള വീതി കുറഞ്ഞതെങ്കിലും ടാറിംഗ് ചെയ്ത നാട്ടു വഴിയിലേക്ക് കയറുമ്പോള്‍ ലോകം മറ്റൊന്നായി തോന്നും. ആ തോന്നലിനു വേണ്ടികൂടിയാണ് നേരമല്ലാ നേരത്തുള്ള ഈ യാത്ര.

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് . പെങ്ങള്‍ക്ക് വേണ്ടി സെറ്റ് ചെയ്ത ടോണ്‍ ആണ് കേള്‍ക്കുന്നത്. അടുത്തുകണ്ട ബസ്‌ സ്റ്റോപ്പിനു സൈഡില്‍ വണ്ടി നിറുത്തി അവളെ തിരിച്ചു വിളിച്ചു. "ചേട്ടായി വരുമ്പോള്‍ ഒരു ഐ ലൈനര്‍ മേടിച്ചോണ്ട് വരോ..ഞാന്‍ വാങ്ങാന്‍ മറന്നു പോയതോണ്ടാ " പെണ്ണ് കൊഞ്ചുന്നു. ഓ , കൊണ്ടുവരാമെടി എന്നു പറഞ്ഞു കട്ട്‌ ചെയ്യുമ്പോള്‍ പകുതി കേട്ടു "ഐ ടെക്സ് തന്നെ..... "
പപ്പേട്ടന്‍റെ കടയിലേക്ക് കയറി നോക്കുമ്പോള്‍ മറ്റാരോ നിന്ന് ദോശ ചുടുന്നു . ബെഞ്ചിലേക്ക് ഇരുന്നിട്ട് ചോദിച്ചു "പപ്പേട്ടന്‍ എവിടെ ?" ദോശ ചുടുന്ന ആള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു "ഏട്ടന്‍ ആശുപത്രീലാ , ചെറിയൊരു നെഞ്ചു വേദന ..രണ്ടീസായി " . അയാള്‍ കൊണ്ടു വെച്ച ദോശക്ക് മാര്‍ദ്ദവമില്ലെന്നു തോന്നി, തന്‍റെ പാകത്തിന് മൊരിഞ്ഞിട്ടുമില്ല. പപ്പേട്ടന്‍ ചുടുന്ന അരികുകള്‍ മൊരിഞ്ഞ നടുഭാഗം മൃദുവായ ദോശക്ക് വേണ്ടിയാണ് വന്നത്. ബീഫുകറിയില്‍ വെള്ളം ചുവക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞു.
കഴിച്ചെന്നു വരുത്തി കാശ് കൊടുത്തു പുറത്തിറങ്ങി വണ്ടിയില്‍ കയറുമ്പോള്‍ "അനിയാ" എന്നൊരു വിളി "ഇനിയും വരണേ" എന്ന ചിരിയുടെ അകമ്പടിയോടെ കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല . അപ്പോള്‍ മാത്രമാണ് ആ ഒരു വിളിയാണ് മൂന്നര മണിക്കൂറോളം വണ്ടി ഓടിച്ചു തന്നെ ഇവിടെ എത്തിച്ചതെന്ന് സാമിനു തിരിച്ചറിവ് ഉണ്ടായത്. ചില വിളികളാണ് മനുഷ്യനെ ലോകത്തിന്‍റെ ഏതു ദൂരത്തിലേക്കും സമയത്തിലേക്കും മനസ്സിനെയും ശരീരത്തിനെയും എത്തിക്കുന്നതെന്ന് ഐടെക്സ്ന്‍റെ ഐലൈനറിനൊപ്പം അവന്‍ ഓര്‍ത്തെടുത്തു.

No comments:

Post a Comment