Sunday, December 11, 2016

ഡിസംബര്‍ വിടരുന്നത്....

ഡിസംബര്‍ വിടരുന്നത്....
.................................................
"ഞാനൊരിക്കലും ഇതുപോലെ തിരക്കുള്ള ഒരു തെരുവിലൂടെ ഒറ്റക്ക് നടന്നിട്ടില്ല. " നേര്‍ത്ത കുസൃതിച്ചിരിയോടെ സജിനിയെ ഇടംകണ്ണിട്ടു നോക്കിക്കൊണ്ട് ജീന പറഞ്ഞു.
"അതിനു നീ ഒറ്റക്കല്ലല്ലോ , ഞാനില്ലേ കൂടെ? "
"ഒറ്റക്കെന്നുദ്ദേശിച്ചത് അച്ഛനോ അമ്മയോ ഒന്നും ഇല്ലാതെയെന്നാണ്."
"അല്ലല്ലോ, നീയുദ്ദേശിച്ചത് അനോജ് ഇല്ലാതെയെന്നല്ലേ"
"അങ്ങനെയൊന്നുമില്ല " ഇത്തവണ കുസൃതിച്ചുവ ഉണ്ടായിരുന്നില്ല ജീനയുടെ ശബ്ദത്തില്‍ .അതിനെ മറികടക്കാന്‍ വേണ്ടി മാത്രം അവള്‍ ചോദിച്ചു,
"നമുക്കീ തെരുവില്‍ നിന്ന് കടലിന്‍റെ അടുത്തേക്ക് നടന്നാലോ? .. കുറച്ചു ദൂരമുണ്ട് , എങ്കിലും രസമായിരിക്കും ."
ഇരുവശത്തും ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തിനിടയിലൂടെ അവര്‍ കടല്‍ത്തീരത്തേക്ക് നീങ്ങി.
പൊയ്പ്പോയ ഒരു ഡിസംബര്‍ സന്ധ്യയില്‍ കേട്ടുമറന്ന വരികളെയും എഴുതിയവനെയും ജീനയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അങ്ങകലെ നീല കലര്‍ന്ന ചാരനിറം മാത്രം.
"എന്‍റെ ആകാശവും നിന്‍റെ കടലും കൈകോര്‍ത്തിരിക്കുന്നു..
ചക്രവാളങ്ങളില്ലാതെയാകവേ
പങ്കു വെക്കാന്‍ പ്രിയേ
നമുക്കിനിയെന്തുള്ളൂ " .....
അനോജിന്റെ മുഴങ്ങുന്ന സ്വരം.. പണ്ടെന്നോ ആണ്... വേറെ ഒരു സ്ഥലത്ത്, വേറെ ഒരു കാലത്ത് ... അവിടെ ജീനയും അനോജും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ഈ കടല്‍ക്കരയില്‍ മറ്റൊരു കാലമാണ്.
ശിശിരത്തിലെ സന്ധ്യകള്‍ എപ്പോഴും നാടകീയമായിരിക്കും, ഒന്നിനൊന്നു വ്യത്യസ്തവും. ചിലപ്പോള്‍ സൂര്യന്‍ തന്‍റെ സര്‍വ്വപ്രഭാവത്തോടും കൂടെ അസ്തമിക്കുന്നത് കാണാം. നിറങ്ങളുടെ ഒരു മായാപ്രപഞ്ചമായിരിക്കും ആകാശമപ്പോള്‍ . ഇതുപോലെ ചില സന്ധ്യകളില്‍ സ്വന്തം മനസ്സിന്‍റെ അടിത്തട്ടില്‍ എവിടെയോ ഒളിഞ്ഞിരിന്നുകൊണ്ട് എത്തി നോക്കുക മാത്രവും ചെയ്യും. .
"സജിനീ , നീയെന്തേ വിവാഹം കഴിച്ചില്ല, ?" ജീന പെട്ടെന്നാണ് ചോദിച്ചത് .
ചുളിഞ്ഞ പുരികത്തോടെ സജിനി ഒന്ന് നോക്കി.. "ഈ ചോദ്യം വളരെ ഏറെപ്പേര്‍ ചോദിച്ച ചോദ്യമാണ്. ഉത്തരം പറഞ്ഞു ഞാന്‍ മടുത്തതും..സത്യത്തില്‍ ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ ഓരോയിടത്തും വ്യത്യസ്തമാണ് . കാരണം, എന്തുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാതിരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. ചിലരോട് ഞാന്‍ പറഞ്ഞു എന്‍റെ പ്രണയം പരാജയപ്പെട്ടത് മൂലമെന്ന്, മറ്റു ചിലരോട് വീട്ടുകാര്‍ കൃത്യമായി അന്വേഷിച്ചു നടത്തി തരാത്തത് കൊണ്ടെന്നും ഇനിയും ചില ആളുകളോട് ഞാന്‍ കറുത്തവളായത് കൊണ്ട് വിവാഹത്തിന് തയ്യാറായി ആരും വന്നില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്. നിനക്കിതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം .വിശ്വസിക്കാം. "
"ഇത്രയും കാലം കൊണ്ട് എനിക്ക് മനസ്സിലായ ഒരു കാര്യം ഞാന്‍ പറയട്ടെ " ജീന ചോദിച്ചു
"പറയൂ "..ആകാംക്ഷയോടെ സജിനി അനുവാദം കൊടുത്തു.
"ഇവിടെ, ഈ മഹാനഗരത്തില്‍ ഡിസംബര്‍ വിടരുന്നത് പര്‍പ്പിള്‍ നിറത്തിലാണ്. ക്രിസ്മസ് കാക്റ്റസിന്‍റെ മൃദുലമായ പര്‍പ്പിള്‍ പൂക്കള്‍ പോലെ തണുത്ത പ്രഭാതങ്ങളും സന്ധ്യകളും സമ്മാനിച്ചുകൊണ്ട് ഡിസംബര്‍ വിടര്‍ന്നുനിറയുന്നു . "
"അതുകൊണ്ട് ... ?"
"അതുകൊണ്ടൊന്നുമില്ല..തിരികെ നടന്നാലോ നമുക്ക് . ?"
രണ്ടുപേരും കൈ കോര്‍ത്തു പിടിച്ചു തിരികെ നടക്കുമ്പോള്‍ തന്നിലലിഞ്ഞ സൂര്യനെ മുഴുവനായും ഉള്‍ക്കൊള്ളാന്‍ ആവാതെ കടലും കൈപ്പിടിയില്‍ നില്‍ക്കാതെ തന്നില്‍ നിന്നകന്നു പോയ സൂര്യനെ ഓര്‍ത്ത് ആകാശവും ഇരുളിലാഴുകയുമായിരുന്നു.

No comments:

Post a Comment