Sunday, January 1, 2017

ഒരു ചുവന്ന തുമ്പിയുടെ ഓര്‍മ്മക്ക് .......

ഒരു ചുവന്ന തുമ്പിയുടെ ഓര്‍മ്മക്ക് .......
.......................................................................
വഴിയരികിലെ മഞ്ഞപുഷ്പമാണ് 
നിന്‍റെ പ്രണയം 
എത്ര തീവ്രമായിരുന്നു 
എന്നെന്നെയിന്നോര്‍മ്മിപ്പിച്ചത്
അതില്‍ നിന്നു പറന്നകന്ന ചുവന്ന
തുമ്പിയാണ്
തീവ്രതയുടെ ക്ഷണികത
നിമിഷം കൊണ്ടെന്നെ പഠിപ്പിച്ചത്
പിന്നെ ഞാന്‍ നോക്കുമ്പോള്‍
കടല്‍ മുകളിലും
നക്ഷത്രങ്ങള്‍ താഴെയും
നീ തന്ന വാക്കുകള്‍
ദിശയറിയാതെ ഉഴറുകയുമായിരുന്നു
നീയോ...
മണല്‍ കൊണ്ടു കൊട്ടാരങ്ങളുണ്ടാക്കി
ശൂന്യതയിലേക്കവയെ
തട്ടിയെറിയുകയും
പുറം മിനുത്ത നീലപ്പട്ടില്‍
വെണ്‍ശംഖുകളെ തടവിലിടുകയും
തുടര്‍ന്നു കൊണ്ടേയിരുന്നു.
നിന്‍റെ ഹൃദയത്തിലിരുന്നു ഞാന്‍
പാടിയ പാട്ടുകള്‍
ചതുപ്പില്‍ പെട്ട പോലുലഞ്ഞു
നാം പോറ്റിയ
വെള്ള വാലന്‍ തിത്തിരിപ്പക്ഷികള്‍ക്കൊപ്പം
പോകാനിടമില്ലാതലഞ്ഞു

No comments:

Post a Comment