Tuesday, May 30, 2017

ബാത്ഷേവ

ബാത്ഷേവ
..........................
ഇന്ന് ആ ശ്മശാനത്തിലേക്ക് എനിക്ക് കടന്നുചെല്ലേണ്ടി വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു.
അവിടെ ധാരാളം പൈന്‍ മരങ്ങളുണ്ട്. ഇന്നലത്തെ കാറ്റിലും മഴയിലും പൈന്‍ മരത്തിന്‍റെ കായകള്‍ കൊമ്പോടുകൂടി ഒടിഞ്ഞു വീണുകാണുമെന്നും അവ പെറുക്കിക്കൂട്ടി കൊണ്ടുവന്ന് നിറങ്ങള്‍ കൊടുത്ത് അലങ്കാരവസ്തുവാക്കി സ്വീകരണമുറിയില്‍ വെക്കണമെന്നും രാവിലത്തെ നടത്തത്തിനിടയില്‍ സുനുവിന് വല്ലാത്ത ആഗ്രഹം.
നേര്‍ത്ത തണുപ്പുണ്ടെങ്കിലും തെളിഞ്ഞ സൂര്യപ്രകാശത്തില്‍ മനോഹരിയായി പ്രഭാതം നിലകൊള്ളുന്നതിന്‍റെ പ്രസരിപ്പ് മൂലമാവണം പോകും വഴി അവള്‍ നിറുത്താതെ ഏതൊക്കെയോ പാട്ടുകള്‍ മൂളിക്കൊണ്ടിരുന്നു.
എനിക്കാകട്ടെ ഇത്തരം പ്രഭാതങ്ങള്‍ നിശബ്ദമായി ആസ്വദിക്കാന്‍ ആണിഷ്ടം. ഒരു വെയില്‍നാളത്തെ നിഴല്‍ കൊണ്ടുപോലും തടസ്സപ്പെടുത്താതെ അത്രയും സ്വച്ഛമായി....
ശ്മശാനത്തിന്‍റെ വലിയ വാതില്‍ അടഞ്ഞു കിടന്നു. അതിനടുത്ത് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കടക്കാന്‍ പാകത്തിലുള്ള ചെറിയ ഗേറ്റ് തുറന്നിട്ടിട്ടുണ്ട്. ഇവിടെ ഞാന്‍ മുന്‍പും വന്നിട്ടുണ്ട്. മരിച്ചുകിടക്കാന്‍ പറ്റിയ ഇടമെന്ന് പല പ്രാവശ്യം സ്വയം പറഞ്ഞിട്ടുണ്ട്.
ഒരു ചെറിയ കുന്നിന്‍ മുകളിലെ ഈ ശ്മശാനത്തില്‍ നിന്നാല്‍ മൂന്നോ നാലോ കിലോമീറ്ററുകള്‍ക്കപ്പുറത്തെ ലെബനോന്‍ മലനിരകളെ തൊട്ടടുത്ത്‌ എന്നപോലെ കാണാം. ആ മലനിരകളില്‍ നിറഞ്ഞു കാണുന്ന പച്ചപ്പ്‌ ദേവദാരുക്കള്‍ ആണെന്ന് ഉള്‍ക്കണ്ണ് കൊണ്ടു കണ്ടറിയാം. ദേവദാരുക്കള്‍ ഒരിക്കലും പൂക്കാറില്ല എന്നും "ദേവദാരു പൂത്തു...." എന്ന മലയാളം പാട്ടെഴുതിയ ആള്‍ക്ക് ആ സത്യം അറിയാമായിരിക്കുമോ എന്നും അപ്പോള്‍ ആലോചിക്കും.
ആ മലനിരകളുടെ ഇടതു വശം അവസാനിക്കുന്നത് മെഡിറ്ററേനിയനിലാണ്. സമുദ്രത്തിലേക്ക് മുട്ടുകാലോളം നനച്ചുകൊണ്ട് ഇറങ്ങി നില്‍ക്കുന്ന "റോഷ് ഹാ നിക്ര" എന്ന പാറവിളുമ്പും അതിനുള്ളിലെ ഗുഹയിലേക്കിറങ്ങുന്ന കവാടവും കാണാം.
ഇടതുവശം കടലും മുന്‍വശം മലകളും വലതുവശം ചെറിയ കാടുമായ ഈയിടത്തല്ലാതെ വേറെയെവിടെയാണ് സമാധാനമായി മരിച്ചുകിടക്കാനാവുക. മുണ്ടൂര്‍ പള്ളിക്ക് മുന്‍പിലെ ആ സെമിത്തേരിയില്‍ കിടന്നാല്‍ തൃശൂര്‍ - കുന്നംകുളം റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ ശരീരത്തില്‍ കൂടി കയറി ഇറങ്ങുന്ന പ്രതീതിയെ ഉണ്ടാകൂ. മരിച്ചുകഴിഞ്ഞാല്‍ എങ്കിലും സമാധാനം അത്യാവശ്യമാണ്.
ജീവിതം ഏറ്റവുമധികം തിരിച്ചറിയപ്പെടുന്നത് ശ്മശാനങ്ങളിലാണെന്ന് തോന്നുന്നു. ഓരോ കല്ലറക്കുള്ളിലും ഉറങ്ങിക്കിടക്കുന്ന ഓരോ തരത്തിലുള്ള സന്തോഷങ്ങള്‍ , വേദനകള്‍, തമാശകള്‍, സാഹസികതകള്‍............
മണ്ണിനോട് ചേരുന്ന അനവധിയനവധി കോശങ്ങള്‍ക്കൊപ്പം പുറംലോകം അറിയാത്ത നൂറായിരം രഹസ്യങ്ങള്‍ , സത്യങ്ങള്‍, വെല്ലുവിളികള്‍ ...
 മരിക്കും മുന്‍പ് ഓരോരുത്തരും പറയണമെന്ന് ആഗ്രഹിച്ച വാക്കുകള്‍, എഴുതണമെന്നാഗ്രഹിച്ച കത്തുകള്‍, ഉത്തരം ലഭിക്കണം എന്നാശിച്ച ചോദ്യങ്ങള്‍, കേള്‍ക്കണം എന്നാഗ്രഹിച്ച ചില ശബ്ദങ്ങള്‍ ഒക്കെയായിരിക്കണം കുഞ്ഞുനീലപ്പൂക്കളായും കൂനനുറുമ്പുകളായും ചെറുകിളികളായും അവിടെ ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നത് എന്ന് ഞാന്‍ സങ്കല്‍പ്പിച്ചു.
ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്ന കല്ലറക്ക് മുകളിലെ മൂന്നുനാല് ചെറിയ ഉരുളന്‍കല്ലുകള്‍ എന്തിന്‍റെ പ്രതീകമാക്കണം എന്ന് തീരുമാനമാകും മുന്‍പേ സുനു വിളിച്ചു.
"നോക്ക്യേ പെണ്ണെ എന്തു രസമാ ഈ വള്ളിച്ചെടിയിലെ പൂക്കള്‍ കാണാന്‍.."
അവള്‍ നില്‍ക്കുന്നത് രണ്ടു കല്ലറകള്‍ അടുപ്പിച്ചു പണിതിരിക്കുന്നതിന്‍റെ തലക്കലാണ്. ആ രണ്ടു കല്ലറകളുടെയും ശിരസ്സ്‌ വരുന്ന ഭാഗം ഉയര്‍ത്തിപ്പണിതിട്ടുണ്ട്. അവിടെ രണ്ടിലേക്കും പടര്‍ന്നൊരു വള്ളിച്ചെടി നില്‍ക്കുന്നു. ആ ചെടിയുടെ പേര് "ബാത്ഷേവ" എന്നാണെന്ന് എനിക്കറിയാം. നല്ല കട്ടിയും തിളക്കവുമുള്ള ഇലകള്‍ , വളരെ നേര്‍ത്ത റോസ് നിറമുള്ള ദലങ്ങളും ബ്രൌണോ ചുമപ്പോ എന്ന് തിരിച്ചറിയാത്ത നടുഭാഗവുമുള്ള ചെറിയ പൂക്കുലകള്‍. നാട്ടിലെ ചെത്തിപ്പൂക്കളോട് രൂപസാമ്യം ഉണ്ടെങ്കിലും ഇവ താഴേക്ക് തൂങ്ങിക്കിടക്കുന്നവയാണ്.
ഒറ്റനോട്ടത്തില്‍ പ്ലാസ്റ്റിക്‌ ചെടിയും പൂക്കളും ആണെന്നെ തോന്നൂ. അവളോട്‌ അതിന്‍റെ പേര് ഞാന്‍ പറഞ്ഞുകൊടുത്തു. "അതെന്താ അങ്ങനെ പേര് വരാന്‍ കാരണം" എന്നായി അടുത്ത ചോദ്യം. ബാത്ഷേവ എന്നാല്‍ ഏഴാമത്തെ മകള്‍ എന്നാണ് ഹീബ്രുവില്‍ അര്‍ഥം. ബൈബിളിലേക്ക് പോകേണ്ടി വരും "എന്ത്കൊണ്ട് ഏഴാമത്തെ മകള്‍" എന്ന അടുത്ത ചോദ്യത്തിന് ഉത്തരം കിട്ടാന്‍.
പൊയ്ക്കോട്ടേ എന്ന് അവളോടു ഞാന്‍ അനുവാദം ചോദിച്ചു. അത്ര രസമില്ലാത്ത മട്ടില്‍ അവള്‍ തലകുലുക്കിയപ്പോള്‍ ഞാന്‍ തുടര്‍ന്നു.
"ബി.സി. ആയിരത്തിപ്പത്തിനു ശേഷം ദാവീദ് രാജാവിന്‍റെ ഭരണകാലം.
അഹിത്തോഫെലിന്‍റെ മകന്‍ എലിയാമിന്‍റെ ഏഴാമത്തെ മകള്‍ ബാത്ഷേവ.
അവള്‍ ഹിത്യനായ ഊറിയായുടെ ഭാര്യ.
ദാവീദ് രാജാവ്‌ ഒരു ദിവസം മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ സുന്ദരിയായ ബാത്ഷേവ കുളിക്കുന്നത് കണ്ടു.
അവളെ കണ്ട് ദാവീദ് രാജാവ്‌ അനുരാഗപരവശനായി എന്ന് ബൈബിള്‍ പറയും.
എന്നാല്‍ കുളിക്കുന്ന സ്ത്രീയെ കണ്ട് രാജാവ്‌ കാമപരവശനായി എന്നേ ഞാന്‍ പറയു.
ഏതു രാജാവായാലും പുരുഷനാണോ അതായിരിക്കും സത്യം.
 അതൊക്കെ ശരി തന്നെ അനുരാഗവും കാമവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ തന്നെ. സമ്മതിച്ചു. പക്ഷേ മുഖം പോലും കാണും മുന്‍പ് അകലെ നിന്നു കുളിക്കുന്ന സ്ത്രീയുടെ ശരീരം കണ്ടാല്‍ അനുരാഗം വന്നു എന്ന് പറയുന്നതിനേക്കാള്‍ കാമമോഹം വന്നു എന്ന് പറയുന്നതല്ലേ ശരി ?... "
"എന്നിട്ടോ .... ?"
"എന്നിട്ടെന്താ..രാജാവല്ലേ .. ഉടന്‍തന്നെ അവളെ ആളയച്ചു കൊട്ടാരത്തില്‍ വരുത്തി ഒപ്പം ശയിച്ചു.
( വീണ്ടും ബൈബിള്‍ പറയുന്നത് കണ്ടോ... "ഒപ്പം ശയിച്ചു"..... ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് തുറന്നു പറയാന്‍ ബൈബിളിനു മടിയാണ്. ) യുദ്ധത്തിനു പോയ ഊറിയാ തിരിച്ചു വരുമ്പോഴേക്കും ഭാര്യ ഗര്‍ഭിണി ആയിരുന്നു.
ഊറിയായെ ഒഴിവാക്കാന്‍ രാജാവ്‌ അവനെ വീണ്ടും യുദ്ധത്തിനു പറഞ്ഞയച്ചു. മുന്‍നിരയില്‍ അവനെ നിറുത്തി സൈന്യത്തോട് പിന്‍വാങ്ങാനും കല്‍പ്പിച്ച ദാവീദുരാജാവ്‌ സ്ത്രീയുടെ സൌന്ദര്യത്തിനു മുന്‍പില്‍ രാജനീതി മറന്നു. ശത്രുസൈന്യത്താല്‍ ഊറിയാ കൊല്ലപ്പെട്ടു. ബാത്ഷേവയെ ദാവീദ് രാജാവ്‌ വിവാഹം ചെയ്തു. "
"എനിക്ക് വേദപുസ്തകത്തില്‍ വായിച്ചതില്‍ വെച്ച് ഏറ്റവും വെറുപ്പ് തോന്നിയതും കൃത്യമായി എഴുതിവെക്കപ്പെട്ടതുമായ പരസ്ത്രീഗമനവും വിവാഹവും ഇതാണ്. ആ വിവാഹശേഷം ബാത്ഷേവ പ്രസവിച്ചു . ആ കുട്ടിക്ക് തീരെ ആരോഗ്യമുണ്ടായിരുന്നില്ല എന്നും വളരെ താമസിയാതെ മരിച്ചുപോയി എന്നും ബൈബിള്‍ പറയുന്നു. സത്യം ആര്‍ക്കറിയാം. രാജാവിന് ഒരു സ്ത്രീയില്‍ വിവാഹത്തിന് മുന്‍പുണ്ടായ കുട്ടിയെ അക്ഷരം കൊണ്ടെങ്കിലും കൊന്നല്ലേ മതിയാകൂ. ഇത്രയും പറഞ്ഞിട്ടും സുനു , നിനക്ക് ബാത്ഷേവയെ മനസ്സിലായില്ല അല്ലേ..എങ്കില്‍ ഇനി പറയാന്‍ പോകുന്ന പേര് കേട്ടാല്‍ അവളെ നിനക്ക് മനസ്സിലാകും. അതേ , ആ ബാത്ഷേവയാണ് സോളമന്‍ എന്ന മഹാനായ ഉത്തമഗീതരാജാവിന്‍റെ അമ്മ. രാജമാതാ.... ...
(നോ.. നോ.. നോട്ട് ശിവഗാമി ) രാജമാതാ ബാത്ഷേവ..
കണ്ടോ, പെട്ടെന്ന് മനസ്സിലായി ഇല്ലേ..
"നമുക്ക് വയലിലേക്ക് പോകാം,
ഗ്രാമത്തില്‍ ഉറങ്ങാം
രാവിലെ മുന്തിരിതോട്ടത്തിലേക്ക് പോകാം
മുന്തിരി മൊട്ടിട്ടോ എന്ന് നോക്കാം.
മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്ന് നോക്കാം "
ഒരു മലയാളസിനിമ ഓര്‍മ്മ വരുന്നില്ലേ..."
"ബൈബിള്‍ വീണ്ടും പറയും ഉത്തമഗീതം സഭയും ക്രിസ്തുവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു എന്ന്. പക്ഷേ ഞാന്‍ പറയുന്നു പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെ വിശുദ്ധഗ്രന്ഥത്തില്‍ എഴുതിവെച്ചിരിക്കുന്നു എന്ന് തുറന്നു പറയാന്‍ ബൈബിളിനു മടിയാണ്. "
അവള്‍ക്ക് കോപം വന്നു ."ഇതാണ് നിന്നോട് ഞാന്‍ ഒരു സംശയവും ചോദിക്കാത്തത്.. നീ ഉത്തരം പറഞ്ഞു തരുമ്പോള്‍ ഏതൊരു കാര്യത്തെക്കുറിച്ചും എനിക്കുണ്ടായിരുന്ന നല്ല ധാരണകളെ നീ കളയുന്നു. പകരം ചിന്താക്കുഴപ്പം കൊണ്ടു നിറക്കുന്നു. മതി മതി ..എനിക്കിനി കേള്‍ക്കണ്ട." കോപിച്ചാല്‍ അവളെ കാണാന്‍ രസമാണ്. അവളുടെ ചെറിയ കണ്ണുകള്‍ ഒന്നുകൂടി ഇടുങ്ങും. നെറ്റിക്ക് നടുവില്‍ ഒരു വര തെളിയും. പൂച്ചക്കുട്ടി വായ് പൊളിക്കും പോലെ വായ്‌ പൊളിച്ചാല്‍ തീരെ കനമില്ലാത്ത വാക്കുകള്‍ പുറത്തേക്കു കേള്‍ക്കും. അവള്‍ കോപിച്ചാല്‍ എനിക്ക് ചിരിയാണ് വരാറ്. ഇപ്പറഞ്ഞത് അവള്‍ അറിയണ്ട, നമുക്കിടയില്‍ ഒരു രഹസ്യമായി ഇരിക്കട്ടെ.
"ഇല്ലെടി സുനു....ഇത്കൂടി കേള്‍ക്കൂ......ഈ കല്ലറകള്‍ ഷാരോണിന്‍റെയും അവളുടെ ആദ്യഭര്‍ത്താവ് എലയാസറിന്‍റെയും ആണ്. ഷാരോണ്‍ എലയാസറിനെ ഉപേക്ഷിച്ചു മറ്റൊരുവന്‍റെ കൂടെ പോയ രാത്രിയില്‍ തോക്കെടുത്ത് സ്വയം വെടി വെച്ച് മരിക്കും മുന്‍പ് അയാള്‍ അന്ത്യാഭിലാഷം എന്ന നിലയില്‍ എഴുതി വെച്ചിരുന്നുവത്രേ സാധിക്കുമെങ്കില്‍ ഷാരോണ്‍ മരിക്കുമ്പോള്‍ അയാളുടെ കല്ലറക്ക് അടുത്ത് അവളെ അടക്കം ചെയ്യണം എന്ന്. അവളെ പ്രണയിച്ചു കൊതി തീരാത്ത അയാള്‍ മരണശേഷം അടുത്തടുത്ത്‌ കിടന്നെങ്കിലും പ്രണയിക്കാം എന്ന് കരുതിയിരുന്നിരിക്കാം. ഇവരുടെ കല്ലറയില്‍ ബാത്ഷേവ എന്ന ഈ വള്ളിച്ചെടി തികച്ചും അനുയോജ്യമാണ്. നമുക്ക് പോകാന്‍ നോക്കാം. നിനക്ക് പൈന്‍ കായകള്‍ കിട്ട്യോ.. "
"അപ്പോള്‍ ഈ ബാത്ഷേവച്ചെടി സോളമന്‍ രാജാവിന്‍റെ അമ്മക്ക് ഇഷ്ടപ്പെട്ട ചെടി ആയിരുന്നോ അതോ അവരുടെ സൌന്ദര്യത്തിന്‍റെ ഓര്‍മ്മക്കാണോ ഈ ചെടിക്ക് ആ പേര് വന്നത്...?"അവളുടെ സംശയം തീര്‍ന്നിട്ടില്ല..ഇനിയൊട്ടു തീരുകയുമില്ല.
തലേന്നത്തെ കാറ്റില്‍ പൊഴിഞ്ഞ പൈന്‍കായ്കള്‍ മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്നിരുന്നു. അതിലൊന്ന് കയ്യില്‍ എടുക്കുമ്പോഴേക്കും അതിന്‍റെ ഇതളുകള്‍ പോലെ കട്ടിയുള്ള ഭാഗങ്ങള്‍ അടര്‍ന്നു പൊയ്‌ക്കൊണ്ടിരുന്നു.
"എന്തായാല്‍ നമുക്കെന്താ....ആ ചെടിയുടെ പേരിനു പിന്നില്‍ ഒരു സ്ത്രീയുടെ മോഹിപ്പിക്കുന്ന സൗന്ദര്യവും അവളെ സ്വന്തമാക്കാന്‍ ചതിപ്രയോഗത്തിലൂടെ നടത്തിയ കൊലപാതകവും ഉണ്ടെന്നു മാത്രം ഓര്‍ത്താല്‍ മതി. ഇപ്പോള്‍ നമുക്ക് പോകാം ..
ഇനിയും വരാം സുനു. വീണ്ടും കാറ്റും മഴയും കഴിഞ്ഞൊരു ദിവസം, ഈ സെമിത്തേരിക്ക് ഇനിയും പറയാനുണ്ട്. നമുക്കിനിയും വരണം .... "

1 comment: